ആശങ്കയൊഴിയാതെ സിപിഎം കണ്ണൂര്‍ ലോബി

സ്വന്തം പ്രതിനിധി

കണ്ണൂര്‍: നാലു വര്‍ഷത്തിലേറെ നീണ്ട അപ്രഖ്യാപിത രാഷ്ട്രീയവിലക്കിനു ശേഷം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു കണ്ണൂരിലെത്തുന്നു. വിഎസിന്റെ വരവ് സിപിഎം കണ്ണൂര്‍ ലോബിയെ വീണ്ടും ആശങ്കയിലാക്കി. സിപിഎം ഔദ്യോഗിക വിഭാഗത്തിന്റെ നിലപാടുകളെ കടന്നാക്രമിക്കുന്ന വിഎസിന്റെ ശൈലി ഇത്തവണയും ഉണ്ടാവുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
അതേസമയം, ഫസല്‍ വധക്കേസ് പ്രതികളായ കാരായിമാരുടെ മണ്ഡലങ്ങളില്‍ വി എസ് പ്രചാരണം നടത്തില്ല. കാരായിമാരുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ചര്‍ച്ചകള്‍ ഉണ്ടായപ്പോള്‍ മൗനം പാലിച്ച വിഎസ് പാര്‍ട്ടി തീരുമാനത്തിനെതിരേ കണ്ണൂരില്‍ നിലപാടെടുക്കുകയാണെങ്കില്‍ തിരഞ്ഞെടുപ്പ് ചിത്രംതന്നെ മാറിമറിഞ്ഞേക്കും. മനോജ് വധക്കേസ് സിബിഐക്കു വിട്ടതിനെ അനുകൂലിച്ച വിഎസ് കാരായിമാരുടെ വിഷയത്തില്‍ മൗനം തുടരുന്നത് പാര്‍ട്ടിക്ക് ആശ്വാസം നല്‍കിയിരുന്നു. എന്നാല്‍, ഏതുനിമിഷവും പാര്‍ട്ടിയെ പ്രതിരോധത്തിലാഴ്ത്തുമോയെന്നാണ് കണ്ണൂര്‍ ലോബിയുടെ ആശങ്ക.
28ന് ജില്ലയിലെത്തുന്ന വിഎസ് അന്ന് രാവിലെ 10ന് ആലക്കോട്, 11.30 തളിപ്പറമ്പ് ടൗണ്‍
സ്‌ക്വയര്‍, 12.30 ശ്രീകണ്ഠപുരം, 3.30 ഇരിട്ടി, 5.30 കണ്ണൂര്‍ എന്നിവിടങ്ങളില്‍ പ്രചാരണപരിപാടികളില്‍ പങ്കെടുക്കും. എല്‍ഡിഎഫിന്റെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണിക്കുന്ന കാരായി രാജന്‍ ജില്ലാപഞ്ചായത്തിലെ പാട്യം ഡിവിഷനില്‍നിന്നു ജനവിധി തേടും. തലശ്ശേരി നഗരസഭയിലെ ചിള്ളക്കര വാര്‍ഡില്‍നിന്നാണ് ചന്ദ്രശേഖരന്‍ മല്‍സരിക്കുന്നത്. ഫസല്‍ വധഗൂഢാലോചനയില്‍ സിബിഐ അറസ്റ്റ് ചെയ്ത ഇരുവര്‍ക്കും ജില്ലയില്‍ പ്രവേശിക്കാന്‍ വിലക്കുള്ളതിനാല്‍ നാട്ടിലെത്തി പ്രചാരണത്തിനിറങ്ങാന്‍ കഴിഞ്ഞിട്ടില്ല.
അതിനിടെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര് ഇടതുമുന്നണിയെ നയിക്കും എന്നത് സംബന്ധിച്ചും പുതിയ ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. വിഎസിനു വേണ്ടി സിപിഐ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.
എന്നാല്‍, മുന്‍വര്‍ഷങ്ങളില്‍നിന്നു വ്യത്യസ്തമായി വിഎസ് കണ്ണൂരിലെത്തുന്നതിന് അനുകൂല ഘടകങ്ങളുണ്ടെന്നാണ് വിലയിരുത്തല്‍. പിണറായി വിജയനെ സാമ്രാജ്യത്വത്തിന്റെ ദത്തുപുത്രനെന്നു വിശേഷിപ്പിച്ചതിനെത്തുടര്‍ന്ന് പാര്‍ട്ടിയില്‍നിന്നു പുറത്താക്കപ്പെട്ട ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ പുനപ്രവേശനം തന്നെയാണ് ഇതില്‍ പ്രധാനം. വിഎസിന്റെ സന്തതസഹചാരിയായ ബര്‍ലിന്‍ ഇപ്പോള്‍ എല്ലാംമറന്ന് ചെങ്കൊടിക്കു കീഴില്‍ അണിനിരന്നിരിക്കുകയാണ്. മുമ്പ് പാര്‍ട്ടിവിലക്ക് മറികടന്ന് വിഎസ് ബര്‍ലിന്റെ നാറാത്തെ വീട് സന്ദര്‍ശിച്ചത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇക്കുറി ബര്‍ലിന്‍ ഒപ്പമുള്ളതിനാല്‍ ആ വിധത്തിലും പാര്‍ട്ടിക്കു ആശ്വാസമുണ്ട്.
ഔദ്യോഗിക പക്ഷത്തിന്റെ കോട്ടയായ കണ്ണൂരില്‍ കഴിഞ്ഞ നാലുവര്‍ഷത്തിലേറെയായി വിഎസ് അച്യുതാനന്ദനു അപ്രഖ്യാപിത വിലക്കാണ്. ടിപി വധത്തിനു ശേഷം ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ച് പാര്‍ട്ടിയെ പൂര്‍ണമായും പ്രതിരോധത്തിലാക്കിയ വിഎസിന്റെ നടപടി ഔദ്യേഗിക പക്ഷത്തെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്.
Next Story

RELATED STORIES

Share it