ആശങ്ക നിറഞ്ഞ 36 മണിക്കൂറിന് ശേഷം ദീപ്തി തിരിച്ചെത്തി

ന്യൂഡല്‍ഹി: ബുധനാഴ്ച രാത്രി ഡല്‍ഹിയില്‍ നിന്നും അപ്രത്യക്ഷയായ ദീപ്തി സര്‍ന (24) ആശങ്കയുടെ 36 മണിക്കൂറുകള്‍ക്ക് ശേഷം തിരിച്ചെത്തി. ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങവെ മെട്രോ സ്‌റ്റേഷനില്‍ നിന്നു ബസ് സ്റ്റാന്റിലേക്കുള്ള യാത്രാമധ്യേയാണ് ദീപ്തിയെ കാണാതാവുന്നത്. അതിനിടയില്‍ തന്നെ വിളിച്ച ദീപ്തി കരയുന്ന ശബ്ദം കേട്ടെന്നും പിന്നീട് ഫോണ്‍ കട്ടായെന്നും പറഞ്ഞു കൊണ്ട് ദീപ്തിയുടെ സുഹൃത്ത് അവരെ കാത്ത് ബസ് സ്റ്റാന്റില്‍ നില്‍ക്കുകയായിരുന്ന പിതാവിന് ഫോണ്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് പിതാവിന്റെ പരാതിയെ തുടര്‍ന്ന് ഡല്‍ഹി, യുപി പോലിസുകാര്‍ വ്യാപക തിരച്ചിലാണ് ദീപ്തിക്കായി നടത്തിയത്.
ഇന്നലെ ഡല്‍ഹിയിലെ മാധ്യമങ്ങളില്‍ പലതിലും ദീപ്തി അപ്രത്യക്ഷമായത് ഒന്നാം പേജ് വാര്‍ത്തയായി. അവര്‍ ജോലി ചെയ്തിരുന്ന സ്‌നാപ്ഡീലും ദീപ്തിയെ കണ്ടെത്താന്‍ വേണ്ടി സാമൂഹിക മാധ്യമങ്ങളില്‍ കാംപയിന്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഇന്നലെ രാവിലെ ഏഴ് മണിയോടു കൂടി താന്‍ ഹരിയാനയിലെ പാനിപ്പത്തില്‍ ഉണ്ടെന്നും ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ കൂട്ടാന്‍ വരണമെന്നും ദീപ്തി വീട്ടിലേക്ക് ഫോണ്‍ ചെയ്തു. പിന്നീട് വീട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന ദീപ്തി തന്നെ തട്ടിക്കൊണ്ട് പോയവര്‍ ഉപദ്രവിച്ചില്ലെന്ന് പോലിസിനോട് പറഞ്ഞു. തട്ടിക്കൊണ്ട് പോയത് ചെറുകിട കവര്‍ച്ച നടത്തുന്ന സംഘമാവാനാണ് സാധ്യതയെന്നും ഇവര്‍ ദീപ്തിയെ ശാരീരികോപദ്രവം ഏല്‍പിച്ചിട്ടില്ലെന്നും ഗാസിയാബാദ് പോലിസ് സീനിയര്‍ എസ്പി ധര്‍മേന്ദ്ര സിങ് പറഞ്ഞു.
ബുധനാഴ്ച രാത്രി മുഴുവന്‍ തട്ടിക്കൊണ്ട് പോയവര്‍ ദീപ്തിയെയും കൊണ്ട് യാത്ര തുടരുകയായിരുന്നുവെന്നും പിന്നീടാണ് പുലര്‍ച്ചയോടെ ഇവരെ ഹരിയാനയിലെ ഒരു റെയില്‍വേ സ്റ്റേഷനില്‍ ഡല്‍ഹിയിലേക്കുള്ള വണ്ടിയില്‍ കയറ്റി വിടുകയും ചെയ്തതെന്ന് പോലിസ് പറഞ്ഞു.തട്ടിക്കൊണ്ട് പോയ സംഘത്തോടൊപ്പം ബൈക്കിലും കാറിലും സഞ്ചരിക്കേണ്ടി വന്ന ദീപ്തിക്ക് കിലോ മീറ്ററുകള്‍ ഇവര്‍ക്കൊപ്പം നടക്കേണ്ടി വന്നുവെന്നും സിങ് പറഞ്ഞു.വൈശാലി മെട്രോ സ്‌റ്റേഷനില്‍ നിന്ന് ഗാസിയാബാദ് ബസ് സ്റ്റാന്റിലേക്കുള്ള യാത്രാമധ്യേയാണ് രാത്രി എട്ട് മണിയോട് കൂടി ദീപ്തിയെ കാണാതാവുന്നത്. ഇവരുടെ ഫോണും ബാഗും നഷ്ടപ്പെട്ടിട്ടുണ്ട്. തട്ടിക്കൊണ്ടു പോയവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പോലിസ് തുടരുകയാണ്.

Next Story

RELATED STORIES

Share it