Flash News

ആസക്തികള്‍ക്കെതിരെ നേടിയ വിജയത്തിന്റെ ആഘോഷമാണ് പെരുന്നാള്‍ :മൗലവി അബ്ദുസ്സലാം മോങ്ങം

ആസക്തികള്‍ക്കെതിരെ നേടിയ വിജയത്തിന്റെ ആഘോഷമാണ് പെരുന്നാള്‍ :മൗലവി അബ്ദുസ്സലാം മോങ്ങം
X


ദുബൈ: വിശപ്പും ദാഹവും കാമവും നിയന്ത്രണ വിധേയമാക്കാനും ആസക്തികള്‍ എത്ര ശക്തമാണെങ്കിലും അവയെ അടിച്ചമര്‍ത്തി ഇച്ഛകള്‍ക്ക് മുകളില്‍ മനുഷ്യത്വം എത്തിനില്‍ക്കുന്ന അവിസ്മരണീയ മുഹൂര്‍ത്തമാണ് പെരുന്നാളെന്ന് മൗലവി അബ്ദുസ്സലാം മോങ്ങം പ്രസ്താവിച്ചു. ദുബൈ മതകാര്യവകുപ്പും ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററും സംയുക്തമായി ദുബൈ അല്‍ഖൂസ് അല്‍മനാര്‍ ഇസ്ലാമിക് സെന്റര്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഈദ് ഗാഹില്‍ ഈദ് സന്ദേശം നല്‍കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജന്തുസഹജമായ വാസനകളില്‍ നിന്ന് മനുഷ്യത്വത്തിന്റെ ഉന്നത വിതാനത്തിലേക്കുള്ള ഉയര്‍ച്ചയായിരുന്നു  നോമ്പ്. വിശപ്പും ദാഹവുമുണ്ടായിരിക്കെ മുന്നിലിരിക്കുന്ന ആഹാരവും പാനീയവും വേണ്ടെന്നുവെക്കാന്‍ മൃഗങ്ങള്‍ക്ക് കഴിയില്ല. മനുഷ്യരില്‍ തന്നെ എല്ലാവര്‍ക്കും അതിനാവില്ല. മഹത്തായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ത്യാഗമനുഷ്ഠിക്കാനുള്ള പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുകയും ദൈവ കല്പനകള്‍ തങ്ങളുടെ ദേഹേച്ഛകള്‍ക്ക് വിരുദ്ധമാണെങ്കില്‍ പോലും അംഗീകരിച്ച്  ആദരിച്ച്   മുന്നോട്ടുപോയി അവസാനം പ്രബഞ്ചനാഥന്റെ ആദരവിന് പാത്രീഭൂദമാകുന്ന ശുഭാവസരത്തെ പ്രതീക്ഷയോടെ കാത്തുനില്‍ക്കുന്ന   വിശ്വാസിക്കാണ് ഇതു സാധ്യമാകുക.അവരാണ് ലോകം കീഴടക്കിയ മഹാരഥന്മാരെന്നും അദ്ദേഹം പറഞ്ഞു.

ഓരോ ജനവിഭാഗത്തിനും അവരുടേതായ ആഘോഷങ്ങളും ഉത്സവങ്ങളുമുണ്ട്. സമൂഹത്തിന്റെ ആദര്‍ശവും  വിശ്വാസവും ആചാരങ്ങളും ചരിത്രവുമെല്ലാമാണ് അതിലുണ്ടാകുക. അവയെല്ലാം പ്രത്യേക ഋതുക്കളിലും പരിമിതമാണ്. എന്നാല്‍ ഇസ്‌ലാമിന്റെ പെരുന്നാള്‍ ഇതില്‍നിന്നെല്ലാം വ്യത്യസ്തമാണ്. എല്ലാ ഋതുക്കളിലും ഇസ്‌ലാമിലെ ഈദ് മാറിമാറിവരുന്നു. ഈദുല്‍ഫിത്ര്‍  ആകട്ടെ റമദാന്‍ എന്ന മഹത്തായ അനുഗ്രഹത്തിനുള്ള നന്ദിയാണ്. പാപഭാരങ്ങളില്‍നിന്ന് മുക്തമായി ദൈവ കാരുണ്യം ലഭ്യമാകുന്ന അസുലഭ അനുഭൂതി. ഈ മഹത്തായ അനുഗ്രഹം ലഭിച്ചതിനും അത് ഉപയോഗപ്പെടുത്താന്‍ സാധിച്ചതിനുമുള്ള ആഹ്ലാദമാണ് ഈദുല്‍ ഫിത്ര്‍. (നിങ്ങള്‍ക്ക് നേര്‍വഴി കാണിച്ചുതന്നതിന്റെ പേരില്‍ അല്ലാഹുവിന്റെ മഹത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവാനും നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ ഇത് കല്പിച്ചതുള്ളത്. വി.ഖുര്‍ആന്‍). ഉള്ളറിഞ്ഞു തക്ബീര്‍ മുഴക്കുന്ന വിശ്വാസികള്‍ക്ക് ഈ വികാരം മാത്രമാണുള്ളത്. ഈ തക്ബീര്‍ തന്നെയാണ് പക്ഷികളും ജന്തു ജീവജാലങ്ങളും മുഴക്കുന്നത്. ഇതു ഭീകരതയല്ല സമാധാനവും നന്ദിയുമാണെന്ന് അദ്ദേഹം പറഞ്ഞു.

വ്യക്തിതലത്തില്‍ ഒതുങ്ങിനില്‍ക്കുന്ന വെറും  ഒരു അനുഭൂതിയല്ല പെരുന്നാള്‍. സാമൂഹികതയും ഐക്യവും ഇതില്‍ നിറഞ്ഞുനില്കുന്നു. മറ്റുള്ളവരുമായി പങ്കുവെക്കാത്ത സ്വകാര്യസന്തോഷത്തേക്കാള്‍ പൊതു സന്തോഷമാണ് മനസ്സില്‍ ആഴത്തില്‍ സ്വാധീനിക്കുക. പെരുന്നാളില്‍ ദുഃഖിതരുടെയും രോഗികളുടെയും ദുരിതബാധിരതരുടെയും എല്ലാം മനസ്സില്‍ സന്തോഷം ഉളവാക്കുന്നു.അത് അവരുടെ മനസ്സില്‍ നിന്നുമാത്രം ഉത്ഭവിക്കുന്നതല്ല. ചുറ്റുവട്ടത്തുനിന്നുമാണ് അത് അവര്‍ക്ക് ലഭ്യമാകുന്നത്. കൂട്ടായ സന്തോഷം വ്യക്തിപരമായ ദുഃഖങ്ങളെ അതിജയിക്കുന്നു. എന്നാല്‍ വ്യക്തിപരമായ സന്തോഷത്തിന് സമൂഹത്തിന്റെ വേദനകളെ മറികടക്കാനാവില്ല.ഈദ് ദിനത്തില്‍ പട്ടിണി കൊണ്ടും ദാരിദ്ര്യം കൊണ്ടും ആരും ദുഃഖിക്കാന്‍ ഇടവരാ തിരിക്കാവുന്ന രീതിയിലുള്ള ഫിത്ര്‍ സക്കാത്തും സ്ത്രീകളും കുട്ടികളുമടക്കം അബാലവൃദ്ധം ജനങ്ങളോടും ഈദ് ഗാഹിലേക്ക് പുറപ്പെടാന്‍ കല്‍പിച്ചിട്ടുള്ളതും ഈ സാമൂഹികതയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളും കുട്ടികളുമടക്കം സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആയിരങ്ങള്‍ ഈദ് ഗാഹില്‍ പങ്കെടുത്തു.





Next Story

RELATED STORIES

Share it