Kollam Local

ആശങ്കകള്‍ക്ക് വിരാമമായി നാളെ വിധി; പ്രതീക്ഷയോടെ മുന്നണികള്‍

അയ്യൂബ് സിറാജ്

കൊല്ലം: ജില്ലയുടെ ഭരണം കയ്യാളുന്നത് ആരാണെന്ന വിധി നാളെയെത്തുന്നതോടെ നാല് ദിവസം നീണ്ട് നിന്ന ആശങ്കള്‍ക്ക് വിരാമമാവും.
സര്‍ക്കാരിനെതിരേയുള്ള അഴിമതി ആരോപണങ്ങളും ജില്ലയിലെ വിമത പ്രശ്‌നങ്ങളും കോട്ടമുണ്ടാക്കുമോയെന്ന ഭീതിയില്‍ യുഡിഎഫ്. അതേ സമയം രാഷ്ട്രീയ സാഹചര്യം അനുകൂലമാവുമെന്ന പ്രതീക്ഷയില്‍ എല്‍ഡിഎഫ്. അവകാശപ്പെടുന്ന പോലെയുള്ള മുന്നേറ്റം യാതാര്‍ഥ്യമാവുമോ എന്ന ആശങ്കയില്‍ എസ്എന്‍ഡിപിയെ കൂട്ടു പിടിച്ച് മല്‍സരത്തിനിറങ്ങിയ ബിജെപി കോര്‍പറേഷനിലടക്കം അക്കൗണ്ട് തുറക്കാമെന്ന പ്രതീക്ഷയുമായി എസ്ഡിപിഐ അങ്ങനെ എല്ലാ പാര്‍ട്ടികളുടെയും ആശങ്കക്ക് അവസാനമായി നാളെ വിധി വരുമ്പോള്‍ പുതിയൊരു രാഷ്ട്രീയ സാഹചര്യം ജില്ലയില്‍ ഉടലെടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല. തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ കണക്കു കൂട്ടലില്‍ ജില്ലയില്‍ വ്യക്തമായ മേല്‍ക്കൈ നേടാമെന്നാണ് എല്‍ഡിഎഫ് വാദിക്കുന്നത്. അതേ സമയം 15 വര്‍ഷമായി എല്‍ഡിഎഫ് ഭരണം കയ്യാളുന്ന കോര്‍പറേഷന്‍ ഇക്കുറി യുഡിഎഫ് ഭരിക്കുമെന്ന ഉറപ്പായതായതാണ് തിരഞ്ഞെടുപ്പ് വിലയിരുത്തലുകള്‍ക്ക് ശേഷം വലത് നേതൃത്വം പറയുന്നത്.
ബിജെപി ചില സ്ഥലങ്ങളില്‍ കഴിഞ്ഞ തവണത്തേക്കാള്‍ നേരിയ വോട്ടുകള്‍ കൂടുതല്‍ പിടിക്കുമെന്ന കാര്യത്തില്‍ ഇരു മുന്നണികളും വ്യത്യസ്ഥ അഭിപ്രായക്കാരല്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഫലം പ്രതീക്ഷിച്ച് പോരിനിറങ്ങിയ യുഡിഎഫിന് ആരംഭത്തില്‍ തന്നെ തിരിച്ചടിയായത് റിബലുകളും വിമത പ്രശ്‌നവുമാണ്.
എല്ലാത്തിനും അവസാനമായി മാണിക്കെതിരേയുള്ള കോടതി വിധിയും കൂടെ ആയപ്പോള്‍ യുഡിഎഫ് സമ്മര്‍ദ്ദത്തിലായി. ഇക്കുറി പ്രധാനമായി ജില്ലാ പഞ്ചായത്ത് ഭരണവും കോര്‍പറേഷനും ലക്ഷ്യമിട്ട യുഡിഎഫിന് ആര്‍എസ്പി കൂട്ടിനുള്ളത് ആത്മവിശ്വാസമായിരുന്നു. കോര്‍പറേഷനില്‍ 34 കൗണ്‍സിലര്‍മാരുമായി ഭരണം നടത്തിയിരുന്ന എല്‍ഡിഎഫില്‍ ഏഴ് പേര്‍ ആര്‍എസ്പിക്കായിരുന്നു. ആര്‍എസ്പി വലത് മുന്നണിയുടെ ഭാഗമായപ്പോള്‍ ഒരു പിഡിപി അംഗത്തിന്റെ പിന്തുണയോടെ ഭരണം നിലനിര്‍ത്തിയ എല്‍ഡിഎഫിനെതിരേ ശക്തമായി പ്രതിരോധിക്കാന്‍ ജില്ലയിലെ വികസന പ്രശ്‌നങ്ങളടക്കം നിരവധി വിഷയങ്ങള്‍ യുഡിഎഫിന് അനുകൂലമായിരുന്നു. ചിന്നക്കടയില്‍ കാലങ്ങളോളം ജനങ്ങളെ ദുരിതത്തിലാക്കി പണിത് തീര്‍ത്ത മേല്‍പ്പാലമടക്കമുള്ള പ്രശ്‌നങ്ങള്‍ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താന്‍ യുഡിഎഫിനായില്ല. സീറ്റ് സംബന്ധിച്ച ചര്‍ച്ചയില്‍ ആദ്യം ഒറ്റക്ക് മല്‍സരിക്കുമെന്ന് പ്രഖ്യാപിക്കുകയും പിന്നീട് അഞ്ച് കോര്‍പറേഷന്‍ വാര്‍ഡുകളിലും മല്‍സരിച്ച ലീഗും തിരഞ്ഞെടുപ്പ് വേളയില്‍ അതൃപ്തരായിരുന്നു. ആര്‍എസ്പി മുന്നണിയിലേക്ക് കടന്ന് വന്നപ്പോഴുണ്ടായ മെച്ചം സീറ്റ് വിഭജന സമയത്ത് ദോശവുണ്ടാക്കി. അതേ സമയം കോര്‍പറേഷനും ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമപ്പഞ്ചായത്തുകളിലും വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തില്‍ വരുമെന്നും വിമത പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും അതൊന്നും യുഡിഎഫിനെ തിരഞ്ഞെടുപ്പില്‍ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് ജില്ലാ നേതൃത്വം അവകാശപ്പെടുന്നത്. ഇത് വരെ ഭരണം ലഭിച്ചിട്ടില്ലാത്ത ജില്ലാ പഞ്ചായത്ത് ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭാഗമാവുമോയെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളും സംശയമുണര്‍ത്തുന്നുണ്ട്. ജില്ലാ പഞ്ചായത്തില്‍ 26 സീറ്റില്‍ 16ഉം പിടിച്ചെടുത്ത് ഭരണം നടത്തുന്ന എല്‍ഡിഎഫിന്റെ കഴിഞ്ഞ കാലങ്ങളിലെ പ്രവര്‍ത്തന മികവും ഭരണം യുഡിഎഫിന് അന്യമാക്കും. 72 ഗ്രാമപ്പഞ്ചായത്തുകളില്‍ 42ലും 12 ബ്ലോക്ക് പഞ്ചായത്തുകളില്‍ എട്ടിടത്തുമായി എല്‍ഡിഎഫ് കഴിഞ്ഞ തവണ ഭൂരിപക്ഷം നേടി. പരവൂര്‍, പുനലൂര്‍ മുനിസിപ്പാലിറ്റികളില്‍ എല്‍ഡിഎഫും കരുനാഗപ്പള്ളിയില്‍ യുഡിഎഫും ഭരിക്കുന്നു. പുതിയ നഗര സഭയായ കൊട്ടാരക്കരയില്‍ ബാലകൃഷ്ണപിള്ളയുടെ കേരളകോണ്‍ഗ്രസ് (ബി)യുടെ സഹായത്താല്‍ ഭരണം ഉറപ്പാക്കാമെന്നും എല്‍ഡിഎഫ് കണക്കു കൂട്ടുന്നു. ജില്ലയില്‍ മികച്ച മുന്നേറ്റം പ്രതീക്ഷിക്കുന്ന ബിജെപിയും എസ്ഡിപിഐയും കോര്‍പറേഷനില്‍ ഇക്കുറി കൗണ്‍സിലര്‍മാരുടെ സാന്നിധ്യമുണ്ടാവുണ്ടാക്കാമെന്ന ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് മല്‍സരിച്ച സ്ഥലങ്ങളില്‍ വ്യക്തമായ കുതിപ്പുണ്ടാക്കാന്‍ ഇരു പാര്‍ട്ടികള്‍ക്കും കഴിഞ്ഞിട്ടുണ്ട്. ഇവര്‍ മല്‍സരിച്ച ചില സ്ഥലങ്ങളില്‍ മുന്നണികളിലെ സ്ഥാനാര്‍ഥികള്‍ മൂന്നും നാലും സ്ഥാനങ്ങളിലേക്ക് എത്തുന്ന അവസ്ഥയുണ്ടാവുമെന്നും വിദഗ്ധര്‍ പറയുന്നു. അതേ സമയം ആദ്യ ഘട്ട തിരഞ്ഞെടുപ്പിന് ശേഷം ബിജെപി-എസ്എന്‍ഡിപി സംഖ്യം വിജയമാണെന്ന് പ്രഖ്യാപിച്ച നേതൃത്വത്തിന്റെ അവകാശ വാദം എത്രത്തോളം ഫലവത്താവുമെന്ന് കാത്തിരുന്നു കാണേണ്ടതായി വരും. 2011ലെ അസംബ്ലി തിരഞ്ഞെടുപ്പില്‍ 11 ല്‍ ഒന്‍മ്പതു സീറ്റുമായി ജില്ലയില്‍ ശക്തി തെളിയിച്ച എല്‍ഡിഎഫ് 2014 ലോക്‌സഭയില്‍ യുഡിഎഫിന് അടിയറവ് പറഞ്ഞു. ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടത്തോട്ടോ വലത്തോട്ടോ കൊല്ലം തിരിയുമോയെന്നറിയാനുള്ള ആശങ്കക്ക് ഒരു ദിവസത്തെ കാത്തിരിപ്പ്.
Next Story

RELATED STORIES

Share it