ആശയ ഭിന്നതകള്‍ മാറ്റിവച്ച് ഒറ്റക്കെട്ടായി പ്രതിഷേധം

കോഴിക്കോട്: ഫാറൂഖ് ട്രെയിനിങ് കോളജ് അധ്യാപകന്‍ ജൗഹര്‍ മുനവ്വറിനെതിരേ കേസെടുത്ത പോലിസ് നടപടിക്കെതിരേ ആശയഭിന്നത മാറ്റിവച്ച് മുസ്‌ലിം സംഘടനകള്‍ രംഗത്തെത്തി. മുജാഹിദ് പണ്ഡിതനെതിരേ കേസെടുത്തതില്‍ പ്രതിഷേധിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നേതാക്കളാണ് ആദ്യംതന്നെ പരസ്യമായി രംഗത്തുവന്നത്. സമസ്ത നേതാവും എസ്‌വൈഎസ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ നാസര്‍ ഫൈസി കൂടത്തായി പോലിസ് നിലപാടിനെതിരേ റാലിക്ക് ആഹ്വാനം ചെയ്ത് ഇറക്കിയ ഫേസ് ബുക്ക് പോസ്റ്റും വോയ്‌സ് ക്ലിപ്പും  വൈറലായി.
വൈകീട്ട് കൊടുവള്ളി പോലിസ് സ്‌റ്റേഷനിലേക്ക് എസ്‌വൈഎസ് നടത്തിയ റാലിയില്‍ ആയിരങ്ങളാണ് അണിനിരന്നത്. തങ്ങളുടെ ആശയങ്ങളോട് ശക്തമായ വിയോജിപ്പ് പുലര്‍ത്തുന്ന സംഘടനാ നേതാവിന് വേണ്ടി സുന്നി സംഘടന തെരുവിലിറങ്ങുന്നത് ഇത് ആദ്യമായിരിക്കും. കൊടുവള്ളിയില്‍ ഇന്നലെ ഉച്ചയ്ക്ക് തന്നെ വിവിധ രാഷ്ട്രീയ, മത സംഘടനാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധറാലി നടന്നിരുന്നു. കൊടുവള്ളി ജുമാമസ്ജിദ് ഖത്തീബ് ബഷീര്‍ റഹ്മാനിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ മഹല്ല് ഭാരവാഹികള്‍, മുസ്്‌ലിംലീഗ്, പോപുലര്‍ ഫ്രണ്ട്, ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍, എസ്ഡിപിഐ, എന്‍എസ്‌സി, മഹല്ല് യൂത്ത്‌വിങ് തുടങ്ങിയ സംഘടനാ പ്രവര്‍ത്തകരും നാട്ടുകാരും പങ്കെടുത്തു.
മുസ്‌ലിംലീഗ്, സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ, കേരളാ നദ്‌വത്തുല്‍ മുജാഹിദീന്‍, ജമാഅത്തെ ഇസ്‌ലാമി- കേരള, വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക മിഷന്‍, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ തുടങ്ങിയ സംഘടനകള്‍ പോലിസ് നീക്കത്തെ അപലപിച്ച് സംയുക്ത പ്രസ്താവനയിറക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ജൗഹര്‍ മുനവ്വറിനെതിരേ നിലപാടെടുത്തതിന്റെ പേരില്‍ ഏറെ വിമര്‍ശന വിധേയരായ മുസ്‌ലിം യൂത്ത്‌ലീഗ് നിലപാട് തിരുത്തി അധ്യാപകന് വേണ്ടി രംഗത്തെത്തി.
അബ്ദുന്നാസിര്‍ മഅ്ദനി, ശംസുദ്ദീന്‍ പാലത്ത്, എം എം അക്ബര്‍, ജൗഹര്‍ മുനവ്വര്‍ എന്നിങ്ങനെ പോലിസ് വേട്ടയാടുന്ന മുസ്്‌ലിം പണ്ഡിതന്‍മാരുടെ ലിസ്റ്റ് നീണ്ടുകൊണ്ടിരിക്കുന്നത് ആശങ്കയോടെയാണ് സമുദായം നോക്കിക്കാണുന്നതെന്നതിന്റെ സൂചനയാണ് പ്രതിഷേധം. പോലിസിന്റെയും ഇടത് യുവജന വിദ്യാര്‍ഥി സംഘടനകളുടെയും സംഘപരിവാരത്തിന്റെയുമെല്ലാം മുസ്‌ലിം വിരുദ്ധതയുടെ ഭാഗമാണ് ജൗഹറിനും ഫാറൂഖ്‌കോളജിനുമെതിരായ നീക്കമെന്നും ഭയപ്പെടേണ്ടെന്നും തങ്ങള്‍ ഒപ്പമുണ്ടാവുമെന്നും അറിയിച്ച് വിവിധ സുന്നി നേതാക്കള്‍ തന്നെ വിളിച്ചിരുന്നതായി ജൗഹര്‍ മുനവ്വര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അതിനിടെ ജൗഹറിനെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടില്ലെന്ന് കൊടുവള്ളി പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it