wayanad local

ആസൂത്രണത്തിലെ അസാശാസ്ത്രീയത: പുല്‍പ്പള്ളിയിലെ ഭവനനിര്‍മാണ പദ്ധതി അനിശ്ചിതത്വത്തില്‍

പുല്‍പ്പള്ളി: കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് പുല്‍പ്പള്ളി പഞ്ചായത്തില്‍ ആവിഷ്‌കരിച്ച ഭവന നിര്‍മാണ പദ്ധതിയുടെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലായി. പദ്ധതി ആവിഷ്‌ക്കരിച്ചതിലെ ക്രമക്കേടും ഓരോ വര്‍ഷവും 30 ലക്ഷം രൂപ വീതം പലിശ ഇനത്തില്‍ അടക്കേണ്ടിവരുമെന്നതുമാണ് പദ്ധതിയുടെ നടത്തിപ്പ് അനിശ്ചിതത്വത്തിലാകുവാന്‍ കാരണം.കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു പഞ്ചായത്തിലെ 120 ഭവനരഹിതര്‍ക്ക് വീട് നല്‍കുന്ന ഭവന നിര്‍മാണ പദ്ധതി പഞ്ചായത്ത് അധികൃതര്‍ ആവിഷ്‌ക്കരിച്ചത്.
വീട് നിര്‍മിക്കുന്നതിനായി ഓരോ ഗുണഭോക്താവിനും രണ്ട് ലക്ഷം രൂപ വീതം നല്‍കുവാനായിരുന്നു പദ്ധതി. 120 കുടുംബങ്ങള്‍ക്ക് വീട് നല്‍കുന്നതിനായി പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍നിന്നും രണ്ട് കോടി നാല്‍പത് ലക്ഷം വായ്പവാങ്ങാനും ഭരണസമിതി തീരുമാനിച്ചിരുന്നു. 9.5 ശതമാനമായിരുന്നു പലിശ കണക്കാക്കിയിരുന്നത്. പലിശ തുക ഓരോ വര്‍ഷവും പഞ്ചായത്തിന്റെ തനതുഫണ്ടില്‍ നിന്നോ സര്‍ക്കാര്‍ ഫണ്ടില്‍ നിന്നോ തിരിച്ചടക്കുവാനായിരുന്നു തീരുമാനിച്ചിരുന്നത്. വായ്പാ തുക 10 വര്‍ഷം കൊണ്ട് ഓരോ വര്‍ഷത്തേയും പദ്ധതി വിഹിതത്തില്‍ നിന്നും തിരിച്ചടക്കുവാനുമായിരുന്നു പദ്ധതി തയ്യാറാക്കിയത്.
പഞ്ചായത്തിലെ ഓരോ വാര്‍ഡിലും ആറ് വീട് പ്രകാരം 20 വാര്‍ഡുകളില്‍ 120 വീട് നിര്‍മിക്കുവാനായിരുന്നു പദ്ധതി.പദ്ധതി നടത്തിപ്പിന് സര്‍ക്കാരില്‍ നിന്നും അനുമതി ലഭിച്ചതിനുശേഷം ഗുണഭോക്താക്കളില്‍ നിന്നും അധികൃതര്‍ അപേക്ഷയും സ്വീകരിച്ചിരുന്നു.
എന്നാല്‍ ഇന്ദിര ആവാസ് യോജന പദ്ധതിപ്രകാരം പഞ്ചായത്തിലെ ചില വാര്‍ഡുകളില്‍ മറ്റ് ചിലര്‍ക്ക് വീട് നല്‍കുന്നതിനുള്ള പദ്ധതിയും പഞ്ചായത്ത് അധികൃതര്‍ തയാറാക്കിയിരുന്നു. ഒരേ സമയം രണ്ട് ഭവന നിര്‍മാണ പദ്ധതി നടപ്പാക്കുന്നതിനെതിരെ ആസൂത്രണവകുപ്പ് അധികൃതര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ഒരുസമയം ഒരു പദ്ധതി നടപ്പാക്കിയാല്‍ മതിയെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.അപ്പോഴേക്കും പഞ്ചായത്ത് ഭരണസമിതിയുടെ കാലാവധി കഴിയുകയും പുതിയ ഭരണസമിതി അധികാരത്തില്‍ വരുകയും ചെയ്തു. ശേഷം രണ്ട് പദ്ധതികളും നടപ്പാക്കുവാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പുതിയ ഭരണ സമിതി സര്‍ക്കാരിലേക്ക് അപേക്ഷ നല്‍കുകയും ചെയ്തു. എന്നാലിതുവരെ മറുപടി പോലും ലഭിച്ചിട്ടില്ല.
അതിനിടെ രണ്ട് പദ്ധതികളും ഒന്നിപ്പിച്ച് ഒറ്റ പദ്ധതിയാക്കി നടപ്പാക്കുവാന്‍ അധികൃതര്‍ ആലോചിച്ചുവെങ്കിലും ഇന്ദിര ആവാസ് യോജന പദ്ധതിയിലുള്ളവര്‍ക്ക് മുന്‍ഗണന നഷ്ടമാകുമെന്നതിനാല്‍ ആ ശ്രമം വിഫലമാകുകയും ചെയ്തു. കഴിഞ്ഞവര്‍ഷമാണ് 9.5.ശതമാനം പലിശക്ക് വായ്പ തരാമെന്ന് പറഞ്ഞിരുന്നതെന്നും ഈ വര്‍ഷം മുതല്‍ പലിശ നിരക്ക് വര്‍ധിച്ചതിനാല്‍ വായ്പതുകയ്ക്ക് 12.5 ശതമാനം പലിശ വേണമെന്ന് ബാങ്ക് അധികൃതര്‍ അറിയിക്കുകയും ചെയ്തു.
അങ്ങനെ വരുമ്പോള്‍ ഒരു വര്‍ഷം പലിശയിനത്തില്‍ പഞ്ചായത്ത് 30 ലക്ഷം രൂപ അടക്കേണ്ടിയും വരും. സര്‍ക്കാരില്‍ നിന്നും ഈ തുക നല്‍കാമെന്ന് ഉറപ്പ് ലഭിക്കാത്ത സാഹചര്യത്തില്‍ ഓരോ വര്‍ഷവും 30 ലക്ഷം രൂപ വീതം പലിശ ഇനത്തില്‍ അടക്കുവാന്‍ കഴിയില്ലെന്നുമാണ് പഞ്ചയാത്തിന്റെ നിലപാട്.
Next Story

RELATED STORIES

Share it