Flash News

ആശുപത്രി അധികൃതര്‍ അപായപ്പെടുത്താന്‍ ശ്രമിച്ചു ; അധികൃതര്‍ക്കെതിരേ നഴ്‌സിന്റെ പരാതി



ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഐഎല്‍ബിഎസ് ആശുപത്രിയില്‍ പിരിച്ചുവിട്ട നഴ്‌സിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തിലുള്ള നഴ്‌സുമാര്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. പോളിറ്റ്ബ്യൂറോ യോഗത്തിനായി ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കേരളാഹൗസിലെത്തി നേരില്‍ കണ്ടാണ് നഴ്‌സുമാര്‍ പ്രശ്‌നങ്ങള്‍ ധരിപ്പിച്ചത്. വിഷയത്തില്‍ ഇടപെടാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി നഴ്‌സുമാര്‍ പറഞ്ഞു. അതിനിടെ ഐഎല്‍ബിഎസ് ആശുപത്രി അധികൃതര്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയുമായി ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി നഴ്‌സ് രംഗത്തെത്തി. ആത്മഹത്യാ ശ്രമം നടത്തിയ ശേഷം ചികില്‍സ തേടിയപ്പോള്‍ ഐഎല്‍ബിഎസ് ആശുപത്രി അധികൃതര്‍ അപായപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് ആലപ്പുഴ സ്വദേശിയായ നഴ്‌സിന്റെ പരാതി. ഇക്കാര്യം ഡിസ്ചാര്‍ജ് രേഖകളില്‍ ഉണ്ടെന്നും യുവതി പറഞ്ഞു. ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവര്‍ക്ക് മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ നല്‍കുന്ന മെഡാ സോളം എന്ന മരുന്നിന്റെ അളവ് കൂട്ടിനല്‍കിയെന്നാണ് പരാതി. രണ്ടു മില്ലി മുതല്‍ മൂന്നു മില്ലി വരെ ഡോസില്‍ നല്‍കുന്ന മരുന്ന് ഇവര്‍ക്ക് രണ്ടു തവണകളായി 40 മില്ലി നല്‍കിയെന്നാണ് പരാതി. ഇതു സംബന്ധിച്ച് ഇന്നു പോലിസില്‍ പരാതി നല്‍കുമെന്നും ഇവര്‍ പറഞ്ഞു. സമരത്തിന്  ഇതുവരെയും പരിഹാരമായിട്ടില്ല. പിരിച്ചുവിടപ്പെട്ട നഴ്‌സിനു മറ്റൊരു ആശുപത്രിയില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്ന് മാനേജ്‌മെന്റ് ഉറപ്പുനല്‍കിയെങ്കിലും ഐഎല്‍ബിഎസില്‍ തന്നെ ജോലിയില്‍ തിരിച്ചെടുക്കണമെന്നാണ് അവരുടെ ആവശ്യം. നേരത്തേ വിഷയത്തില്‍ ഇടപെട്ട മുഖ്യമന്ത്രി ഡല്‍ഹി മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. എന്നാല്‍, വിഷയത്തില്‍ ഡല്‍ഹി സര്‍ക്കാരിന് ഇടപെടാന്‍ സാധിക്കില്ലെന്നും ലഫ്. ഗവര്‍ണറാണ് വിഷയത്തില്‍ ഇടപെടേണ്ടതെന്നുമുള്ള നിലപാടാണ് ഡല്‍ഹി സര്‍ക്കാര്‍ സ്വീകരിച്ചത്. ഈ സാഹചര്യത്തിലാണ് സമരക്കാര്‍ നേരിട്ട് പിണറായി മായി ചര്‍ച്ച നടത്തിയത്. അപകടനില തരണം ചെയ്ത നഴ്‌സിനെ  വീട്ടിലേക്ക് മാറ്റിയിട്ടുണ്ട്.
Next Story

RELATED STORIES

Share it