kannur local

ആശുപത്രികളില്‍ കടുത്ത മരുന്നുക്ഷാമം

മാഹി: മേഖലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകള്‍ക്ക് കടുത്തക്ഷാമം. ആന്റി ബയോട്ടിക്ക് ഗുളികകളായ അമോക് സിലിന്‍, പാരസിറ്റമോള്‍ എന്നിവ ആശുപത്രികളില്‍ ഇല്ലാത്ത അവസ്ഥയാണ്. ചില  ഡിസ്‌പെന്‍സറികളില്‍ മരുന്ന് കമ്പനികള്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കുന്ന സാംപിള്‍ മരുന്നുകള്‍ ഡോക്ടര്‍മാര്‍ നേരിട്ട് രോഗികള്‍ക്ക് നല്‍കുകയാണ്. ഇതോടെ രോഗികള്‍ ആശങ്കയിലാണ്.
നിര്‍ധന രോഗികള്‍ മാഹിയുടെ സമീപ പ്രദേശങ്ങളായ തലശ്ശേരി, പാനൂര്‍, വടകര ഭാഗങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. മാഹിയില്‍ ഒരു ജനറല്‍ ആശുപത്രിയും ഈസ്റ്റ് പള്ളുരില്‍ ഇഎസ്‌ഐ, പന്തക്കലില്‍  പ്രാഥമിക ആരോഗ്യ കേന്ദ്രം, പള്ളൂരില്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എന്നിങ്ങനെ 4 സര്‍ക്കാര്‍ ആശുപത്രികളാണ് പ്രവര്‍ത്തിക്കുന്നത്.
പുതുച്ചേരി ഗോരുമേഡ് സര്‍ക്കാര്‍ ഫാര്‍മസിയില്‍ നിന്നാണ് മാഹി ആശുപത്രികളില്‍ മരുന്നുകള്‍ എത്തുന്നത്. 30,000 ഗുളികകള്‍ ആവശ്യപ്പെട്ടാല്‍ 6 മാസത്തില്‍ എത്തുന്നത് 3000 ഗുളികകള്‍ മാത്രമാണ്. ഇതാണ് മരുന്നു മക്ഷാമത്തിനു കാരണം. അതിനിടെ, മാഹിയെ നിപാ വൈറസ് ബാധ്യതയുള്ള പ്രദേശമായി പുതുച്ചേരി ആരോഗ്യ വകുപ്പ്  പ്രഖ്യാപിച്ച് മാഹി മേഖല മുഴുവന്‍ ആരോഗ്യവകുപ്പ് വാഹനത്തില്‍ പ്രചാരണം നടത്തുന്നത് പ്രഹസനമായി മാറുകയാണ്.
അവശ്യ മരുന്നുകള്‍ എത്തിക്കാതെ ആശുപത്രി ജീവനക്കാര്‍ക്ക് നിപാ ബാധിതരെ ചികില്‍സിക്കേണ്ട മാസ്‌കുകള്‍, കൈയുറകള്‍, അണുബാധ ഏല്‍ക്കാത്ത വസ്ത്രങ്ങള്‍ എന്നിവയെല്ലാം കഴിഞ്ഞ ദിവസം പുതുച്ചേരിയില്‍ നിന്ന് മാഹിയിലെ എല്ലാ ആശുപത്രികളിലും എത്തിച്ചു. ലക്ഷക്കണക്കിന് രൂപ ചെലവിട്ട് ഇത്തരം സാധനങ്ങള്‍ വാങ്ങിക്കൂട്ടുമ്പോഴും മരുന്നുകള്‍ എത്തിക്കാത്തതിനാല്‍ ആരോഗ്യ വകുപ്പിനെതിരേ വിമര്‍ശനമുയരുന്നുണ്ട്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് അവധി പോലും നല്‍കാതെ നിപാ വൈറസിനെതിരേ മരുന്നില്ലാത്ത ആശുപത്രിയില്‍ നിര്‍ത്തിയിരിക്കുന്നതാണ് വിമര്‍ശനത്തിനിടയാക്കുന്നത്.
Next Story

RELATED STORIES

Share it