wayanad local

ആശിക്കുംഭൂമി പദ്ധതി: 15 കോടി വിനിയോഗിക്കാന്‍ കലക്ടര്‍ അനുമതി തേടി

കല്‍പ്പറ്റ: ആശിക്കുംഭൂമി ആദിവാസിക്ക് സ്വന്തം പദ്ധതിയില്‍ 15 കോടി രൂപ വിനിയോഗിക്കുന്നതിനു അനുമതി തേടി ജില്ലാ കലക്ടര്‍ വി കേശേവന്ദ്രകുമാര്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. ആശിക്കുംഭൂമി പദ്ധതിയില്‍ അപേക്ഷ നല്‍കി നിരവധി ആദിവാസി കുടുംബങ്ങള്‍ കാത്തിരിക്കുന്ന സാഹചര്യത്തിലാണിത്.
ജില്ലയിലെ ഭൂരഹിത ആദിവാസി കുടുംബങ്ങള്‍ക്ക് സ്ഥലം വിലയ്ക്കു വാങ്ങി നല്‍കുന്നതിന് 2010 ഫെബ്രുവരി പത്തിന് അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ 50 കോടി രൂപ അനുവദിച്ചിരുന്നു. ഈ പദ്ധതിയില്‍ 11 കോടി രൂപയാണ് ഇതിനകം വിനിയോഗിക്കാനായത്. ബാക്കി 39 കോടി രൂപ കലക്ടര്‍ ചെയര്‍മാനായ ജില്ലാ ആദിവാസി പുനരധിവാസ മിഷന്റെ അക്കൗണ്ടിലുണ്ട്.
ഈ തുകയില്‍ 15 കോടി രൂപ ആശിക്കുംഭൂമി ആദിവാസിക്ക് സ്വന്തം പദ്ധതിയില്‍ ഉപയോഗപ്പെടുത്തുന്നതിന് അനുമതി ആവശ്യപ്പെട്ടാണ് കലക്ടറുടെ കത്ത്. ഇതില്‍ സര്‍ക്കാര്‍ തീരുമാനം വൈകാതെ ഉണ്ടാവുമെന്നാണ് സുചന.
യുഡിഎഫ് സര്‍ക്കാര്‍ 2013 സപ്തംബര്‍ മൂന്നിനു പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് പ്രാബല്യത്തിലായതാണ് ആശിക്കുംഭൂമി ആദിവാസിക്ക് സ്വന്തം പദ്ധതി. അര്‍ഹരായ ഗുണഭോക്താക്കള്‍ സ്വയം കണ്ടെത്തുന്ന 25 സെന്റ് മുതല്‍ ഒരു ഏക്കര്‍ വരെയുള്ളതും പരമാവധി 10 ലക്ഷം രൂപ വിലവരുന്നതുമായ ഭൂമി വാസത്തിനും കൃഷിക്കും യോജിച്ചതാണോ എന്നു പരിശോധിച്ച് വാങ്ങി നല്‍കുന്ന ഈ പദ്ധതിയില്‍ ഗുണഭോക്താക്കളാവുന്നതിന് നൂറുകണക്കിന് അപേക്ഷകളാണ് ജില്ലാ ഭരണകൂടത്തിന് ലഭിച്ചത്.
ഈ പദ്ധതിയില്‍ ജില്ലയില്‍ 330 ആദിവാസികള്‍ക്ക് 115.77 ഏക്കര്‍ ഭൂമിയാണ് ഇതിനകം നല്‍കിയത്. സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ 87 (32.54 ഏക്കര്‍), മാനന്തവാടിയില്‍ 67 (27 ഏക്കര്‍), വൈത്തിരി താലൂക്കില്‍ 166 (50.83) കുടുംബങ്ങള്‍ക്കാണ് ഭൂമി ലഭിച്ചത്. ഫണ്ടിന്റെ അഭാവത്തില്‍ ആശിക്കുംഭൂമി പദ്ധതി അവതാളത്തിലായതു നിരവധി ആദിവാസി കുടുംബങ്ങളെ നിരാശരാക്കിയിരുന്നു. സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയാല്‍ ആശിക്കുംഭൂമി പദ്ധതിയില്‍ കുറഞ്ഞത് 150 ആദിവാസി കുടുംബങ്ങള്‍ക്കു കൂടി ഭൂമി ലഭ്യമാക്കാമെന്ന കണക്കുകൂട്ടലിലാണ് ജില്ലാ ഭരണകൂടം.
സംസ്ഥാനത്ത് 14,200 ഭൂരഹിത ആദിവാസി കുടുംബങ്ങള്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ 2010 ഫെബ്രുവരി 22ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍. ഇതില്‍ ഏറെയും വയനാട്ടിലാണ്. യുഡിഎഫ് സര്‍ക്കാര്‍ 2015 മാര്‍ച്ച് 11 വരെ സംസ്ഥാനത്തെ ഭൂരഹിത ആദിവാസികളില്‍ 9,989 പേര്‍ക്ക് 13,662.377 ഏക്കര്‍ ഭൂമി ലഭ്യമാക്കിയിരുന്നു. ആദിവാസി പുനരധിവാസ വികസന ദൗത്യം, ഭൂരഹിതരില്ലാത്ത കേരളം, 1975ലെ കെഎസ്ടി നിയമം (കേരള ഷെഡ്യൂള്‍ഡ് ട്രൈബ്‌സ്-റെസ്ട്രിക്ഷന്‍ ഓഫ് ട്രാന്‍സ്ഫര്‍ ഓഫ് ലാന്റ് ആന്റ് റസ്റ്ററേഷന്‍ ഓഫ് ഏലിയനേറ്റഡ് ലാന്റ്- ആക്റ്റ്), വനാവകാശ നിയമം, ആശിക്കും ഭൂമി ആദിവാസിക്ക് സ്വന്തം പദ്ധതികളിലൂടെയായിരുന്നു ഇത്.
വനാവകാശ നിയമം അനുസരിച്ച് 8,222 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് 12,652.22 എക്കര്‍ ഭൂമിയിലാണ് ഉടമസ്ഥാവകാശം ലഭിച്ചത്. ആദിവാസി പുരരധിവാസ വികസന ദൗത്യം മുഖേന 770 കുടുംബങ്ങള്‍ക്ക് 730.52 ഏക്കര്‍ ഭൂമിയിലും. റവന്യൂവകുപ്പ് നടപ്പാക്കിയ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ 450 കുടുംബങ്ങള്‍ക്ക് മൂന്നു സെന്റ് വീതം ഭൂമി നല്‍കി.
13.5 ഏക്കറാണ് ആകെ വിതരണം ചെയ്തത്. കെഎസ്ടി നിയമം അനുസരിച്ച് 2013-14ല്‍ പാലക്കാട് ജില്ലയിലെ തത്തമംഗലം വില്ലേജില്‍ 120 ആദിവാസി കുടുംബങ്ങള്‍ക്ക് ഓരോ ഏക്കര്‍ ഭൂമി നല്‍കി. റവന്യൂവകുപ്പ് മുഖേനയായിരുന്നു വിതരണം. ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ മുത്തങ്ങ സമരത്തില്‍ പങ്കെടുത്തതില്‍ 285 ആദിവാസി കുടുംബങ്ങള്‍ക്ക് കഴിഞ്ഞ മാസം ഒരോ ഏക്കര്‍ ഭൂമിയുടെ അവകാശരേഖ ലഭിച്ചു. നൂല്‍പ്പുഴയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയാണ് അവകാശരഖേ വിതരണം ഉദ്ഘാടനം ചെയ്തത്.
Next Story

RELATED STORIES

Share it