ആശ്രിതര്‍ക്കു ജോലി പരിഗണിക്കും

തിരുവനന്തപുരം: ഓഖി കെടുതികള്‍ നേരിടാന്‍ കേന്ദ്ര സര്‍ക്കാരിനോട് പ്രത്യേക പാക്കേജ് ആവശ്യപ്പെടാനും ദുരന്തബാധിതര്‍ക്ക് ആഴ്ചയില്‍ 2000 രൂപ ധനസഹായം നല്‍കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി. ദുരന്തത്തിന് ഇരയായ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനും തീരപ്രദേശങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നതിനും മല്‍സ്യത്തൊഴിലാളികള്‍ക്ക് വീട് നിര്‍മിച്ചുനല്‍കുന്നതിനുമായി സുനാമി മാതൃകയിലുള്ള സ്‌പെഷ്യല്‍ പാക്കേജാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടുക. ഇതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെ ഇന്നു കാണും. സര്‍വകക്ഷി സംഘം കേന്ദ്രത്തെ സമീപിക്കണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നു. എന്നാല്‍, കേന്ദ്രത്തില്‍ നിന്ന് അനുകൂല സമീപനം ഉണ്ടാവാത്ത സാഹചര്യത്തില്‍ അതു വേണ്ടെന്നുവയ്ക്കുകയായിരുന്നു. ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങളില്‍ മുതിര്‍ന്നവര്‍ക്ക് 60 രൂപ വീതവും കുട്ടികള്‍ക്ക് 45 രൂപ വീതവും പ്രതിദിനം നല്‍കുന്നതിന് പകരമായാണ് ആഴ്ചയില്‍ 2000 രൂപ നല്‍കുക. ദുരന്തത്തില്‍ മരിച്ചവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം രൂപ നഷ്ടപരിഹാരം ഉയര്‍ത്തുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. ഇതിനായി ദുരിതാശ്വാസ ഫണ്ട് രൂപീകരിക്കും. പൊതുജനങ്ങളും സംഘടനകളും നല്‍കുന്ന സഹായം കൂടി കണക്കാക്കി തുക ഉയര്‍ത്താമെന്ന് യോഗത്തില്‍ ധാരണയായി. ദുരന്തം കാരണം മാനസികാഘാതം നേരിട്ട കുട്ടികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കൗണ്‍സലിങ് നല്‍കും. വിദ്യാര്‍ഥികള്‍ക്ക് അടുത്ത വാര്‍ഷിക പരീക്ഷ നേരിടാന്‍ പ്രത്യേക കോച്ചിങ് നല്‍കാനും തീരുമാനിച്ചു. ദുരന്തത്തില്‍ മരിച്ച തൊഴിലാളികളുടെ കുടുംബത്തില്‍ ഒരാള്‍ക്ക് ഫിഷറീസ് വകുപ്പിനു കീഴില്‍ ജോലി നല്‍കുന്ന കാര്യം പരിഗണിക്കും. മാനദണ്ഡങ്ങള്‍ നോക്കാതെ മല്‍സ്യഫെഡ് പോലുള്ള സ്ഥാപനങ്ങളിലും മല്‍സ്യബന്ധന വകുപ്പിന് കീഴിലെ മറ്റ് ഏജന്‍സികളിലും ഇവര്‍ക്കു ജോലി നല്‍കാനാവുമോ എന്നാണ് ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയെ ചുമതലപ്പെടുത്തി. ദുരന്തത്തില്‍ ഇതുവരെ 38 പേരാണ് മരിച്ചത്. അവരില്‍ 19 പേരെ തിരിച്ചറിഞ്ഞു. 96 പേരെയാണ് കാണാനില്ലാത്തത്. ഇപ്പോഴും തിരച്ചില്‍ തുടരുകയാണെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. ചുഴലിയുടെ മുന്നറിയിപ്പ് നവംബര്‍ 30ന് 12നു മാത്രമാണ് സര്‍ക്കാരിന് ലഭിച്ചതെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു വ്യക്തമാക്കി. ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി മാറുമെന്നു മുന്നറിയിപ്പ് ലഭിച്ചത് 30ന് രാവിലെ 8.30ന് മാത്രമാണ്. ചുഴലി മുന്നറിയിപ്പ് ലഭിച്ചശേഷം ഒരുനിമിഷം പോലും പാഴാക്കാതെ സര്‍ക്കാര്‍ ഏജന്‍സികള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിട്ടുണ്ട്. ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 35 കോടി രൂപ അനുവദിച്ചതായും സര്‍ക്കാര്‍ അറിയിച്ചു. ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചിട്ടും മുന്‍കരുതല്‍ എടുക്കുന്നതില്‍ വീഴ്ചയുണ്ടായതിനെ കുറിച്ച് അന്വേഷിക്കണമെന്ന് യോഗത്തില്‍ പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it