Kottayam Local

ആശുപത്രി മാലിന്യം നഴ്‌സിങ് ഹോസ്റ്റലിനു സമീപം തള്ളുന്നു

ആര്‍പ്പുക്കര: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാലിന്യം തള്ളുന്നത് നഴ്‌സിങ് ഹോസ്റ്റലിന് സമീപം. നാളുകളായി ഇവിടെ മാലിന്യം തള്ളുന്നത് വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിന് ഇടയാക്കി. ഇന്നലെ മാലിന്യവുമായി എത്തിയ വാഹനം വിദ്യാര്‍ഥികള്‍ തടഞ്ഞുവെച്ചു.
ഇതേ തുടര്‍ന്ന് സ്ഥലത്തെത്തിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മാലിന്യം ഇവിടെ തന്നെ സംസ്‌കരിക്കുമെന്ന പറഞ്ഞത് വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിന് ഇടയാക്കി. പ്രതിഷേധവുമായി രംഗത്തെത്തിയ നഴ്‌സിങ് വിദ്യാര്‍ഥികളുമായി ആര്‍എംഒ നടത്തിയ ചര്‍ച്ചയില്‍ മാലിന്യം നീക്കം ചെയ്യാമെന്നുള്ള ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് ഇവര്‍ വാഹനം വിട്ടുനല്‍കിയത്. ഏകദേശം 340 വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലിന് സമീപമാണ് അശാസ്ത്രീയമായി മാലിന്യം കുഴിച്ചു മൂടുന്നത്.
ആശുപത്രി മാലിന്യം നിക്ഷേപിക്കുന്നത് തടയണമെന്ന് വിദ്യാര്‍ഥികള്‍ നാളുകളായി ആവശ്യപ്പെട്ടിരുന്നു. രണ്ടാഴ്ച്ച മുമ്പ് മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിനും പ്രിന്‍സിപ്പലിനും പരാതിയും നല്‍കിയിരുന്നു. മാലിന്യം ഹോസ്റ്റല്‍ പരിസരത്തു നിന്നു മാറ്റുന്നതിന് പരിഹാരമുണ്ടാക്കാമെന്ന് വിദ്യാര്‍ഥികള്‍ക്ക് സൂപ്രണ്ട് ഉറപ്പു നല്‍കിയതായും നഴ്‌സിങ് വിദ്യാര്‍ഥികള്‍ പറയുന്നു. പക്ഷേ ഈ ഉറപ്പു ലംഘിച്ചാണ് ഇന്നലെ വീണ്ടും ആശുപത്രി മാലിന്യം എത്തിച്ചത്. ഇതേ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ വാഹനം തടഞ്ഞുവച്ചത്. നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് നിരവധി ആരോഗ്യ പ്രശ്ങ്ങള്‍ ഇത്തരത്തില്‍ ശാസ്ത്രീയമല്ലാത്ത മാലിന്യ സംസ്‌കരണം ഉണ്ടാക്കാറുണ്ടെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. ഗൈനക്കോളജി, പതോളജി, ഡെന്റല്‍ തുടങ്ങിയ ഡിപാര്‍ട്ട്‌മെന്റുകളില്‍ നിന്നുള്ള മാലിന്യങ്ങളെല്ലാം ഇവിടെയാണ് സംസ്‌കരിക്കുന്നത്. മനുഷ്യ ശരീരാവയവങ്ങള്‍ പോലും ഇവിടെ കുഴിച്ചു മൂടാറുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
ഇത്തരത്തില്‍ നിക്ഷേപിക്കുന്ന മാലിന്യം അഴുകുമ്പോള്‍ ഇവയില്‍ നിന്ന് പ്രത്യേക തരം പ്രാണികള്‍ ഉണ്ടാകാറുണ്ട്. ബ്ലിസ്റ്റര്‍ ബീറ്റില്‍ എന്നറിയപ്പെടുന്ന ഈ പ്രാണികള്‍ ത്വക്കു രോഗങ്ങള്‍ക്കു പ്രധാന കാരണമാണ്. മാലിന്യത്തില്‍ നിന്നുയരുന്ന പ്രാണിശല്യം വിദ്യാര്‍ഥികളെ ദുരിതത്തിലാക്കിയിരിക്കുന്നു. പലരുടെയും ശരീരം പൊള്ളലേറ്റ പോലെയാണ്. ഹോസ്റ്റലിലെ ഭൂരിഭാഗം വിദ്യാര്‍ഥികള്‍ക്കും ഇപ്പോള്‍ പ്രാണിയുടെ കുത്തേറ്റ സ്ഥിതിയിലാണ്. വിദ്യാര്‍ഥികള്‍ക്ക് ത്വക്ക് രോഗം ഉണ്ടാകുമ്പോഴും അധികൃതര്‍ എല്ലാം ശരിയാക്കാമെന്ന പതിവ് ശൈലി പറഞ്ഞ് തലയൂരാനാണ് ശ്രമിക്കുന്നതെന്നാണ് ആക്ഷേപം.
Next Story

RELATED STORIES

Share it