malappuram local

ആവേശമുയര്‍ത്തി, അരങ്ങുവാണ് മാപ്പിളകലകള്‍

മഞ്ചേരി: പോരായ്മയില്‍ മലബാറിന്റെ ജീവിതം രൂപപ്പെടുത്തിയ കലയുടെ മാസ്മരികത സി സോണിന്റെ സമാപന ദിവസത്തെ സമ്പന്നമാക്കി. മാപ്പിളകലകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ഇത്തവണയും ലഭിച്ചത്. ഒപ്പനയില്‍ തുടങ്ങി അറബനയുടെ താളമുഴക്കത്തില്‍ അവസാനിച്ച ഓരോയിനങ്ങള്‍ക്കും സദസ്സ് നല്‍കിയത് നിറഞ്ഞ കയ്യടിയാണ്. മണിയറ രാവിന്റെ മോഹങ്ങള്‍ പറഞ്ഞ് ഇശലിന്റെ ഈരടികള്‍ക്ക് തരിവളക്കൈകള്‍ താളമിട്ടപ്പോള്‍ പ്രോല്‍സാഹനവുമായി സദസ്സു മുഴുവന്‍ കാണികളാല്‍ നിറഞ്ഞു. 20 സംഘങ്ങള്‍ പങ്കെടുത്ത ഒപ്പനയില്‍ പോരാട്ടം കടുത്തതായിരുന്നു. വിദഗ്ധ പരിശീലനത്തിലൂടെ പരമ്പരാഗത ശൈലിയില്‍ തനിമ ചോരാതെയായിരുന്നു ഓരോ സംഘവും ഒപ്പനയുമായി വേദിയിലെത്തിയത്.ആയോധന മികവിന്റെ കലാസമര്‍പ്പണമായ കോല്‍കളിക്കും മികച്ച സ്വീകാര്യതയായിരുന്നു. 12 സംഘങ്ങള്‍ ഈ ഇനത്തില്‍ മല്‍സരിച്ചു. മാപ്പിളപ്പാട്ടിന് മല്‍സരാര്‍ഥികളുടെ തള്ളിക്കയറ്റമായിരുന്നു വേദി മൂന്നില്‍. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 40 പേരും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 52 പേരും മല്‍സരിച്ചു. മികച്ച നിലവാരമാണ് മല്‍സരാര്‍ഥികള്‍ പുലര്‍ത്തിയത്. പ്രധാന വേദിയില്‍ കോല്‍ക്കളി സംഘം അരങ്ങു വിട്ടതോടെ കാണികളെ വട്ടപ്പാട്ടിന്റെ ആവേശം രണ്ടാം വേദിയായ സഫ്ദര്‍ ഹാശ്മിയിലേക്ക് ആകര്‍ഷിച്ചു. തുടര്‍ന്നായിരുന്നു ദഫും അറബനയും. സാമൂഹിക പരമായി പാര്‍ശ്വവല്‍കൃതരായി മാറിയ ജനതയുടെ ജീവിതത്തില്‍ നിന്നുറവംകൊണ്ട കലാ രൂപങ്ങള്‍ക്ക് ജനകീയ ഐക്യഭാവം പ്രകടമെന്നതാണ് എല്ലാ വിഭാഗം കാണികള്‍ക്കും ഇവ സ്വീകാര്യമാവുന്നതെന്ന് ഈ രംഗത്തെ പരിശീലകര്‍ പറയുന്നു.
Next Story

RELATED STORIES

Share it