thiruvananthapuram local

ആസ്തി സംരക്ഷണത്തില്‍ ഗുരുതര വീഴ്ച; നെല്ലനാട് പഞ്ചായത്തില്‍ കോടികളുടെ നഷ്ടം

വെഞ്ഞാറമൂട്: തനത് ആസ്തികള്‍ സംരക്ഷിക്കുന്നതില്‍ നെല്ലനാട് പഞ്ചായത്തില്‍ ഗുരുതരമായ വീഴ്ച. അധികൃതരുടെ അനാസ്ഥ വരുത്തിവച്ചത് കോടികളുടെ നഷ്ടം.
എന്നാല്‍ ഇവയൊന്നും ബന്ധപ്പെട്ടവരുടെ കണ്ണില്‍പ്പെടുന്നില്ലെന്നാണ് ആക്ഷേപം. സ്വന്തം ആസ്തികള്‍ സംരക്ഷിക്കുന്നതിനാവണം ഗ്രാമപ്പഞ്ചായത്തുകള്‍ പ്രഥമ പരിഗണന നല്‍കേണ്ടതെന്ന പഞ്ചായത്തീരാജ് ആക്ട് നില്‍ക്കുമ്പോഴാണ് ഈ ദുസ്ഥിതി. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തയും, പൊതു ശ്മശാനം, സ്ലോട്ടര്‍ഹൗസ്, മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ തുടങ്ങിയവ ദശാബ്ദങ്ങളായി കടലാസിലുറങ്ങുമ്പോഴാണ് ഭാവനാശൂന്യമായ പദ്ധതികള്‍ക്കായി പണം മുടക്കി അവ പാതിവഴിക്കുപേക്ഷിച്ച് കോടികളുടെ നഷ്ടം വരുത്തിയിരിക്കുന്നത്.
നെല്ലനാട് ടൗണില്‍ തന്നെ കൊട്ടാരക്കരക്കുളത്തിനോടനുബന്ധിച്ച് ഒരു പൊതു ശൗചാലയം പണിത് പാതി വഴിക്കുപേക്ഷിച്ചിട്ട് 15 വര്‍ഷം പിന്നിടുന്നു. ലക്ഷങ്ങള്‍ മുടക്കിയാണ് പദ്ധതിയ്ക്കായുള്ള കെട്ടിടങ്ങള്‍ നിര്‍മിച്ചത്. കെട്ടിടം നിര്‍മിച്ച വസ്തുവിനുംവരും അരക്കോടിയിലെറെ വില. എന്നാല്‍ നിര്‍മാണം കഴിഞ്ഞ് വൈദ്യൂതീകരണവും മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കി പ്രവര്‍ത്തിപ്പിക്കുന്നതിന് പകരം നിസ്സാരമായ കാരണത്താല്‍ ഉപേക്ഷിച്ചതോടെ ഉദ്ദേശലക്ഷ്യം പൂര്‍ത്തിയായില്ലെന്നു മാത്രമല്ല ഖജനാവിന് ഒരു കോടിയിലേറെ രൂപയുടെ നഷ്ടവുമുണ്ടായി. പഞ്ചായത്തില്‍ തന്നെ മണലിമുക്കില്‍ അരയേക്കറോളം ഭൂമി കാടുകയറി നശിക്കുന്ന അവസ്ഥയിലാണ്. ഇതും 15 വര്‍ഷം മുമ്പ് വാങ്ങിയതാണ്. വെഞ്ഞാറമൂട് ഗവ. ഹെയര്‍ സെക്കന്‍ഡറി സ്‌കൂളിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന യുപി വിഭാഗം ഈ ഭൂമിയിലേ മാറ്റുകയായിരുന്നു ലക്ഷ്യം. എന്നാല്‍ പദ്ധതി നടപ്പായില്ല. ഇതിനും കോടികള്‍ വില മതിക്കും. ടൗണില്‍ നിന്നും അല്‍പം മാറി കിഴക്കേറോഡില്‍ ചന്തയ്ക്ക് സമീപത്തായി അരയേക്കറോളം വസ്തുവില്‍ സ്വകാര്യബസ്സ് സ്റ്റാന്റിനായി കെട്ടിടം കെട്ടി ഉദ്ഘാടനവും നടത്തി ഉപേക്ഷിച്ചിരിക്കുയാണ്. ടൗണിനോട് ചേര്‍ന്നുള്ള ഈ വസ്തുവിനും കെട്ടിടങ്ങള്‍ക്കും കൂടി അഞ്ച് കോടിയെങ്കിലും ലഭിക്കും. ഇപ്പോള്‍ പകല്‍ മല്‍സ്യമൊത്തവിതരണ കേന്ദ്രമായ ഇവിടം രാത്രി സാമൂഹികവിരുദ്ധരുടെ താവളമാണ്. ഭഗവതിക്കോണം കോളനിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സാംസ്‌ക്കാരിക നിലയം പണിതിരുന്നു. എന്നാല്‍ വര്‍ഷങ്ങളോളം ആരും തിരിഞ്ഞുനോക്കാതെ കിടന്ന നിലയം മൂന്നുവര്‍ഷം മുമ്പ് പൂര്‍ത്തിയാക്കി ഉപേക്ഷിച്ചു. ഇപ്പോള്‍ പ്രദേശത്തെ ഒരു ക്ലബ്ബ് ഇത് കൈയടക്കിയിരിക്കുകയാണ്. നെല്ലനാട് പഞ്ചായത്ത് കാല്‍നൂറ്റാണ്ടുമുമ്പ് 50സെന്റ് സ്ഥലം വാങ്ങിയിരുന്നു. എന്നാല്‍ ഇതും ആരും തിരിഞ്ഞുനോക്കാതായതോടെ അനധികൃതകൈയേത്തിലാണ്. ഒപ്പം, പഞ്ചായത്തിന്റെ തന്നെ അധീനതയില്‍ വരുന്ന ശുദ്ധജല തടാകങ്ങളും, തോടുകളും, അതിന് ചുറ്റുമുള്ള റവന്യു പുറമ്പോക്ക് ഭൂമികളും ഒക്കെത്തന്നെ അനധികൃത കൈയേറ്റം മൂലം നശിക്കുന്നു. കോടികള്‍ വിലമതിക്കുന്ന വസ്തുക്കള്‍ ഉപയോഗമില്ലാതെ നശിക്കുകയും പഞ്ചായത്ത് ഭൂമികള്‍ കൈയേറ്റങ്ങളിലൂടെ അന്യാധീനപ്പെടുമ്പോഴും ആവശ്യമായ പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ മുതിരാത്തത് പ്രശ്‌നത്തിന്റെ തീവ്രത നാള്‍ക്കുനാള്‍ വര്‍ധിപ്പിക്കുന്നു.
Next Story

RELATED STORIES

Share it