Cricket

ആഷസ് അവേശാന്ത്യത്തിലേക്ക്; ഇംഗ്ലണ്ട് പൊരുതുന്നു

ആഷസ് അവേശാന്ത്യത്തിലേക്ക്; ഇംഗ്ലണ്ട് പൊരുതുന്നു
X

അഡലെയ്ഡ്: ജയിക്കാമെന്നുറച്ച് ഇന്നലെ ബാറ്റുവീശിയ കംഗാരുപ്പടയെ ഇംഗ്ലീഷ് പേസര്‍മാരായ ആന്‍ഡേഴ്‌സനും വോക്‌സും ചുരുട്ടിക്കൂട്ടിയപ്പോള്‍ ആഷസ് ടെസ്റ്റ് നാടകീയ ക്ലൈമാക്‌സിലേക്ക്. ഇന്നലെ വരെ ഏറെ മുന്‍തൂക്കമുള്ള ആസ്‌ത്രേലിയയെ ഇംഗ്ലണ്ട് 138 റണ്‍സെന്ന ദയനീയ ടോട്ടലിലേക്ക് ഒതുക്കിയപ്പോള്‍ അവസാന ദിനമായ ഇന്ന് വിജയം ഇരുകൂട്ടരിലേക്കും മാറിമറിയും. നാലാം ദിനമായ ഇന്നലെ കളിയവസാനിക്കുമ്പോള്‍ നാലു വിക്കറ്റിന് 176 എന്ന നിലയിലാണ് ഇംഗ്ലണ്ട്.  ഇന്ന് ആറു വിക്കറ്റ് കയ്യിലിരിക്കെ 178 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്താല്‍ ഇംഗ്ലണ്ടിന് രണ്ടാം ടെസ്റ്റ് സ്വന്തമാക്കാം. അതേസമയം, ഇംഗ്ലണ്ടിന്റെ ശേഷിക്കുന്ന ആറു വിക്കറ്റ് ഓസീസ് ബൗളര്‍മാര്‍ പിഴുതെടുത്താല്‍ അഞ്ച് ടെസ്റ്റുകളടങ്ങുന്ന പരമ്പരയില്‍ അവര്‍ക്ക് 2-0 ന് മുന്നിട്ടു നില്‍ക്കാം. മൂന്നാം ദിനം നാലു വിക്കറ്റിന്  54 എന്ന മോശം തുടക്കത്തില്‍ നിന്ന് നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ആതിഥേയര്‍ക്ക് സ്‌കോര്‍ബോര്‍ഡില്‍ 17 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ നൈറ്റ് വാച്ച്മാന്‍മാരിലൊരാളായ നഥാന്‍ ലിയോണിനെ (14) നഷ്ടമായി. നാലു റണ്‍സ് ചേര്‍ക്കുമ്പോഴേക്കും ഹാന്‍സ്‌കോംപിനെയും (12) കംഗാരുക്കള്‍ക്ക് നഷ്ടമായി. പിന്നീട് വന്ന ടിം പെയ്‌നും (11) നിലയുറപ്പിക്കും മുമ്പേ മടങ്ങി.  ആദ്യ ഇന്നിങ്‌സിലെ ഓസീസ് രക്ഷകനായ  ഷോണ്‍ മാര്‍ഷും (19) നിസ്സഹായനായി  കൂടാരം കയറി. വാലറ്റത്ത് മിച്ചല്‍ സ്റ്റാര്‍ക്കും (20) ഹേയ്‌സല്‍വുഡും (3) വീണതോടെ ആസ്‌ത്രേലിയയുടെ രണ്ടാം ഇന്നിങ്‌സ് 138 എന്ന ദയനീയ ടോട്ടലില്‍ കൂപ്പുകുത്തി. ഇംഗ്ലണ്ടിനു വേണ്ടി പേസര്‍മാരായ ജെയിംസ് ആന്‍ഡേഴ്‌സന്‍ അഞ്ചു വിക്കറ്റും ക്രിസ് വോക്‌സ് നാലു വിക്കറ്റും കൊയ്തപ്പോള്‍ ശേഷിക്കുന്ന ഏക വിക്കറ്റ് ഓവര്‍ട്ടനും സ്വന്തമാക്കി. രണ്ടാമിന്നിങ്‌സില്‍ ഓസീസിനെ വരിഞ്ഞുകെട്ടി 357 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇംഗ്ലണ്ടിന് അലിസ്റ്റര്‍ കുക്കും മാര്‍ക്ക് സ്റ്റോണ്‍മാനും കൂടി ഓപണിങ് വിക്കറ്റില്‍ ഭേദപ്പെട്ട തുടക്കമാണ് സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് 53 റണ്‍സെടുത്തു. ഇതില്‍ കുക്കാണ് (16) ആദ്യം പവലിയനിലേക്ക് മടങ്ങിയത്. കുക്കിനെ ലിയോണ്‍ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. ഇംഗ്ലണ്ടിന്റെ വശത്ത് മൂന്നു റണ്‍സുകൂടി ചേരുന്നതിനിടെ ഫോമിലേക്ക് ഉയര്‍ന്നുകൊണ്ടിരുന്ന സ്റ്റോണ്‍മാനെയും (36) ഇംഗ്ലണ്ടിന് നഷ്ടമായി. 29 റണ്‍സെടുത്ത് ഡേവിഡ് മലാന്‍ ചെറുത്ത് നില്‍പ്പിന് ശ്രമിച്ചെങ്കിലും കുമ്മിന്‍സിന്റെ പന്തില്‍ മലാന്റെ കുറ്റി തെറിച്ചു. നാലാം ദിനം സ്റ്റംപെടുക്കുമ്പോള്‍ മികച്ച ഫോമില്‍ ബാറ്റുചെയ്യുന്ന ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോ റൂട്ടും (67*) ക്രിസ് വോക്‌സുമാണ്(5*) ക്രീസില്‍. ആറു വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാന്‍ 178 റണ്‍സ് കൂടി എടുക്കണം.
Next Story

RELATED STORIES

Share it