ആവേശപോളില്‍  ജെസ്സണിന് സ്വര്‍ണം

കോഴിക്കോട്: വാശിയേറിയ സീനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ട് മല്‍സരത്തില്‍ സ്വര്‍ണം കേരളത്തിന്റെ കെജി ജെസ്സണിന്. 4.50 മീറ്റര്‍ ഉയരത്തില്‍ ചാടിയാണ് ജെസ്സണ്‍ തന്റെ ആദ്യ ദേശീയ മീറ്റ് സ്വര്‍ണം സ്വന്തമാക്കിയത്. 4.30 മീ ഉയരത്തില്‍ ചാടിയ വിദ്യാഭാരതിയുടെ ധര്‍മേന്ദ്രകുമാര്‍ വെള്ളിയും 4 മീ ചാടിയ രാജസ്ഥാന്റെ പ്രിതം വെങ്കലവും നേടി.
29 പേര്‍ മല്‍സരത്തിനിറങ്ങിയപ്പോള്‍ ക്രോസ്ബാര്‍ നാലു മീറ്റര്‍ ഉയരത്തിലെത്തിയപ്പേഴേക്കും 25 പേരും പുറത്തായി. ഇതില്‍ കേരളത്തിന്റെ ദിവിന്‍ ടോമും പുറത്തേക്കു പോയി. 3.80ചാടിയ ദിവിന്‍ ആറാംസ്ഥാനത്താണെത്തിയത്.ക്രോസ്ബാര്‍ 4.20 മീറ്ററിലേക്ക് ഉയര്‍ത്തുമ്പോള്‍ അങ്കത്തിന് ധര്‍മേന്ദ്രകുമാറും ജെസ്സണും മാത്രം. ഇരുവരും ആദ്യ ചാന്‍സില്‍ തന്നെ ഈ ഉയരം മറികടന്നു.
ക്രോസ്ബാര്‍ 4.30ലേക്ക് ഉയര്‍ത്തി. ധര്‍മേന്ദ്രകുമാര്‍ ആദ്യ ചാന്‍സില്‍ ഉയരം മറികടന്നു. ജെസ്സണ് മൂന്നാം ചാന്‍സിലാണ് ഭാഗ്യം തുണച്ചത്. ക്രോസ്ബാര്‍ വീണ്ടുമുയര്‍ത്തി. 4.40 ധര്‍മേന്ദ്രകുമാറിന് ചുവട് പിഴച്ചു. ചാടിയ എല്ലാ അവസരത്തിലും ആദ്യ ചാന്‍സില്‍ തന്നെ ഉയരം കിഴടക്കിയ ധര്‍മേന്ദ്രകുമാര്‍ മൂന്ന് അവസരത്തിലും ക്രോസ്ബാര്‍ തട്ടിയിട്ടു. അങ്ങിനെ ധര്‍മേന്ദ്രകുമാര്‍ മാറ്റിലെ വെള്ളി അവകാശിയായി.
ജെസ്സണ്‍ രണ്ടാം ചാന്‍സില്‍ ഉയരം മറികടന്ന സ്വര്‍ണം കൈക്കലാക്കുകയും ചെയ്തു. സ്വര്‍ണാവകാശിയായതോടെ ജെസ്സണിന്റെ അടുത്ത ഊഴം 2013ല്‍ കേരളത്തിന്റെ വിഷ്ണു ഉണ്ണിയുടെ 4.60 എന്ന മീറ്റ് റെക്കോഡ് സ്വന്തമാക്കുക എന്നതായി. എന്നാല്‍, മീറ്റ് റെക്കോഡ് മറികടക്കാന്‍ ജെസ്സണിനായില്ല. കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ജെസ്സണിന്റെ ആദ്യ ദേശീയ മീറ്റ് സ്വര്‍ണമാണിത്.
Next Story

RELATED STORIES

Share it