Cricket

ആഷസ് ക്രിക്കറ്റ് ടെസ്റ്റ്: ആസ്‌ത്രേലിയ മികച്ച നിലയില്‍

ആഷസ് ക്രിക്കറ്റ് ടെസ്റ്റ്: ആസ്‌ത്രേലിയ മികച്ച നിലയില്‍
X

അഡലൈയ്ഡ്: ഇംഗ്ലണ്ടിനെതിരായ ആഷസ് ക്രിക്കറ്റ് ടെസ്റ്റില്‍ ആസ്‌ത്രേലിയ മികച്ച നിലയില്‍. ഷോണ്‍ മാര്‍ഷ് അപരാജിത സെഞ്ച്വറിയോടെ (126*) ഓസീസിനെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 442 എന്ന മികച്ച നിലയില്‍ ആസ്‌ത്രേലിയ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. മഴമൂലം രണ്ടാം ദിനം നേരത്തെ കളി നിര്‍ത്തുമ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് ഒരു വിക്കറ്റിന് 29 റണ്‍സെന്ന നിലയിലാണുള്ളത്.
നാല് വിക്കറ്റിന് 209 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ആസ്‌ത്രേലിയക്ക് കരുത്തായത് മാര്‍ഷിന്റെ സെഞ്ച്വറി പ്രകടനമാണ്. ഒരു വശത്ത് മാര്‍ഷ് സൂഷ്മതയോടെ ബാറ്റുവീശിയപ്പോള്‍ ടിം പെയിന്‍ (57) അര്‍ധ സെഞ്ച്വറിയോടെ മികച്ച പിന്തുണയേകി.
രണ്ടാം ദിനം അക്കൗണ്ട് തുറക്കും മുമ്പേ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പിന്റെ (36) വിക്കറ്റ് ഓസീസിന് നഷ്ടമായി.  സ്റ്റുവര്‍ട്ട് ബ്രോഡിന്റെ പന്തില്‍ എല്‍ബിയില്‍ കുടുങ്ങിയാണ് ഹാന്‍ഡ്‌സ്‌കോമ്പ് പുറത്തായത്. എന്നാല്‍ ആറാം വിക്കറ്റില്‍ പെയിന്‍- മാര്‍ഷ് സഖ്യം 85 റണ്‍സിന്റെ കൂട്ടുകെട്ടോടെ ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. വാലറ്റത്ത് പാറ്റ് കുമ്മിന്‍സ് (44) നിര്‍ണായക റണ്‍സുകള്‍ ഓസീസിന് സമ്മാനിച്ചു. കുമ്മിന്‍സിനെ കൂട്ടുപിടിച്ച് മാര്‍ഷ് സെഞ്ച്വറിയും പൂര്‍ത്തിയാക്കി. 231 പന്തുകള്‍ നേരിട്ട് 15 ഫോറും ഒരു സിക്‌സറും ഉള്‍പ്പെട്ടതാണ് മാര്‍ഷിന്റെ ഇന്നിങ്‌സ്. എട്ടാം വിക്കറ്റില്‍ മാര്‍ഷും കുമ്മിന്‍സും ചേര്‍ന്ന് 99 റണ്‍സിന്റെ കൂട്ടുകെട്ടും പടുത്തുയര്‍ത്തി. 149 ഓവറില്‍ സ്‌കോര്‍ബോര്‍ഡ് എട്ട് വിക്കറ്റിന് 442 റണ്‍സില്‍ നില്‍ക്കെ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നഥാന്‍ ലിയോണ്‍ (10*) മാര്‍ഷിനൊപ്പം പുറത്താവാതെ നിന്നു. ഇംഗ്ലണ്ടിനുവേണ്ടി ഓവര്‍ട്ടന്‍ മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബ്രോഡ് രണ്ടും വോക്‌സും ആന്‍ഡേഴ്‌സണും ഓരോ വിക്കറ്റും വീഴ്ത്തി തിളങ്ങി.
മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന് സ്റ്റോണ്‍മാന്റെ (18) വിക്കറ്റാണ് നഷ്ടമായത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ എല്‍ബിയില്‍ കുടുങ്ങിയാണ് സ്റ്റോണ്‍മാന്‍ മടങ്ങിയത്. രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ അലെസ്റ്റര്‍ കുക്ക് (11*), ജെയിംസ് വിന്‍സി (0*) എന്നിവരാണ് ക്രീസിലുള്ളത്.
Next Story

RELATED STORIES

Share it