ആവേശമായി ആദ്യദിനം; നിറഞ്ഞു കവിഞ്ഞ് തിയേറ്ററുകള്‍

ശ്രീജിഷ പ്രസന്നന്‍

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഔദ്യോഗികമായി തിരിതെളിഞ്ഞു. ആദ്യദിനം ആവേശത്തോടെയാണു സിനിമാപ്രേമികള്‍ വരവേറ്റത്. ഇന്നലെ രാവിലെ 10 മുതല്‍ ആരംഭിച്ച പ്രദര്‍ശനങ്ങള്‍ നിറഞ്ഞ സദസ്സിലാണു നടന്നത്. വിവിധ തിയേറ്ററുകളിലായി 15 സിനിമകളുടെ പ്രദര്‍ശനത്തിനുശേഷം വൈകീട്ട് ആറരയോടെ ഉദ്ഘാടനച്ചടങ്ങുകള്‍ നടന്നു. കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മെഴുകുതിരികള്‍ തെളിച്ചാണ് ഇക്കുറി കാഴ്ചയുടെ പൂരം തുടങ്ങിയത്. ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി, ബംഗാളി ചലച്ചിത്രകാരി മാധബി മുഖര്‍ജി, നടന്‍ പ്രകാശ്‌രാജ് എന്നിവരടങ്ങിയ സിനിമാ പ്രതിഭകളാണ് മേളയ്ക്ക് തുടക്കംകുറിച്ചത്. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ള സര്‍ക്കാര്‍ പ്രതിനിധികള്‍ പങ്കെടുത്തില്ല. ആഘോഷങ്ങള്‍ ഒഴിവാക്കിയ ചടങ്ങില്‍ ഓഖി ചുഴലിക്കാറ്റില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള ശ്രദ്ധാഞ്ജലിയായി മെഴുകുതിരികള്‍ തെളിച്ചാണു ചടങ്ങുകള്‍ തുടങ്ങിയത്. ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്കിടയില്‍ മലയാള സിനിമയെ പ്രതിഷ്ഠിക്കാന്‍ കേരള രാജ്യാന്തര ചലച്ചിത്ര മേള സഹായകമായെന്ന് മുഖ്യാതിഥിയായ മാധബി മുഖര്‍ജി പറഞ്ഞു.  അടൂര്‍ ഗോപാലകൃഷ്ണന്‍, ഫെസ്റ്റിവെല്‍ ജൂറി ചെയര്‍മാന്‍ മാര്‍ക്കോ മുള്ളര്‍ തുടങ്ങി നിരവധിപേരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
Next Story

RELATED STORIES

Share it