ആശ്വാസമായി കൊള്ളക്കാര്‍ റാഞ്ചിയ കപ്പലില്‍ നിന്ന് ശ്രീഉണ്ണിയുടെ വിളി എത്തി

സ്വന്തം  പ്രതിനിധി

ഉദുമ (കാസര്‍കോട്): അഞ്ചുനാള്‍ നീണ്ട ആശങ്കയ്‌ക്കൊടുവില്‍ ഉദുമ പെരിലാവളപ്പിലെ വീട്ടിലേക്ക് ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ ആശ്വാസവുമായി ശ്രീഉണ്ണിയുടെ ഫോണ്‍വിളിയെത്തി. താന്‍ സുരക്ഷിതനാണെന്ന മകന്റെ വാക്കുകേട്ടതോടെ അശോകനും ഗീതയ്ക്കും ഇതില്‍പ്പരം ഒരു ആഹ്ലാദമുഹൂര്‍ത്തം വേറെയില്ലായിരുന്നു. ജനുവരി 31നാണ് ശ്രീഉണ്ണി  ഉള്‍പ്പെടെ 22 ഇന്ത്യക്കാരുമായി പോവുകയായിരുന്ന എം ടി മറൈന്‍ എക്‌സ്പ്രസ് എന്ന എണ്ണക്കപ്പല്‍ ആഫ്രിക്കന്‍ രാജ്യമായ ബെനിനില്‍ വച്ച് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയതായി വീട്ടുകാര്‍ക്ക് വിവരം ലഭിക്കുന്നത്. ഇതേത്തുടര്‍ന്ന് ശുഭവാര്‍ത്ത കേള്‍ക്കാന്‍ പ്രാര്‍ഥനയുമായി കഴിയുകയായിരുന്നു മാതാപിതാക്കളും സഹോദരനും അടങ്ങുന്ന കുടുംബം.  മോചനത്തിനു വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് വിശ്വാസമുണ്ടായിരുന്നെന്നും അധികൃതര്‍ക്ക് നന്ദി പറയുന്നതായും പിതാവ് അശോകന്‍ പറഞ്ഞു. കടല്‍ക്കൊള്ളക്കാര്‍ മോശമായി പെരുമാറിയില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും ശ്രീഉണ്ണി അറിയിച്ചതായി മാതാപിതാക്കള്‍ പറഞ്ഞു. കപ്പല്‍ യൂറോപ്പിലേക്കു നീങ്ങുകയാണ്. 10 ദിവസത്തിനുള്ളില്‍ ഉണ്ണി നാട്ടിലെത്തുമെന്നും അവര്‍ പറഞ്ഞു. 25കാരനായ ശ്രീഉണ്ണി നാലുവര്‍ഷമായി മര്‍ച്ചന്റ് നേവിയില്‍ ജോലി ചെയ്യുന്നു. കഴിഞ്ഞ ഡിസംബറില്‍ നാട്ടില്‍ വന്നിരുന്നു.
Next Story

RELATED STORIES

Share it