ആശ്വാസമായി വേനല്‍മഴ

തിരുവനന്തപുരം: കടുത്ത വേനല്‍ച്ചൂടിന് ആശ്വാസമേകി സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ വ്യാപകമായി വേനല്‍മഴ പെയ്തു. പലയിടങ്ങളിലും ശക്തമായ ഇടിയോടുകൂടിയായിരുന്നു മഴ. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ ഇന്നലെ ഉച്ചയ്ക്കുശേഷം ആകാശം ഇരുണ്ടുകൂടുകയും മഴ ലഭിക്കുകയും ചെയ്തു. വരുന്ന അഞ്ചു ദിവസങ്ങളില്‍ മഴ ശക്തമാവുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ അറിയിച്ചു.
ഇടിയോടുകൂടിയ മഴയാവും ലഭിക്കുക. കഴിഞ്ഞമാസം ഒറ്റപ്പെട്ട മഴ കിട്ടിയിരുന്നെങ്കിലും ചൂടിന് ശമനമായിരുന്നില്ല. തിരുവനന്തപുരത്ത് 34 ഡിഗ്രിയും കോഴിക്കോട് 38.4 ഡിഗ്രിയുമാണ് കഴിഞ്ഞ ദിവസത്തെ കൂടിയ താപനില. കടുത്ത ചൂടും വരള്‍ച്ചയും സമ്മാനിച്ച വേനല്‍ക്കാലമാണ് ഇക്കുറി കേരളത്തിലുണ്ടായത്. ഏപ്രില്‍ അവസാനത്തില്‍ ചുടുകാറ്റ് പ്രതിഭാസവും ആദ്യമായി സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്തു. ഇക്കുറി ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ്. വേനല്‍മഴയോടെ ചുടിന്റെ അളവില്‍ വലിയ മാറ്റം വരും.
മാര്‍ച്ച് ഒന്നുമുതല്‍ ഏപ്രില്‍ ആറുവരെ 46.5 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 27.8 മില്ലിമീറ്റര്‍ മഴയാണു ലഭിച്ചത്. അറബിക്കടലില്‍ നിന്നും ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും വീശുമെന്ന് കരുതിയ കാറ്റിന്റെ ഗതി മുറിഞ്ഞതാണ് വേനല്‍മഴയുടെ അളവ് കുറയാന്‍ കാരണം. ഇത്തവണ ഇടവിട്ട് കുറഞ്ഞ വേനല്‍മഴയേ ലഭിക്കുകയുള്ളൂ എന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. ലക്ഷദ്വീപില്‍ വരണ്ട കാലാവസ്ഥ രണ്ടുദിവസം കൂടി തുടരുമെന്നും നിരീക്ഷണകേന്ദ്രം അറിയിച്ചു.
അതിനിടെ, കനത്ത മഴയിലും കാറ്റിലും തിരുവനന്തപുരത്ത് പേരൂര്‍ക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മരം കടപുഴകി ബസ്സിനു മുകളില്‍ വീണു. ഉച്ചയ്ക്ക് ഡ്രൈവര്‍ ഊണുകഴിക്കാന്‍ പോയ ഉടനെയാണ് മരം കടപുഴകിയത്. ബസ് പൂര്‍ണമായി തകര്‍ന്നു.
Next Story

RELATED STORIES

Share it