palakkad local

ആശ്വാസ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി ആദിവാസി ഊരില്‍

പാലക്കാട്: ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയ ആദിവാസി യുവാവ് മധുവിന്റെ വീട്ടിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബാംഗങ്ങള്‍ക്കും ആദിവാസികള്‍ക്കും ആശ്വാസവും പ്രഖ്യാപനങ്ങളും നല്‍കിയാണ് മടങ്ങിയത്. മധുവിന്റെ കൊലപാതകികള്‍ക്ക് ശിക്ഷവാങ്ങിക്കൊടുക്കുമെന്ന് ഉറപ്പു നല്‍കിയ മുഖ്യമന്ത്രി, ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിന് മറ്റു പ്രഖ്യാപനങ്ങളും നടത്തിയാണ് മടങ്ങിയത്. ഇവ പ്രയോഗത്തിലായാല്‍, അത് ആദിവാസി സമൂഹത്തിന് ഏറെ ഗുണകരമാവും. അതല്ല, പതിവുപോലെ ഉദ്യോഗസ്ഥരുടെ കൈയ്യില്‍ പ്രഖ്യാപനങ്ങള്‍ ഞെരിഞ്ഞമര്‍ന്നാല്‍, പതിവ് ദുരിതകാഴ്ച ഇനിയും കാണേണ്ടി വരും.
ഇന്നലെ രാവിലെ 10.30ഓടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സായുധ പോലിസിന്റെ കനത്തസുരക്ഷ വലയത്തില്‍ ചിണ്ടക്കി ഊരിലെത്തിയത്. പാലക്കാട് മുതല്‍ ഊരുവരെ ആയിരത്തോളം വരുന്ന തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പടെയുള്ള പോലിസാണ് മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കിയത്. മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് സുരക്ഷയെന്നാണ് വിശദീകരണം. സെ ന്‍ട്രല്‍ സോണ്‍ ഐജി എം ആര്‍ അജിത്കുമാര്‍, ജില്ലാ പൊലിസ് സൂപ്രണ്ട് പ്രതീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സുരക്ഷ ഒരുക്കിയത്. ആദിവാസികള്‍ക്ക് മെയ് മാസത്തോടെ ഭൂമി നല്‍കുമെന്നും ഗുണമേന്‍മയുളള ഭക്ഷ്യധാന്യങ്ങള്‍  വിതരണം ചെയ്യുന്നതിന് സപ്ലൈകോയെ ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ട്.
ആദിവാസികള്‍ ആവശ്യപ്പെടുന്ന ഭക്ഷ്യധാന്യങ്ങള്‍ അവര്‍ക്കുറപ്പാക്കും. റേഷന്‍ കടകളുടെ നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമമാക്കും. റേഷന്‍ കടകളുടെ പ്രവര്‍ത്തനം അയല്‍ക്കൂട്ടങ്ങളെ ഏല്‍പിക്കുന്നത് ആലോചനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ അംഗന്‍വാടി കുട്ടികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കൗമര പ്രായക്കാരായ സ്ത്രീകള്‍ എന്നിവരാണ് സമൂഹ അടുക്കളയുടെ ഉപഭോക്താക്കള്‍.
ആവശ്യക്കാരായ മുഴുവന്‍ ആദിവാസികള്‍ക്കും സമൂഹ അടുക്കളയുടെ സൗകര്യം ലഭ്യമാക്കും. അട്ടപ്പാടിയില്‍ ഇതിന് തുടക്കം കുറിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാനസിക രോഗികളെ താമസിപ്പിക്കുന്നതിനായി ‘കെയര്‍ ഹോം’ തുടങ്ങും. സാമൂഹിക നീതി വകുപ്പും പട്ടികവര്‍ഗ വികസന വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുക. അട്ടപ്പാടിയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ സ്ത്രീ രോഗ വിഭാഗം (ഗൈനക്കോളജി) ശാക്തീകരിക്കും.
ട്രൈബല്‍ പ്രമോട്ടര്‍മാരില്ലാത്ത ഊരുകളില്‍ വേഗത്തില്‍ നിയമനം നടത്തും. ഓരോ ആദിവാസിക്കും ട്രൈബല്‍ പ്രമോട്ടര്‍മാരുടെ സംരക്ഷണം ഉറപ്പാക്കും. മദ്യപാനത്തിനെതിരെ വിമുക്തി പദ്ധതി വഴി ശക്തമായ ബോധവല്‍കരണം നടത്തും. അട്ടപ്പാടിയില്‍ ഡീ അഡിക്്ഷന്‍ കേന്ദ്രം ആരംഭിക്കും. പട്ടികജാതി-വര്‍ഗ വിഭാഗ പീഡനങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും.
ആദിവാസികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കും. അട്ടപ്പാടിയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ താത്കാലിക ഒഴിവുകളില്‍ അര്‍ഹരായ ആദിവാസികളെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുക്കാലി ഫോറസ്റ്റ് ഐബി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി ശൈലജ ടീച്ചര്‍, എം ബി രാജേഷ് എംപി, എംഎല്‍എമാരായ എന്‍ ഷംസുദ്ദീന്‍, പി കെ ശശി, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരി, ജില്ലാ കലക്ടര്‍ ഡോ. പി സുരേഷ് ബാബു പങ്കെടുത്തു. മധുവിന്റെ വീട് വനിതാ കമ്മീഷന്‍ അംഗങ്ങളായ അഡ്വ. ഷിജി ശിവജി, ഇ എം രാധ സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it