kozhikode local

ആശുപത്രിയില്‍ നിന്ന് കുഞ്ഞിന്റെ സ്വര്‍ണാഭരണം മോഷ്ടിച്ച യുവതി പിടിയില്‍

പയ്യോളി: ആശുപത്രിയില്‍ ടോക്കണ്‍ എടുക്കാന്‍ ക്യൂ നില്‍ക്കുന്നതിനിടെ പിഞ്ച് കുഞ്ഞിന്റെ പാദസരം മോഷ്ടിച്ച  യുവതി പിടിയില്‍. തമിഴ്‌നാട് മധുര മീനാക്ഷി പുരം സ്വദേശിനി രാജേശ്വരി (20) ആണ് പിടിയിലായത്. ഇന്നലെ രാവിലെ  തിക്കോടി പള്ളിക്കര  സ്വദേശിനി അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ ഡോക്ടറെ കാണിക്കാന്‍ പെരുമാള്‍പുരത്തെ മേലടി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ടോക്കണ്‍ എടുക്കാന്‍ കുഞ്ഞുമായി വരി നില്‍ക്കുന്നതിനിടെ തൊട്ട് പിറകില്‍ നിന്ന യുവതി പാദസരം സൂത്രത്തില്‍ മോഷ്ടിക്കുകയായിരുന്നു. ടോക്കണ്‍ എടുത്ത് കഴിഞ്ഞ ശേഷം പോവാന്‍ ശ്രമിക്കുന്നതിനിടെ കുഞ്ഞിന്റെ കാല് എവിടെയോ കുടുങ്ങിയത് പോലെ മാതാവിന് സംശയം തോന്നി. ഉടന്‍ തന്നെ ഇവര്‍ കുഞ്ഞിന്റെ കാല് പരിശോധിച്ചപ്പോള്‍ സോകസിനുള്ളിലുള്ള പാദസരം നഷ്ടപ്പെട്ടതായി മനസ്സിലാവുകയായിരുന്നു. തൊട്ട് പിന്നിലുള്ള സ്ത്രീയോട് സംഭവത്തെ പറ്റി ചോദിച്ചപ്പോള്‍ തമിഴ് കലര്‍ന്ന മലയാളത്തിലാണ് ഇവര്‍ മറുപടി പറഞ്ഞത്. ഇതില്‍ സംശയം തോന്നി സ്ത്രീയുടെ വസ്ത്രം പരിശോധിച്ചപ്പോള്‍ മോഷണം പോയ  പാദസരം താഴെ വീഴുകയായിരുന്നു. ഉടന്‍ തന്നെ വളരെ മാന്യമായി വസ്ത്രം ധരിച്ച മോഷ്ടാവായ യുവതി  കുറ്റം നിഷേധിച്ചെങ്കിലും പോലിസില്‍ പരാതിപ്പെടരുതെന്ന് പറഞ്ഞത് സംശയം ജനിപ്പിച്ചു. മറ്റൊരു കേസിലെ പ്രതിയെ വൈദ്യ പരിശോധനയ്ക്കായി  ആശുപത്രിയില്‍ എത്തിച്ച പോലിസ് സംഭവം അറിഞ്ഞ് യുവതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. നേരത്തെ സമാനമായ കേസില്‍  യുവതി  പിടിയിലായിരുന്നുവെങ്കിലും പരാതിക്കാര്‍ ഇല്ലാത്തതിനാല്‍ വിട്ടയക്കുകയായിരുന്നു. മാതാവിന്റെ പരാതിയില്‍ യുവതിക്കെതിരേ പയ്യോളി പോലിസ് കേസെടുത്തു.
Next Story

RELATED STORIES

Share it