'ആശാറാം ബാപ്പു സാക്ഷിയെ വധിക്കാന്‍ ഗൂഢാലോചന നടത്തി'

അഹ്മദാബാദ്: 2008ല്‍ രണ്ട് ബാലന്മാര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ എതിരായി മൊഴി നല്‍കിയ സാക്ഷിയെ കൊലപ്പെടുത്താന്‍ ആള്‍ദൈവം ആശാറാം ബാപ്പു ഗൂഢാലോചന നടത്തിയെന്നു വെളിപ്പെടുത്തല്‍. പോലിസിന്റെ ചോദ്യംചെയ്യലില്‍ ആശാറാമിന്റെ അനുയായി കെ സി പട്ടേലാണ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് പട്ടേല്‍ കോടതിയില്‍ കീഴടങ്ങിയത്. കേസിലെ സാക്ഷി രാജു ചന്ദകിനെ ആക്രമിക്കാന്‍ ധനസഹായം ചെയ്തത് പട്ടേലാണെന്നാണ് ആരോപണം.
ആശാറാമിന്റെ അഹ്മദാബാദിലെ ആശ്രമത്തിനടുത്തു താമസിക്കുന്ന കുട്ടികളാണ് 2008ല്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. സാക്ഷിയായ ചന്ദകിനെ കൊലപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കാന്‍ ബാപ്പു തന്നോട് ആവശ്യപ്പെട്ടെന്ന് പട്ടേല്‍ സമ്മതിച്ചതായി പോലിസ് ജോയിന്റ് കമ്മീഷണര്‍ ജെ കെ ഭട്ട് അറിയിച്ചു. ബാപ്പുവിന്റെ ചില കൃത്യങ്ങള്‍ ചന്ദക് ഒളികാമറയില്‍ പകര്‍ത്തിയിരുന്നു. ദൃശ്യങ്ങളടങ്ങിയ സിഡി ചന്ദക് പോലിസിനു കൈമാറിയിരുന്നു. ഇതില്‍ അസ്വസ്ഥനായ ബാപ്പു അയാളെ കൊല്ലാന്‍ പട്ടേലിനു നിര്‍ദേശം നല്‍കി. കൊലപാതകത്തിന് കാര്‍ത്തിക് ഹാള്‍ദാറിന്റെ സഹായവും തേടി.
ചന്ദകിനെ വെടിവയ്ക്കാനുപയോഗിച്ച തോക്ക് ആശ്രമത്തിനടുത്ത നദിയിലാണ് എറിഞ്ഞത്. കുട്ടികളുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ജ. ഡി കെ ത്രിവേദി കമ്മീഷനു മുമ്പാകെ ചന്ദക് മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് അയാളെ വധിക്കാന്‍ ബാപ്പു തീരുമാനിച്ചതെന്നും ഭട്ട് പറഞ്ഞു. ബാപ്പുവിന്റെ ആശ്രമം നടത്തുന്ന ഗുരുകുലത്തിലെ വിദ്യാര്‍ഥികളായിരുന്നു മരിച്ച കുട്ടികള്‍. സബര്‍മതി നദിയുടെ തീരത്താണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. പട്ടേലിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ബാപ്പുവിനെതിരേ നടപടയെടുക്കുമെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it