Districts

ആസിഡ് ആക്രമണത്തില്‍ യുവതിക്ക് ഗുരുതരപരിക്ക്

ചേര്‍ത്തല: ആസിഡ് ആക്രമണത്തില്‍ യുവതിക്കു ഗുരുതരപരിക്ക്. ബസ്സിറങ്ങി സ്‌കൂട്ടറില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്ന എറണാകുളം നേവല്‍ബേസ് ഉദ്യോഗസ്ഥയായ യുവതിക്കാണു പരിക്കേറ്റത്. ചേര്‍ത്തല പള്ളിപ്പുറം പുളിക്കിയില്‍ പരേതരായ ഷണ്‍മുഖന്റെയും സുധര്‍മയുടെയും മകള്‍ ശാരിമോള്‍(24) ആണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. ഇന്നലെ രാത്രി 6.30ഓടെ ആഞ്ഞിലിപ്പാലം പുരുഷന്‍കവലയ്ക്കു സമീപമായിരുന്നു സംഭവം.

ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് ആസിഡ് യുവതിയുടെ ശരീരത്തിലൊഴിച്ചത്. ജോലി കഴിഞ്ഞ് ചേര്‍ത്തല ബസ് സ്റ്റാന്റില്‍ ബസ്സിറങ്ങി സ്‌കൂട്ടറില്‍ കരുവയിലെ മാതൃസഹോദരിയുടെ വീട്ടിലേക്കു പോവുമ്പോള്‍ പിന്നാലെ ബൈക്കിലെത്തിയവര്‍ ശാരിമോളുടെ ദേഹത്ത് ആസിഡ് ഒഴിച്ചശേഷം കടന്നുകളയുകയായിരുന്നു. അവശയായി അല്‍പദൂരം മുന്നോട്ടു നീങ്ങിയ ശാരി പുരുഷന്‍കവലയ്ക്കു സമീപമെത്തി അവിടെ നിന്ന നാട്ടുകാരോട് ആശുപത്രിയില്‍ എത്തിക്കാന്‍ സഹായം തേടുകയായിരുന്നു.
നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഹെല്‍മറ്റ് ഉണ്ടായിരുന്നതിനാല്‍ മുഖത്ത് ആസിഡ് വീണില്ല. കഴുത്തിനുതാഴെ ഇടതുഭാഗത്തും വയറിനും പിന്‍ഭാഗത്തുമാണ് പൊള്ളലേറ്റത്.
70 ശതമാനത്തോളം പൊള്ളലേറ്റ ശാരിയുടെ നില ഗുരുതരമായതിനെത്തുടര്‍ന്നാണ് എറണാകുളം സ്വകാര്യ ആശുപത്രിയിലേക്കു മാറ്റാന്‍ നിര്‍ദേശം നല്‍കിയതെന്നു സ്വകാര്യ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. യുവതി സഞ്ചരിച്ച സ്‌കൂട്ടറിലും ആസിഡ് വീണ് നാശമുണ്ടായിട്ടുണ്ട്. ആശുപത്രിയില്‍ എത്തിച്ച പ്രദേശവാസികളായ നാലുപേര്‍ക്കും ആസിഡ് ദേഹത്തുവീണ് പൊള്ളലേറ്റിട്ടുണ്ട്. ചേര്‍ത്തല പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചേര്‍ത്തല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി എസ് നവാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സംഭവത്തിനു പിന്നിലുള്ള കാര്യം വ്യക്തമല്ല. യുവതിയുടെ മൊഴിയെടുത്തതിനുശേഷം മാത്രമേ കാര്യം വ്യക്തമാക്കാന്‍ കഴിയുകയുള്ളൂവെന്ന് സിഐ വി എസ് നവാസ് പറഞ്ഞു.
Next Story

RELATED STORIES

Share it