ആശുപത്രി വിദഗ്ധസംഘത്തെ നിയോഗിച്ചു

ന്യൂഡല്‍ഹി: ഷാലിമാര്‍ ബാഗിലെ മാക്‌സ് ആശുപത്രിയില്‍ ഇരട്ടക്കുട്ടികള്‍ മരിച്ചെന്നു തെറ്റായി വിധിയെഴുതിയ സംഭവത്തില്‍ അന്വേഷണത്തിനായി ആശുപത്രി അധികൃതര്‍ വിദഗ്ധ സമിതി രൂപീകരിച്ചു. അന്വേഷണം ദ്രുതഗതിയി ല്‍ തീരുമെന്നും തിങ്കളാഴ്ച അന്തിമ തീരുമാനം ഉണ്ടാവുമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. പ്രസവവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്നും അന്നത്തെ സാഹചര്യത്തെക്കുറിച്ചും സമിതി അന്വേഷണം നടത്തും. ഡല്‍ഹി സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ആശുപത്രി വിദഗ്ധ സമിതിയെ നിയമിച്ചത്. ആശുപത്രിയുടെ ഭാഗത്ത് തെറ്റുപറ്റിയതായി കണ്ടെത്തിയാല്‍ ലൈസന്‍സ് റദ്ദ് ചെയ്യുമെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞിരുന്നു. ഡല്‍ഹി പോലിസും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണത്തില്‍ പങ്കെടുക്കാനായി അയച്ച നോട്ടീസിന് ആശുപത്രി അധികൃതര്‍ പ്രതികരിച്ചില്ലെന്നു നോര്‍ത്ത്, വെസ്റ്റ് പോലിസ് കമ്മീഷണര്‍ അസ്‌ലം ഖാന്‍ പറഞ്ഞു. അതേസമയം, കുഞ്ഞിനെ ബേബി നഴ്‌സറിയില്‍ പ്രവേശിപ്പിക്കാനായി 50 ലക്ഷം രൂപ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടതായി പിതാവ് ആരോപിച്ചു. കൂടാതെ കുട്ടികളുടെ മാതാവിന്റെ ആരോഗ്യസ്ഥിതിയില്‍ മെച്ചംവരുത്താനായി 35,000 രൂപയും ആവശ്യപ്പെട്ടിരുന്നെന്ന് ഇദ്ദേഹം പറഞ്ഞു. മാക്‌സ് ആശുപത്രി മരിച്ചെന്നു വിധിയെഴുതിയ കുട്ടികളുടെ പിതാവായ ആശിഷ് കുമാറിന്റെ ആരോപണം പോലിസ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.മരിച്ചെന്നു പറഞ്ഞ് മാതാപിതാക്കള്‍ക്ക് കൈമാറിയ ഇരട്ടക്കുട്ടികളില്‍ ഒന്നിനാണു സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ ജീവനുണ്ടെന്നു മനസ്സിലായത്. ഗുരുതര വീഴ്ചവരുത്തിയ ആശുപത്രിക്കെതിരേ പ്രതിഷേധം ഉയരുകയാണ്. സ്വകാര്യ ആശുപത്രികളിലെ വീഴ്ചകളും കൊള്ളയും അന്വേഷിക്കണമെന്നു മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it