Flash News

ആസിയാന്‍ ഉച്ചകോടിക്ക് ഇന്ന് തുടക്കം



മനില: 31ാമത് ആസിയാന്‍ ഉച്ചകോടി ഇന്ന് ആരംഭിക്കും. ആസിയാന്‍ രാജ്യങ്ങളുടെ നേതാക്കള്‍ക്കു പുറമെ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമടക്കമുള്ള രാഷ്ട്രത്തലവന്‍മാര്‍ ഉച്ചകോടി നടക്കുന്ന ഫിലിപ്പീന്‍സിലെത്തി. ഉച്ചകോടിയുടെ ഭാഗമായി ആസിയാന്‍ -ഇന്ത്യ സമ്മേളനത്തില്‍ മോദി പങ്കെടുക്കും.  യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. മനിലയിലെത്തിയ നേരന്ദ്രമോദി, ട്രംപ് അടക്കമുള്ള നേതാക്കളുമായി അനൗപചാരിക കൂടിക്കാഴ്ച നടത്തി.  16 നാണ്്് ഉച്ചകോടി സമാപിക്കുക. മോദി മൂന്നുദിവസം ഫിലിപ്പീന്‍സിലുണ്ടാവും. ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ദുതെര്‍തേയുമായും മോദി ചര്‍ച്ച നടത്തും. ആസിയാന്‍ യോഗത്തിന്റെ അധ്യക്ഷനാണ് ദുതെര്‍തേ. ജാപനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ, ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്‍, റഷ്യന്‍ പ്രധാനമന്ത്രി ദ്വിമിത്രി മെദ്്മദേവ് എന്നിവരുമായും മോദി ഉഭയകക്ഷി ചര്‍ച്ച നടത്തും. ഫിലിപ്പീന്‍സില്‍ ചേരുന്ന പൂര്‍വേഷ്യ സമ്മേളനത്തിലും മോദി പങ്കെടുക്കും. ഉത്തര കൊറിയയുടെ ആണവപരീക്ഷണങ്ങളും ദക്ഷിണ ചൈനാക്കടലിലെ ചൈനീസ് ഇടപെടലും തെക്കുകിഴക്കന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാന്റെ സമ്മേളനത്തില്‍ ചര്‍ച്ചയാവും. മേഖലയിലെ സുരക്ഷാ വെല്ലുവിളികള്‍ സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കും. ഏഷ്യാസന്ദര്‍ശനത്തിന്റെ ഭാഗമായാണ് ട്രംപ് ഫിലിപ്പീന്‍സിലെത്തിയത്. ഇന്ത്യ, യുഎസ്്, ആസ്‌ത്രേലിയ, ജപ്പാന്‍ ചതുര്‍ രാഷ്ട്രസഖ്യം സംബന്ധിച്ച് മോദിയും ട്രംപും ചര്‍ച്ച നടത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജപ്പാനാണ് ചതുര്‍ രാഷ്ട്രസഖ്യമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്്. മേഖലയിലെ സുരക്ഷ ഉള്‍പ്പെടെ മറ്റനേകം വിഷയങ്ങളും മോദി - ട്രംപ് കുടിക്കാഴ്ചയില്‍ വിഷയമാവുമെന്നാണ് വിദേശകാര്യമന്ത്രാലയത്തില്‍ നിന്നു ലഭിക്കുന്ന സൂചന. അംഗരാജ്യങ്ങളായ ഇന്തോനീസ്യ, മലേസ്യ, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, ബ്രൂണയ്, മ്യാന്‍മര്‍, കംപോഡിയ, ലാവോസ്, വിയറ്റ്‌നാം രാജ്യങ്ങള്‍ക്കു പുറമെ ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ, ജപ്പാന്‍, ആസ്‌ത്രേലിയ, ന്യൂസിലന്‍ഡ്, യുഎസ്, റഷ്യ രാജ്യങ്ങളുടെ പ്രതിനിധികളാണ് ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.
Next Story

RELATED STORIES

Share it