Alappuzha local

ആശുപത്രി വികസനസമിതിയില്‍ സന്നദ്ധ പ്രവര്‍ത്തകരെ ഒഴിവാക്കിയതില്‍ പ്രതിഷേധം

കായംകുളം: കായംകുളം താലൂക്ക് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയില്‍ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരെ ഒഴിവാക്കിയതില്‍ പ്രതിഷേധം. ഇതിനെതിരേ കായംകുളം ബ്ലഡ് ഡൊണേഷന്‍ സെല്‍ ഭാരവാഹികള്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.
കഴിഞ്ഞ വര്‍ഷം നവംബര്‍ 27ന് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി കൂടിയപ്പോള്‍കായംകുളത്ത് ജീവകാരുണ്യ പ്രസ്ഥാനമായ ബ്ലഡ് ഡൊണേഷന്‍ സെല്ലിന്റെ ഒരംഗത്തെ പരിഗണിക്കണമെന്നു ആവശ്യപ്പെട്ട് മുനിസിപ്പല്‍ ചെയര്‍മാന് കത്ത് നല്‍കിയിരുന്നു. ഇതില്‍ പരിഗണന ലഭിക്കാത്തതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു. കലക്ടര്‍ ആശുപത്രി സൂപ്രണ്ടിന് നിയമപരമായ ആക്ട് പ്രകാരം കമ്മിറ്റി രൂപീകരിക്കണമെന്ന നിര്‍ദേശം നല്‍കിയതായും ഭാരവാഹികള്‍ അറിയിച്ചു.
സന്നദ്ധമേഖലയില്‍നിന്നു പ്രവര്‍ത്തകരെ കമ്മിറ്റിയില്‍ പരിഗണിച്ചില്ലെങ്കില്‍ നഗരകാര്യവകുപ്പ് മന്ത്രിക്കും സെക്രട്ടറിക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും സെക്രട്ടറിക്കും പരാതി നല്‍കുമെന്ന് ബ്ലഡ് ഡൊണേഷന്‍ സെല്‍ ചെയര്‍മാന്‍ മുഹമ്മദ് ഷെമീര്‍ അറിയിച്ചു.
കേരളാ പഞ്ചായത്ത് രാജ് പൊതുജനാരോഗ്യ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള മാനേജിങ് കമ്മിറ്റി ചട്ടങ്ങള്‍ 2010ല്‍ കമ്മിറ്റിയില്‍ ഒരു പൊതുജനാരോഗ്യ സ്ഥാപനത്തെ സംബന്ധിച്ച ഭരണപരമായ പ്രവര്‍ത്തനങ്ങളിലും പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളിലും പരിചയവും താല്‍പര്യവും സാമൂഹിക പ്രതിബദ്ധതയും സേവന സന്നദ്ധതയുമുള്ളവരെ ഉള്‍പ്പെടുത്തണമെന്ന് പറയുന്നുണ്ട്.
ഇങ്ങനെ പരിഗണിക്കുന്നവര്‍ അതാത് മുനിസിപ്പല്‍ പ്രദേശത്തോ പൊതുജനാരോഗ്യ സ്ഥാപനം സ്ഥിതിചെയ്യുന്ന പ്രദേശത്തോ സമീപ പ്രദേശങ്ങളിലോ താമസിക്കുന്നവരാവണം. അതാത് തദ്ധേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഏകകണ്ഠമായി തീരുമാനിച്ച് നാമനിര്‍ദേശം ചെയ്യുന്ന മൂന്നു വ്യക്തികളെ മാനേജ്‌മെന്റ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആക്ടിലുള്ളത്. എന്നാല്‍ നിലവില്‍ തിരഞ്ഞെടുത്തിരിക്കുന്ന പ്രതിനിധികളില്‍ സന്നദ്ധ പ്രവര്‍ത്തനമേഖലയില്‍ നിന്നു ഒരാളെപ്പോലും പരിഗണിച്ചിട്ടില്ലെന്ന് ഭാരവാഹികള്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it