Cricket

ആശിഷ് നെഹ്‌റ ക്രിക്കറ്റിനോട് വിട പറയുന്നു

ആശിഷ് നെഹ്‌റ ക്രിക്കറ്റിനോട് വിട പറയുന്നു
X


ന്യൂഡല്‍ഹി: നവംബര്‍ ഒന്നിന് ശേഷം ഒരു അന്താരാഷ്ട്ര ക്രിക്കറ്റിലും ആശിഷ് നെഹ്‌റയുടെ കൈകളില്‍ നിന്ന് പന്ത് പറക്കുകയില്ല. എതിരാളികളെ എറിഞ്ഞു വീഴ്ത്തുന്ന ആ ഇരുമ്പന്‍ കൈകള്‍ ദേശീയ ജഴ്‌സിയണിഞ്ഞ് മറ്റൊരു താരത്തെ എറിഞ്ഞു വീഴ്ത്തുകയുമില്ല. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും ആശിഷ് നെഹ്‌റ വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇതോടൊപ്പം ഐപിഎല്ലില്‍ നിന്നും വിരമിക്കുകയാണെന്നും ഇന്ത്യയുടെ മികച്ച സ്വിങ് ബൗളറിലൊരാളായ ഡല്‍ഹിക്കാരന്‍ അറിയിച്ചു. ഇന്നലെയായിരുന്നു വിരമിക്കല്‍ പ്രഖ്യാപനം. ഹോംഗ്രൗണ്ടായ ന്യൂഡല്‍ഹി ഫിറോസ്ഷാ കോട്‌ലാ മൈതാനിയില്‍ ന്യൂസിലന്‍ഡിനെതിരേ നവംബര്‍ ഒന്നിന് നടക്കുന്ന ആദ്യ ട്വന്റി മല്‍സരത്തിനു ശേഷം ജഴ്‌സിയൂരുമെന്ന് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയോടും ക്യാപ്റ്റന്‍ കോഹ്‌ലിയോടും അറിയിച്ചുവെന്ന് 38കാരന്‍ പറഞ്ഞു. ആസ്‌ത്രേലിയക്കെതിരായ ട്വന്റി ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ തന്നെ നെഹ്‌റ വിരമിക്കലടുത്തെന്ന്് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. വിരമിക്കാനുള്ള തീരൂമാനം വ്യക്തിപരമാണ്. ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബൂംറയും ഒക്കെ നന്നായി കളിക്കുന്ന ടീമില്‍ ഇനി തന്റെ ആവശ്യമില്ല. സ്വന്തം നാട്ടുകാരുടെ മുന്നില്‍ കളിച്ച് വിരമിക്കാനുള്ള അവസരം ഇനി ഉണ്ടാവില്ല- വിരമിക്കല്‍ പ്രഖ്യാപിച്ചു കൊണ്ട് നെഹ്‌റ വ്യക്തമാക്കി. 1999ല്‍ അസ്ഹറുദ്ദീന്റെ കീഴില്‍ മുഴുനീള ഫോര്‍മാറ്റായ ടെസ്റ്റിലൂടെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച നെഹ്‌റ തന്റെ കരിയറിലെ ഏറിയ പങ്കും പരിക്കിന്റെ പിടിയിലായിരുന്നു. പിന്നീട് 50 ഓവറിലൂടെ ഈ ഇടംകൈയന്‍ പേസര്‍ ലോക ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു. ഇന്ത്യ റണ്ണേഴ്‌സ് അപ്പായ 2003 ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ നെഹ്‌റയുടെ സാന്നിധ്യം ഏറെ പ്രധാനപ്പെട്ടതായിരുന്നു. അന്ന് 23 റണ്‍സ് വിട്ടു നല്‍കി ഇംഗ്ലണ്ടിന്റെ ആറു വിക്കറ്റ് വീഴ്ത്തിയ നെഹ്‌റ, ഏകദിന കരിയറിലെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ലോകകപ്പില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്. പുറംവേദനയും കാല്‍മുട്ട് വേദനയും ഫിറ്റ്‌നസ്സിന് തടസ്സമായപ്പോള്‍ പിന്നീടുള്ള നാല് വര്‍ഷത്തോളം അദ്ദേഹം അന്താരാഷ്ട്ര കരിയറില്‍ നിന്ന് വിട്ടുനിന്നു. ട്വന്റി ഫോര്‍മാറ്റില്‍ ദേശീയ ജഴ്‌സിയണിഞ്ഞാണ് തിരിച്ചെത്തിയത്. പിന്നീടുള്ള സ്ഥിരതയാര്‍ന്ന ഫോര്‍മാറ്റ് പരിഗണിച്ച സെലക്ടര്‍മാര്‍ ഇന്ത്യ ജേതാക്കളായ 2011 ഏകദിന ലോകകപ്പ് ടീമില്‍ നെഹ്‌റയെ ഉള്‍പ്പെടുത്തി. 2008ല്‍ ഐപിഎല്ലിന്റെ ഭാഗമായ നെഹ്്‌റ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, പൂനെ വാരിയേഴ്‌സ് എന്നീ ടീമുകള്‍ പിന്നിട്ട് 2014ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം ചേര്‍ന്നു. ഇന്ത്യക്കായി 17 ടെസ്റ്റുകളും 120 ഏകദിനങ്ങളും 26 ട്വന്റികളും നെഹ്‌റ കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ നിന്ന് 44 വിക്കറ്റുകളും ഏകദിനത്തില്‍ നിന്ന് 157 വിക്കറ്റും ട്വന്റിയില്‍ നിന്ന് 34 വിക്കറ്റുകളും നെഹ്‌റ സ്വന്തമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it