Alappuzha local

ആവേശമായി യൂനിറ്റി മാര്‍ച്ച്

വടുതല: പോപുലര്‍ ഫ്രണ്ട് ഡേയോടനുബന്ധിച്ച് നടന്ന യൂനിറ്റി മാര്‍ച്ച് പ്രവര്‍ത്തകരിലും നാട്ടുകാരിലും ആവേശമായി.
സിപിഎം പ്രഖ്യാപിച്ച പ്രാദേശിക ഹര്‍ത്താലിനെ മറികടന്നാണ് ജനങ്ങള്‍ ഒഴുകിയെത്തിയത്. സമ്മേളനത്തിനെത്തിയ പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ തടയാനും ശ്രമമുണ്ടായി. വൈകീട്ട് അഞ്ചിന് കൊമ്പനാമുറി ജങ്ഷനില്‍ പോപുലര്‍ ഫ്രണ്ട് കേഡറ്റുകള്‍ ആദ്യചുവട്ടടി വച്ചപ്പോള്‍ പ്രവര്‍ത്തകരിലും മാര്‍ച്ച് വീക്ഷിക്കാനെത്തിയ ആയിരങ്ങളിലും ആനന്ദം അലയടിച്ചു.
ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെ അടക്കും ചിട്ടയോടും കൂടി ഒരേ താളത്തിലാണ് മാര്‍ച്ച് നടന്നുനീങ്ങിയത്. വീഥികളില്‍ ആകാംശയോടെ കാത്തുനിന്ന നാട്ടുകാര്‍ക്ക് അച്ചടക്കത്തോടെയുള്ള മാര്‍ച്ച് ആവേശമായി. തൊട്ടുപിന്നിലായി മാര്‍ച്ചിന് അഭിവാദ്യമര്‍പ്പിച്ചു കൊണ്ട് ആയിരങ്ങള്‍ മുദ്രാവാക്യം വിളികളുമായി അണിനിരന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ മുദ്രാവാക്യം വിളികളുമായി മുന്നേറിയത് കാഴ്ചക്കാരിലും കൗതുകമുയര്‍ത്തി.
നേരത്തെ പ്രഖ്യാപിച്ച പോലെ കൊമ്പനാമുറിയില്‍ നിന്ന് കൃത്യം അഞ്ചു മണിക്ക് മാര്‍ച്ച് ആരംഭിച്ചത് പോപുലര്‍ ഫ്രണ്ട് ശക്തിയുടെ വിളിച്ചറിയിക്കല്‍ കൂടിയായി. മാര്‍ച്ചിന് മുന്നോടിയായി നീങ്ങിയ അനൗന്‍സ്‌മെന്റ് രാജ്യത്തെ ഭിന്നിക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ ശക്തികള്‍ താക്കീത് നല്‍കുന്നതായിരുന്നു. ദലിത് ന്യൂനപക്ഷങ്ങളുടെ അവകാശ നിഷേധങ്ങള്‍ക്കെതിരേ പടനയിക്കാന്‍ പോപുലര്‍ ഫ്രണ്ട് എന്നും മുന്‍പന്തിയിലുണ്ടാവും. പൂര്‍വ പിതാക്കന്മാര്‍ ജീവന്‍ നല്‍കി നേടിത്തന്ന സ്വാതന്ത്ര്യം ഒരു ശക്തിക്ക് മുന്നിലും അടയറവ് വയ്ക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു വാഹനം മുന്നോട്ടുനീങ്ങിയത്.
ഒരേ മെയ്യും മനസ്സുമായി നൂറുകണക്കിന് കേഡര്‍മാരുടെ യൂനിറ്റി മാര്‍ച്ച് വടുതലയുടെ ചരിത്രത്തില്‍ പുതിയ ഏടായി മാറി.
Next Story

RELATED STORIES

Share it