Kottayam Local

ആശങ്കയൊഴിഞ്ഞ്് ആശുപത്രി അധികൃതരും ജനങ്ങളും

ആര്‍പ്പൂക്കര: നിപ വൈറസ് ബാധ സംശയത്തെ തുടര്‍ന്ന് മൂന്നു ദിവസമായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉണ്ടായിരുന്ന ആശങ്കക്ക് വിരാമമിടുകയും രോഗികളുടെ ആശുപത്രിയിലേക്കുള്ള വരവ് സാധാരണ ഗതിയില്‍ ആവുകയും ചെയ്തു. ബുധനാഴ്ച രാവിലെ 11ന് കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ 57 കാരന്‍ ശ്വാസം മുട്ടലും പനിയുമായി ഇവിടെ ചികില്‍സ തേടിയെത്തി.
കോഴിക്കോട് പേരാമ്പ്രയിലാണ് നിപാ വൈറസ് രോഗബാധിതര്‍ ഉള്ളതെന്നതിനാല്‍ ഇയാള്‍ ആശുപത്രിയിലെത്തിയ സമയം മുതല്‍ ഡോകടര്‍മാരും, നേഴ്‌സ് അടക്കമുള്ള മുഴുവന്‍ ജീവനക്കാരും ഭയാശങ്കയിലായി. വിവരം കാട്ടതീ പോലെ മുഴുവന്‍ വാര്‍ഡുകളിലും അറിഞ്ഞതോടെ രോഗികളും കൂട്ടിരിപ്പുകാരും അസ്വസ്ഥരായി. രാവിലെ പേരാമ്പ്ര സ്വദേശിയെ മെഡിസിന്‍ ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റില്‍ പ്രവേശിപ്പിച്ചശേഷം അന്ന് വൈകിട്ട്  അഞ്ചിന് കോഴിക്കോട് പഴയങ്ങാടി സ്വദേശിയും, കൂത്താട്ടുകുളം സ്വകാര്യ എന്‍ജിനിയറിങ് കോളജിലെ വിദ്യാഥിയും കടുത്ത പനിമൂലം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. രാത്രി 8.30ഓടെ കോഴിക്കോട് മെഡിക്കല്‍ കോളജിലെ നഴ്‌സിങ് വിദ്യാര്‍ഥിനിയും കോട്ടയം പാത്താമുട്ടം സ്വദേശിനിയുമായ 19കാരിയെയും  മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് സ്വദേശികളായ രണ്ടു പേരും, കോഴിക്കോട് പഠിക്കുന്ന വിദ്യാര്‍ഥിനിയും അടക്കം മൂന്നു പേര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെടുകയും ഇവരെ പ്രത്യേകനീരിക്ഷണത്തിലാക്കുകയും ചെയ്തതോടെ പൊതുജനങ്ങളും ആശാങ്കാകുലരായി. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ മുതല്‍ സാധാരണ ജീവനക്കാര്‍ വരെ മാസ്‌ക് ധരിക്കുവാന്‍ തുടങ്ങി. ആശുപത്രിയുമായി ബന്ധപ്പെട്ട മുഴുവന്‍ പേരും മാസ്‌ക് ധരിച്ച് കാണപ്പെട്ടത് ആശുപത്രിയിലെത്തുന്നവരെയും  ഭയപ്പെടുന്നതിന് കാരണമായി.
പിന്നീട് നിപാ വൈറസ് ബാധ സംശയിച്ച പേരാമ്പ്ര സ്വദേശിയുടേയും, കോട്ടയം കാരിയുടേയും രക്തം, മൂത്രം, തൊണ്ടയില്‍ നിന്നുള്ള സ്രവം എന്നിവ ശേഖരിച്ച് മണിപ്പാലിലുള്ള വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയക്കുകയും ഇന്നലെ അവിടെ നിന്നും ഇവര്‍ക്ക് നിപാ വൈറസ് ബാധിച്ചിട്ടില്ലെന്നുള്ള അറിയിപ്പ് കോട്ടയം ഡിഎംഒ വഴി മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് ലഭിക്കുകയും ചെയ്തു.  ഈ വിവരം വിവിധ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് മൂന്നു ദിവസമായി  മെഡിക്കല്‍ കോളജിലും പരിസര ജില്ലകളിലുമുള്ള പൊതുജനങ്ങളുടെ ആശങ്കയ്ക്ക് വിരാമമായത്. ഇതിനിടയില്‍  നിപ വൈറസ് രോഗബാധിതര്‍ ഉണ്ടായാല്‍ അടിയന്തിര നടപടിക്കായി പ്രത്യേക വാര്‍ഡ് സജ്ജീകരിക്കുകയും, കടുത്ത രോഗബാധിതര്‍ വന്നാല്‍ ഇവര്‍ക്ക് നല്‍കുവാന്‍ 1000 റിപാ വിറിന്‍ ഗുളികകള്‍ മെഡിക്കല്‍ കോളജില്‍ എത്തിക്കുകയും ചെയ്തിരുന്നു.
ഇതിനിടെ കടുത്ത പനി ബാധിച്ച് ചികില്‍സ തേടിയെത്തിയ എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ ഡിസ്ചാര്‍ജ് ചെയ്തു.കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍ പനി ബാധിച്ച് രണ്ടു വയസ്സുകാരന്‍ മരണപ്പെട്ടിരുന്നു. ഈ കുട്ടിയുടെ രക്തസാംപിള്‍ മറ്റ് രണ്ട് രോഗികളോടൊപ്പം പരിശോധനയ്ക്ക് അയച്ചിരുന്നു. അതിന്റേയും ഫലം നെഗറ്റീവ് ആണെന്ന്  ഡിഎഒ ഓഫിസ് അറിയിച്ചു.
Next Story

RELATED STORIES

Share it