Flash News

ആശങ്ക അകന്നു; നഴ്‌സ് ലിനിയുടെ മക്കള്‍ക്ക് നിപായല്ല

ആശങ്ക അകന്നു; നഴ്‌സ് ലിനിയുടെ മക്കള്‍ക്ക് നിപായല്ല
X


കോഴിക്കോട്: നിപാ വൈറസ് ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ മക്കള്‍ക്ക് നിപാ ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ലിനിയുടെ രണ്ട് മക്കളെയും പനി ബാധിച്ച് മെയ് 28ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാതൃശിശു വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ ലഭിച്ച പരിശോധനാ ഫലപ്രകാരം കുട്ടികള്‍ക്ക് നിപായല്ലെന്ന് സ്ഥിരീകരിച്ചു. രണ്ടു കുട്ടികളും ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്കു മടങ്ങി. അതോടൊപ്പം ഇന്നലെ റിസള്‍ട്ട് വന്ന മറ്റു ടെസ്റ്റുകളും നെഗറ്റീവ് ആയിരുന്നുവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

കുട്ടികള്‍ക്ക് പനി ബാധിച്ച വാര്‍ത്ത അറിഞ്ഞ് സോഷ്യല്‍ മീഡിയയിലും മറ്റും നിരവധി പേര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ത്യാഗത്തിന്റെ പ്രതീകമായി മാറിയ ലിനിയുടെ മക്കള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥനകളായിരുന്നു എല്ലാവരുടെ ചുണ്ടിലും. കുട്ടികളെ ബാധിച്ചത് സാധാരണ പനിയാണെന്ന് വ്യക്തമായതോടെ ആശ്വാസത്തിന്റെ നെടുവീര്‍പ്പിടുകയാണ് ബന്ധുക്കളും നാട്ടുകാരും.

ഇതോടെ നിപാ പനിയുടെ ഭീതി  ഒഴിയുകയാണെന്നും ആരോഗ്യപ്രവര്‍ത്തകരുടേയും പൊതുജനത്തിന്റെയും നിതാന്ത ജാഗ്രതയും അശ്രാന്ത പരിശ്രമത്തിന്റെയും വിജയമാണിതെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

മാരകമായ നിപാ വൈറസെന്ന് തിരിച്ചറിയുന്നതിന് മുമ്പ് രോഗിയെ പരിചരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായിരുന്നു കോഴിക്കോട് ചെമ്പനോട സ്വദേശി ലിനി. താന്‍ പരിചരിച്ച സാബിത്ത് എന്ന രോഗിയില്‍ നിന്ന് പകര്‍ന്ന വൈറസ് തന്നെയാണ് ലിനിയുടെ ജീവനും എടുത്തത്.
ചങ്ങരോത്ത് സൂപ്പിക്കടയിലെ വളച്ചുകെട്ട് മൊയ്തു ഹാജിയുടെ ഭാര്യ കണ്ടോത്ത് മറിയം, മറിയത്തിന്റെ ഭര്‍തൃ സഹോദരന്റെ മക്കളായ സാലിഹ്, സാബിത്ത് എന്നിവരിലാണ് ആദ്യം ഈ വൈറസ് ബാധ കണ്ടെത്തുന്നത്. ദിവസങ്ങള്‍ക്കകം മൂവരും മരിച്ചു. അതിന് പിന്നാലെയാണ് സാബിത്തിനെ പരിചരിച്ച ലിനിയും മരണത്തിന് കീഴടങ്ങുന്നത്.
Next Story

RELATED STORIES

Share it