Kottayam Local

ആശങ്ക പരത്തി ഡെങ്കിപ്പനിയും; പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പാളിച്ച

കോട്ടയം: മഴ ശക്തമായതിന് പിന്നാലെ കോട്ടയം ജില്ലയില്‍ പകര്‍ച്ചപ്പനിയും പടരുന്നു. ജില്ലയില്‍ ഇന്നലെ മാത്രം 435 പേര്‍കൂടി പനി ബാധിച്ച് ചികില്‍സ തേടി. ഒരാഴ്ചയ്ക്കിടെ 2,200 പേരെയാണ് പനിയെത്തുടര്‍ന്ന് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. നഗരസഭയിലും ജില്ലയിലെ കിഴക്കന്‍ മലയോരമേഖലയിലുമുള്‍പ്പടെ ഡെങ്കിപ്പനിയും ആശങ്കപരത്തുകയാണ്. മുണ്ടക്കയം, പെരുവന്താനം, എരുമേലി, മണിമല, ചിറക്കടവ്, കാഞ്ഞിരപ്പള്ളി മേഖലകളിലാണ് പനി വ്യാപകമായി പടരുന്നത്. ഒരുമാസത്തിനിടെ 6,799 പേര്‍ക്ക് പനി ബാധിച്ചതായാണ് ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്ക്. രണ്ടുപേര്‍ മരണപ്പെടുകയും ചെയ്തു. ഒരാള്‍ ന്യുമോണിയ ബാധിച്ചും മരിച്ചിട്ടുണ്ട്. അഞ്ചുമാസത്തിനകം ജില്ലയില്‍ ആകെ 27,333 പേരാണ് പനിയെത്തുടര്‍ന്ന് ചികില്‍സ തേടിയിട്ടുള്ളത്. അതേസമയം, പനിബാധിതരായി നൂറുകണക്കിനാളുകളാണ് ഓരോ ദിവസവും സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ തേടുന്നത്. സര്‍ക്കാര്‍ ആശുപത്രികളുടെ കണക്കുകള്‍ മാത്രമാണ് ആരോഗ്യവകുപ്പ് ശേഖരിക്കുന്നത്.
സ്വകാര്യാശുപത്രികളുടെ കണക്കുകള്‍കൂടി ലഭിച്ചാല്‍ പനിബാധിതരുടെ എണ്ണം ഇരട്ടിയാവും. അഞ്ചുപേര്‍ക്ക് ഒരുമാസത്തിനിടെ ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നതെങ്കിലും സ്വകാര്യ ആശുപത്രികളില്‍ നിരവധി പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായാണ് റിപോര്‍ട്ട്. ചിക്കന്‍പോക്‌സും മഞ്ഞപ്പിത്തവും വയറിളക്കവും ആശങ്കപരത്തുന്നുണ്ട്. ഇന്നലെ 59 പേര്‍ക്കാണ് വയറിളക്കം പിടിപെട്ടത്. ഈ ആഴ്ച തന്നെ വയറിളക്കം ബാധിച്ചവരുടെ എണ്ണം 399 ആയി. ഈമാസം എട്ട് മഞ്ഞപ്പിത്ത കേസുകളും 52 ചിക്കന്‍പോക്‌സ് കേസുകളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈവര്‍ഷം തുടങ്ങി ഇതുവരെ മൂന്നുപേര്‍ക്ക് സ്‌ക്രബ്‌ഡൈഫസും സ്ഥിരീകരിച്ചു. കോട്ടയം ജില്ല കഴിഞ്ഞ കുറച്ചുകാലങ്ങളായി പകര്‍ച്ചവ്യാധികളില്‍നിന്ന് മുക്തമല്ലെന്നാണ് ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. കോട്ടയം നഗരസഭയിലാണ് ഏറെക്കുറെ കൂടുതല്‍ പകര്‍ച്ചവ്യാധികളും ആദ്യം പടര്‍ന്നുപിടിക്കുന്നത്. മാലിന്യങ്ങള്‍ വഴിയരികില്‍ നിക്ഷേപിക്കുന്നതും മാലിന്യനിര്‍മാര്‍ജനത്തില്‍ നഗരസഭ വേണ്ടത്ര ശ്രദ്ധ കാണിക്കാത്തതുമാണ് ഇതുപോലുള്ള പകര്‍ച്ചവ്യാധികള്‍ പടരാനുള്ള പ്രധാന കാരണം.
കിഴക്കന്‍ മേഖലകളിലാണെങ്കില്‍ റബര്‍തോട്ടത്തില്‍നിന്നും പെരുകുന്ന കൊതുകുകളാണ് ഭീഷണി സൃഷ്ടിക്കുന്നത്. ടാപ്പിങ് മുടങ്ങിക്കിടക്കുന്ന റബര്‍തോട്ടങ്ങളില്‍ ചിരട്ട കമിഴ്ത്തിവയ്ക്കാത്തതാണ് കൊതുക് പെരുകാനുള്ള പ്രധാന കാരണം. വ്യാപകമായ കൈതകൃഷിയും കൊതുകുപെരുകാന്‍ കാരണമാവുന്നുണ്ട്. കൈതച്ചെടിയുടെ പോളകളില്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തിലാണ് കൊതുകുകള്‍ മുട്ടയിടുന്നത്. എന്നാല്‍, ആരോഗ്യവകുപ്പിന്റെയും നഗരസഭയുടെയും മഴക്കാല പൂര്‍വശുചീകരണപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാവുന്നില്ലെന്നാണ് വര്‍ധിച്ചുവരുന്ന പനി കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൊതുകുനശീകരണത്തിന് വാര്‍ഡ് തലത്തില്‍ ഫോഗിങ് ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇനിയും ആരംഭിച്ചിട്ടുണ്ട്. മാസങ്ങള്‍ മുമ്പ് ചേരേണ്ട മഴക്കെടുതി, പകര്‍ച്ചവ്യാധി മുന്നൊരുക്ക യോഗം കഴിഞ്ഞദിവസം മാത്രമാണ് കലക്ടര്‍ വിളിച്ചുചേര്‍ത്തത്.
Next Story

RELATED STORIES

Share it