Kollam Local

ആശ്രിത പെന്‍ഷന്റെ ആശ്വാസം; നിയമലംഘനത്തിനെതിരേ നടപടി



കൊല്ലം: കൊട്ടിയം കെ എ ഭവനില്‍ റാണിചന്ദ്രന് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ നഷ്ടമായത് അച്ഛനും അമ്മയും. വൃക്ക രോഗത്തിന് ചികില്‍സയിലായിരുന്ന റാണിയുടെ അമ്മയ്‌ക്കൊപ്പമുണ്ടായിരുന്ന അച്ഛന്‍ ഹൃദയാഘാതത്തിന് കീഴടങ്ങി. മണിക്കൂറുകള്‍ക്കം അമ്മയും മരണപ്പെടുകയായിരുന്നു. ഒരു ബിരുദ വിദ്യാര്‍ഥിക്ക് താങ്ങാവുന്നതിലുമപ്പുറമുള്ള വേദനയായിരുന്നു അത്. ജീവിതം വഴിമുട്ടി നില്‍ക്കവേ അര്‍ഹതയുള്ള ആശ്രിത പെന്‍ഷനായുള്ള കാത്തിരിപ്പായിരുന്നു റാണിക്ക് ഇതുവരെയും. ഈ ദൈന്യത തിരിച്ചറിഞ്ഞാണ് പരാതിയുമായി എത്തിയ റാണിചന്ദ്രന് ആശ്രിത പെന്‍ഷന്‍ എത്രയും വേഗം നല്‍കാന്‍ യുവജനകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താജെറോം കലക്ടറേറ്റില്‍ നടത്തിയ സിറ്റിങ്ങില്‍ ഉത്തരവിട്ടു. പോസ്റ്ററൊട്ടിക്കുന്നതിനിടെ പിടികൂടി സെല്ലിലടയ്ക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കും കിട്ടി നീതിയുടെ ആശ്വാസം. സംഘടനാ പരിപാടിയുടെ പോസ്റ്ററൊട്ടിക്കുന്നതിനിടെ പോലിസ് കസ്റ്റഡിയിലെടുത്ത് സെല്ലിലിട്ടത് തെറ്റാണെന്ന് കണ്ടെത്തി നടപടിയെടുക്കാന്‍ നേരത്തെ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് പോലിസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ റിപ്പോര്‍ട്ട് എസിപി കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചു. യുക്തമായ നടപടി സ്വീകരിച്ച സാഹചര്യത്തില്‍ ഇതു സംബന്ധിച്ച പരാതി തീര്‍പ്പാക്കിയതായി കമ്മീഷന്‍ വിധിക്കുകയായിരുന്നു. എല്‍ഡിസി റാങ്ക്‌ഹോള്‍ഡേഴ്‌സിന്റെ പരാതിയും കമ്മീഷന്‍ പരിഗണിച്ചു. ഒഴിവുകള്‍ നികത്താന്‍ ഉദ്യോഗസ്ഥതലത്തില്‍ അലംഭാവമുണ്ടെന്ന് കണ്ടെത്തിയ കമ്മീഷന്‍ അവ ഉടനടി റിപോര്‍ട്ട് ചെയ്യാനുള്ള നിര്‍ദ്ദേശമാണ് നല്‍കിയത്. ലഹരി വസ്തുക്കളുടെ വ്യാപനം സംബന്ധിച്ച പരാതിയില്‍ അന്വേഷണത്തിന് നിര്‍ദ്ദേശിക്കാനും ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രവേശനം നേടി പഠിക്കാന്‍ കഴിയാതെ വന്ന വിദ്യാര്‍ഥിക്ക് ഫീസായി അടച്ച തുക തിരികെ നല്‍കാന്‍ നടപടി സ്വീകരിക്കാനും തീരുമാനമായി. കൂടാതെ ജില്ലാതല അദാലത്തില്‍ പരിഗണിച്ച കേസുകളും തീര്‍പ്പാക്കി. സിറ്റിങ്ങില്‍ പുതിയ 14 പരാതികള്‍ കൂടി കമ്മീഷന്‍ സ്വീകരിച്ചു. അംഗങ്ങളായ ഐ സാജു, തുഷാര ചക്രവര്‍ത്തി, ദീപു രാധാകൃഷ്ണന്‍, അണ്ടര്‍ സെക്രട്ടറി ഷീന പങ്കെടുത്തു.
Next Story

RELATED STORIES

Share it