kannur local

ആവേശമായി പറശ്ശിനി ക്രോസ് നീന്തല്‍ മല്‍സരം

പറശ്ശിനിക്കടവ്: പൊതുജനാരോഗ്യം മെച്ചപ്പെടുത്താനും ജീവിതശൈലീരോഗങ്ങള്‍ കുറയ്ക്കാനുമായി ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച സാഹസികമാസം പദ്ധതിയുടെ ഭാഗമായി വളപട്ടണം പുഴയില്‍ സംഘടിപ്പിച്ച പറശ്ശിനി ക്രോസ് നീന്തല്‍ മല്‍സരം ആവേശകരമായി. ഏഴുവയസ്സുകാരന്‍ മാസിന്‍ മുഹമ്മദ് വിസ്മയ പ്രകടനത്തിലൂടെ പറശ്ശിനിക്കടവ് പുഴ വിജയകരമായി നീന്തിക്കടന്നു. നണിച്ചേരിക്കടവില്‍നിന്ന് 700 മീറ്റര്‍ വീതിയുള്ള പുഴ നീന്തിക്കടക്കുകയായിരുന്നു മുഖ്യ ഇനം.
ഇതിലാണ് കണ്ണൂര്‍ ശ്രീപുരം സ്‌കൂള്‍ വിദ്യാര്‍ഥിയായ മാസിന്‍ മുഹമ്മദ് താരമായത്. മാസിനെ കൂടാതെ എട്ടുവയസ്സുകാരന്‍ കെ കെ അമല്‍, ഒമ്പത് വയസ്സുകാരന്‍ ആദം ഷബീര്‍ തുടങ്ങിയവര്‍ മുതല്‍ 65കാരനായ ശ്രീവല്‍സന്‍, കെ സത്യന്‍ മുതലായവരും പങ്കാളികളായി. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, അസിസ്റ്റന്റ് കലക്ടര്‍ എസ് ചന്ദ്രശേഖര്‍ എന്നിവരും പുഴ നീന്തിക്കടന്നു.
ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ പി കെ ശ്യാമള ഫഌഗ് ഓഫ് ചെയ്തു. സമാപന സമ്മേളനം മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ് പി ബാലന്‍ ഉദ്ഘാടനം ചെയ്തു. നീന്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ഉപഹാരങ്ങള്‍ വിതരണം ചെയ്തു.
നീന്തലറിയാത്തവര്‍ക്ക് പരിശീലനത്തിനും അവസരമൊരുക്കി. പൊതുജന സമൂഹത്തെ ഒരു കുടക്കീഴിലാക്കാന്‍ ലക്ഷ്യമിട്ട് നാലു ഞായറാഴ്ചകളിലായാണ് നാലു സാഹസിക യജ്ഞങ്ങള്‍ സംഘടിപ്പിക്കുന്നത്. വ്യായാമവും മാനസികോല്ലാസവും കോര്‍ത്തിണക്കി ജനസമൂഹത്തെ ഒരുമിപ്പിക്കുന്നതാണ് പദ്ധതി. 27ന് പയ്യന്നൂര്‍ കവ്വായി കായലില്‍ കയാക്കിങ് യജ്ഞം നടക്കും.
Next Story

RELATED STORIES

Share it