Flash News

ആവേശക്കടലായി പോപുലര്‍ ഫ്രണ്ട് യൂനിറ്റി മാര്‍ച്ച്

ആവേശക്കടലായി പോപുലര്‍ ഫ്രണ്ട് യൂനിറ്റി മാര്‍ച്ച്
X
ഇന്ത്യയെ ഭരിക്കുന്നത് മതഭ്രാന്ത്: ഇ അബൂബക്കര്‍

areekod
അരീക്കോട്: വെറുപ്പിന്റെ അന്തരീക്ഷം തീര്‍ത്ത് ഇന്ത്യയെ ഭരിച്ചുകൊണ്ടിരിക്കുന്നത് മതഭ്രാന്തരാണെന്ന് എസ്ഡിപിഐ ദേശീയ സമിതിയംഗം ഇ അബൂബക്കര്‍. പോപുലര്‍ ഫ്രണ്ട് ഡേ ആചരണത്തിന്റെ ഭാഗമായി മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി അരീക്കോട് നടത്തിയ യൂനിറ്റി മാര്‍ച്ചും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എതിരഭിപ്രായങ്ങള്‍ പറയുന്ന മുഴുവന്‍ നാവുകളും അരിഞ്ഞെടുക്കാനുള്ള ശ്രമമാണ് സംഘപരിവാരം നടത്തിക്കൊണ്ടിരിക്കുന്നത്. എങ്ങനെ ചിന്തിക്കണം എന്തുപറയണം എന്തു തിന്നണം എന്നു തീരുമാനിക്കുന്നത് നാഗ്പൂരിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ നിന്നായിരിക്കുന്നു. വംശീയതയും ജാതീയതയും സൃഷ്ടിക്കുന്നതാണ് ദേശദ്രോഹമെങ്കില്‍ അതില്‍ ഒന്നാംസ്ഥാനക്കാര്‍ ആര്‍എസ്എസ്സാണ്. ഒരുവിഭാഗത്തെ മാംസം കഴിക്കുന്നവരെന്നും വെറുക്കപ്പെടേണ്ടവരെന്നും മുദ്രകുത്തി പാര്‍ശ്വവല്‍ക്കരിക്കാനാണ് ഇവരുടെ ശ്രമം. മുസ്‌ലിംകളെയും ദലിതുകളെയും തമ്മിലടിപ്പിച്ച് ലാഭം കൊയ്യാനുള്ള ശ്രമമാണ്.
മോദി അധികാരത്തിലേറിയ ശേഷം ആദ്യമായി സന്ദര്‍ശിച്ച സ്ഥലങ്ങള്‍ ബുദ്ധമതക്കാര്‍ കൂടുതലായി അധിവസിക്കുന്ന പ്രദേശങ്ങളാണ്. മ്യാന്മാറിലെയും ശ്രീലങ്കയിലെയും ബുദ്ധര്‍ മുസ്‌ലിംകളോട് കാണിക്കുന്നത് ഇതിനോടു കൂട്ടിവായിക്കണം. മൂല്യമുള്ളവരും വിലയുള്ളവരും എന്നീ രണ്ടു വിഭാഗമായി പണ്ഡിതര്‍ മാറിക്കഴിഞ്ഞു. സൂഫികള്‍ ഇന്ത്യക്ക് വേണ്ടപ്പെട്ടവരും സലഫികള്‍ ഭീകരരുമാണെന്നാണ് മോദി പ്രഖ്യാപിച്ചിരിക്കുന്നത്. ഓള്‍ ഇന്ത്യാ ഉലമാ ആന്റ് മശായിത് ബോര്‍ഡ് ആര്‍എസ്എസ്സിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച് ഒരുവിഭാഗം പണ്ഡിതരെ വിലക്കെടുത്തിരിക്കുകയാണ്. മുസ്‌ലിം സമുദായ സംഘടനകള്‍ ഒരേ വലയിലാണ് കുരുങ്ങിക്കിടക്കുന്നതെന്നു തിരിച്ചറിയണം. ഇന്ത്യയെ ശിഥില സമൂഹമാക്കാന്‍ വിട്ടുകൊടുത്തുകൂടാ. ദാരിദ്ര്യവും വിശപ്പും നിലനില്‍ക്കേതന്നെ ഭയത്തിന്റെ സാഹചര്യംകൂടി ഉണ്ടായിരിക്കുന്നു.
പോപുലര്‍ ഫ്രണ്ട് 25 വര്‍ഷം മുമ്പ് മുന്നറിയിപ്പു തന്നതാണ് ഫാഷിസം ഒരു മനസ്ഥിതിയാണെന്ന കാര്യം. അത് ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യമായിരിക്കുന്നു. യുഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ ആര്‍എസ്എസ് പ്രീണനമാണ് നടത്തുന്നത്. തൊ ഗാഡിയയുടെ കേസ് പിന്‍വലിക്കുകയും മഅ്ദനിയുടെ കേസ് പിന്‍വലിക്കാതിരിക്കുകയും ചെയ്യുന്നത് ഇതിന്റെ ഉദാഹരണങ്ങളിലൊന്നാണ്. അറബിക് യൂനിവേഴ്‌സിറ്റി വന്നാല്‍ കുഴപ്പമാണെന്ന് ചീഫ് സെക്രട്ടറിയടക്കമുള്ളവര്‍ പറയുന്നു.
അനുസരണയുള്ള ഒരുലക്ഷം കേഡര്‍മാരുടെയും ലക്ഷോപലക്ഷം അഭ്യുദയകാംക്ഷികളുടെയും പിന്തുണയാണ് പോപുലര്‍ ഫ്രണ്ടിന്റെ ശക്തി. 17 പേരില്‍ തുടങ്ങിയ പ്രസ്ഥാനത്തിന്റെ പതാക ഹിമാലയത്തില്‍ ആകാശത്തിന്റെ അടരുകളില്‍ പാറുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അത് പ്രതീക്ഷയുള്ള ഒരു ജനതയുടെ അടയാളമാണ്. അദ്ദേഹം പറഞ്ഞു. മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു.

ദേശസ്‌നേഹം ദേശദ്രോഹത്തിന് ഉപകരണമാക്കുന്നു: അബ്ദുര്‍റഹ്്മാന്‍

thodu[puza

തൊടുപുഴ: ദേശസ്‌നേഹത്തെ ദേശദ്രോഹത്തിന് ഉപകരണമാക്കുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്ന് പോപുലര്‍ ഫ്രണ്ട് ദേശീയ വൈസ് ചെയര്‍മാന്‍ ഇ എം അബ്്ദുര്‍ റഹ്മാന്‍.നാനാത്വത്തില്‍ ഏകത്വം ഉയര്‍ത്തിപ്പിടിക്കുക എന്ന സന്ദേശം ഉയര്‍ത്തി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തൊടുപുഴയില്‍ നടത്തിയ യൂനിറ്റി മാര്‍ച്ചിനോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കപട ദേശസ്‌നേഹികള്‍ക്കെതിരേ യഥാര്‍ഥ രാജ്യസ്‌നേഹികള്‍ ഒരുമിക്കേണ്ട സമയമാണിത്. ഗുരുതരമായ രണ്ടു വെല്ലുവിളികളാണ് ഇന്നു രാജ്യം നേരിടുന്നത്. മതവെറിയുടെയും ഏകാധിപത്യത്തിന്റെയും ദുര്‍ഗുണങ്ങള്‍ ഒരു ദുഷ്ടശക്തിയില്‍ സമ്മേളിക്കുകയും അതു ജനാധിപത്യത്തിന്റെ രൂപത്തില്‍ പുലരുകയും ചെയ്തിരിക്കുകയാണ്. ജനക്ഷേമ രാഷ്ട്രത്തെ ജനവിരുദ്ധ രാഷ്ട്രമാക്കിക്കൊണ്ടിരിക്കുന്നു. വംശവെറിയുടെ സിദ്ധാന്തത്തിലൂടെയും ചിന്താഗതിയിലൂടെയുമാണ് രാജ്യത്തെ മുന്നോട്ടു നയിക്കുന്നത്. പ്രധാനമന്ത്രി മുതല്‍ ആര്‍എസ്എസിന്റെ പ്രാദേശിക ശാഖയിലെ സ്വയംസേവകന്‍ വരെ ഇതാണ് ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് പോപുലര്‍ ഫ്രണ്ട് നല്‍കിയ മുന്നറിയിപ്പുകള്‍ ഇന്നു സത്യമായി ഭവിക്കുകയാണ്.
ഇതില്‍ സന്തോഷമല്ല, ദു:ഖമാണുള്ളത്. ഈ മുന്നറിയിപ്പു ചെവിക്കൊള്ളാന്‍  മതേതര ദേശീയ പ്രസ്ഥാനങ്ങള്‍ പോലും തയ്യാറായിരുന്നില്ല. സിപിഎമ്മിന്റെ ഒത്താശയില്‍ ചര്‍ച്ച പോലും ചെയ്യാതെ പാസാക്കിക്കൊടുത്ത യുഎപിഎ കരിനിയമം ഇപ്പോള്‍ അവരെത്തന്നെ തിരിഞ്ഞുകൊത്തുകയാണ്. യുഎപിഎയുടെ ബലിയാടാണ് ജയരാജന്‍ എന്നതാണ് യാഥാര്‍ഥ്യം.
ജയരാജന് എന്നല്ല, ഒരു ആര്‍എസ്എസുകാരനെതിരേ പോലും യുഎപിഎ പോലുള്ള കരിനിയമങ്ങള്‍ ചുമത്തരുതെന്നാണ് പോപുലര്‍ ഫ്രണ്ടിന്റെ നിലപാട്. രാജ്യത്തിന്റെ പരമാധികാരവും ഐക്യവും സംരക്ഷിക്കാന്‍ മുന്‍നിരയില്‍ മതേതര കക്ഷികള്‍ എത്തിയാല്‍ അതിനൊപ്പം ചേരാന്‍ പോപുലര്‍ ഫ്രണ്ട് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം എം കെ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. അര്‍ഷദ് നദ്‌വി മുഖ്യപ്രഭാഷണം നടത്തി. പോപുലര്‍ ഫ്രണ്ട് ഇടുക്കി ജില്ലാ പ്രസിഡന്റ് അന്‍വര്‍ ഹുസൈന്‍ മൗലവി സ്വാഗതം ആശംസിച്ചു. പോപുലര്‍ ഫ്രണ്ട് എറണാകുളം ജില്ലാ പ്രസിഡന്റ് അന്‍വര്‍ സാദത്ത് സാമൂഹിക സേവന പദ്ധതികള്‍ പ്രഖ്യാപിച്ചു. പദ്ധതിയിലേക്കായി സമര്‍പ്പിച്ച സ്ഥലത്തിന്റെ പ്രമാണം ഭൂ ഉടമ എം എ കുഞ്ഞുമുഹമ്മദില്‍ നിന്ന് ഇ എം അബ്ദുര്‍ റഹ്്മാന്‍ ഏറ്റുവാങ്ങി. പോപുലര്‍ ഫ്രണ്ട് എറണാകുളം ജില്ലാ സെക്രട്ടറി അഫസല്‍ യുഎപിഎ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതിയംഗം കാഞ്ഞാര്‍ അബ്്ദുര്‍ റസാഖ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന വൈസ് പ്രസഡന്റ് വി എച്ച് അലിയാര്‍ മൗലവി, പോപുലര്‍ ഫ്രണ്ട് ഇടുക്കി ജില്ലാ സെക്രട്ടറി റിയാസ് സി എ, വിമന്‍സ് ഇന്ത്യ മവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് റയ്ഹാനത്ത് ടീച്ചര്‍, എസ്ഡിടിയു സംസ്ഥാന വൈസ് പ്രസിഡന്റ് സുല്‍ഫിക്കര്‍ അലി, കാംപസ് ഫ്രണ്ട് ഓഫ്  ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് ഷെമീര്‍, എന്‍ഡബ്ല്യൂഎഫ് സംസ്ഥാന സെക്രട്ടറി റഹീമ അലി, യുഎപിഎ വിരുദ്ധ സംസ്ഥാന സമിതിയംഗം കെ കെ മണി, മെക്ക സംസ്ഥാന സെക്രട്ടറി അബ്്ദുല്‍ അസീസ്, എസ്ഡിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി ബാബു കോഴിമല സംസാരിച്ചു. ദാറുല്‍ ഖദാ ജില്ലാ പ്രസിഡന്റ് അബ്്ദുല്‍ കരീം റഷാദി, തൊടുപുഴ താലൂക്ക് ഇമാംസ് കൗണ്‍സില്‍ ചെയര്‍മാന്‍ കടയ്ക്കല്‍ അബ്്ദുല്‍ റഷീദ് മൗലവി, തൊടുപുഴ ടൗണ്‍  മസ്ജിദ് ഇമാം ഇംദാദുല്ല മൗലവി, യൂനിറ്റി മാര്‍ച്ച് കമാന്‍ഡര്‍ വഹ്ഷാദ് പങ്കെടുത്തു.

ഇന്ത്യക്കാര്‍ക്ക് ആര്‍എസ്എസുകാരുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട: മുഹമ്മദലിജിന്ന

kollam

പുനലൂര്‍(കൊല്ലം): ഫാഷിസ്റ്റുകളായ ആര്‍എസ്എസുകാരുടെ ദേശസ്‌നേഹ സര്‍ട്ടിഫിക്കറ്റ് ഇന്ത്യക്കാര്‍ക്ക് ആവശ്യമില്ലെന്ന് പോപുലര്‍ ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദലിജിന്ന. നാനാത്വത്തില്‍ ഏകത്വം ഉയര്‍ത്തിപ്പിടിക്കുക എന്ന സന്ദേശവുമായി പോപുലര്‍ ഫ്രണ്ട് കൊല്ലം പൂനലൂരില്‍ സംഘടിപ്പിച്ച യൂനിറ്റി മാര്‍ച്ചും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എതിര്‍ക്കുന്നവരെയെല്ലാം ദേശദ്രോഹികളായി ചിത്രീകരിക്കാന്‍ ആര്‍എസ്എസിന്് ആരാണ് അധികാരം നല്‍കിയത്. നാടുമുഴുവന്‍ കലാപങ്ങള്‍ സൃഷ്ടിച്ച് അധികാരത്തിലെത്തിയയാളാണ്് മോദി. നാസിസം എത്രത്തോളം ഭയാനകരമാണെന്ന് ജനങ്ങള്‍ക്കു ബോധ്യപ്പെട്ടത് വൈകിയാണ്.
ആദ്യം അവര്‍ കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടിയപ്പോള്‍ അതു ഞങ്ങളെ അല്ലെന്ന് പറഞ്ഞ് ജനങ്ങള്‍ പ്രതകരിച്ചില്ല. പിന്നീട് അവര്‍ ജൂതന്‍മാരെ തേടിയത്തിയപ്പോഴും ഞങ്ങളെ അല്ലെന്ന് പറഞ്ഞ് പ്രതികരിച്ചില്ല. പിന്നീട് കത്തോലിക്കരെയും അവര്‍ വേട്ടയാടി. അപ്പോഴും പ്രതികരിച്ചില്ല. ഒടുവില്‍ സാധാരണക്കാരെ വേട്ടയാടിയപ്പോഴാണ് അപകടം മനസ്സിലാക്കിയത്. അപ്പോഴേക്കും പ്രതികരിക്കാന്‍ ആളില്ലാതെയായി. ഇതു തന്നെയാണ് ഇന്ത്യയിലും നടക്കുന്നത്.
മുസ്്‌ലിംകളെയും ദലിതരെയും സംഘപരിവാരം വേട്ടയാടുമ്പോള്‍ മിക്കവരും മൗനം പാലിക്കുന്നു. നാളെ തങ്ങളെ തേടിയെത്തുമ്പോള്‍ മാത്രമാണ് അവര്‍ക്ക് അപകടം മനസ്സിലാവുന്നത്. എതിര്‍ ശബ്ദങ്ങളെയെല്ലാം ഭീകരവാദ മുദ്ര ചാര്‍ത്തി ജയിലില്‍ അടയ്ക്കുകയാണ് മോദി സര്‍ക്കാര്‍.
ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന് നിഷ്‌കര്‍ഷിക്കുന്ന ഭരണഘടനയാണ് നമ്മുടേത്. എന്നാല്‍ നിരപരാധികളായ ആയിരക്കണക്കിനു മുസ്്‌ലിംകള്‍ പത്തും പതിനഞ്ചും വര്‍ഷം തങ്ങള്‍ ചെയ്ത കുറ്റം എന്താണെന്ന് പോലും അറിയാതെ ജയിലില്‍ കഴിഞ്ഞ ശേഷം നിരപരാധികളാണെന്ന് കണ്ട് വിട്ടയക്കപ്പെടുന്നു. മഅ്ദനിയും യഹിയ കമ്മുകുട്ടിയുമെല്ലാം കേരളത്തിലെ ഉദാഹരണങ്ങളാണ്.
25 വര്‍ഷം മുമ്പ് പോപുലര്‍ ഫ്രണ്ട് സംഘപരിവാരത്തിന്റെ ഫാഷിസം തുറന്നുപറഞ്ഞു. അതിപ്പോള്‍ വെളിവായി കൊണ്ടിരിക്കുകയാണ്. ഇന്ത്യ മുഴുവന്‍ പോപുലര്‍ ഫ്രണ്ട് പടര്‍ന്ന് പന്തലിച്ച് കഴിഞ്ഞു. മുസ്്‌ലിം സമുദായത്തിന്റെയും രാജ്യത്തിന്റെയും ശാക്തീകരണത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന പോപുലര്‍ ഫ്രണ്ടിനെ തടയിടാന്‍ ആര്‍ക്കും കഴിയില്ല. ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരേ പോരാടാന്‍ ഇന്ത്യയില്‍ ഒരേ ഒരു സംഘത്തിന് മാത്രമെ കഴിയൂ. അതു പോപുലര്‍ ഫ്രണ്ടിന് മാത്രമാണ്.
രാജ്യത്തെ മതേതരത്വത്തിനേറ്റ ഏറ്റവും വലിയ തിരിച്ചടി ബാബരി മസ്ജിന്റെ തകര്‍ച്ചയാണ്. ഇതു മുസ്്‌ലിംകളുടെ മാത്രം പ്രശ്‌നമല്ല. മറിച്ച് ദേശീയ പ്രശ്‌നമാണ്. പോപുലര്‍ ഫ്രണ്ട് ബാബരി മസ്ജിദ് പുനസ്ഥാപിക്കുക തന്നെ ചെയ്യുമെന്നും മുഹമ്മദലി ജിന്ന പറഞ്ഞു.
പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സിദ്ദീഖ് റാവുത്തര്‍ അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് സ്വാലിഹ് മൗലവി, കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി എ റഊഫ്, എന്‍സിഎച്ച്ആര്‍ഒ ദേശീയ സെക്രട്ടറി റെനി ഐലിന്‍, അല്‍ ഹാദി അസോസിയേഷന്‍ പ്രതിനിധി സലീമുല്‍ ഹാദി, ബഹുജന കലാവേദി പ്രസിഡന്റ് മുഖത്തല ജി അയ്യപ്പന്‍പിള്ള, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ടച്ചിറ, എന്‍ഡബ്ല്യുഎഫ് ജില്ലാ പ്രസിഡന്റ് ആമിന സജീവ്, ഇമാംസ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് വയ്യാനം ഷാജഹാന്‍ മൗലവി, പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി ഷഫീഖ് വള്ളക്കടവ്, ഡിവിഷന്‍ പ്രസിഡന്റ് നസീം കാര്യറ സംസാരിച്ചു.

രാജ്യത്തിന്റെ വൈവിധ്യം തകര്‍ക്കാന്‍  സംഘപരിവാര ശ്രമം:

സി അബ്ദുല്‍ ഹമീദ്

kannur

തലശ്ശേരി: രാജ്യത്തിന്റെ വൈവിധ്യവും ബഹുസ്വരതയും തകര്‍ക്കാനാണ് സംഘപരിവാരം ശ്രമിക്കുന്നതെന്നും അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ജെഎന്‍യു സംഭവമെന്നും പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി അബ്ദുല്‍ഹമീദ് മാസ്റ്റര്‍.
വിധ്വംസക ശക്തിയായ ആര്‍എസ്എസ് മുസ്്‌ലിംകള്‍ക്കു മാത്രമല്ല രാജ്യത്തിനുതന്നെ അപകടകരമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പോപുലര്‍ ഫ്രണ്ടും അതിന്റെ പ്രാഗ്‌രൂപമായ എന്‍ഡിഎഫും ആര്‍എസ്എസ് ഫാഷിസത്തിനെതിരേ ജനകീയ ചെറുത്ത്‌നില്‍പ്പിന്റെ ആവശ്യകത വ്യക്തമാക്കിക്കൊണ്ടിരിക്കുകയാണ്. അപ്പോഴെക്കെ ആര്‍എസ്എസ്സിന്റെ വിധ്വംസക പ്രവര്‍ത്തനങ്ങളെ തുറന്നെതിര്‍ക്കാന്‍ മടികാണിച്ചവരായിരുന്നു പല സംഘടനകളെന്നും അബ്ദുല്‍ ഹമീദ് കുറ്റപ്പെടുത്തി. പോപുലര്‍ ഫ്രണ്ട് ഡേയോടനുബന്ധിച്ച് ജില്ലാകമ്മിറ്റി തലശ്ശേരിയില്‍ സംഘടിപ്പിച്ച യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്പൂര്‍ണമായ ഹിന്ദുത്വവല്‍ക്കരണം ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ്സിന്റെ  കുല്‍സിതശ്രമങ്ങള്‍ ഇപ്പോള്‍ പ്രമുഖ സര്‍വകലാശാലയില്‍വരെ എത്തിനില്‍ക്കുന്നു.
1925 മുതല്‍ സ്വാതന്ത്ര്യസമരത്തിലും വിഭജനത്തിലും രാജ്യത്തെ നാണംകെടുത്തിയ ആര്‍എസ്എസ്  ഇപ്പോള്‍ ഭരണം കിട്ടിയ ശേഷവും ലോകത്തിനു മുന്നില്‍ ഇന്ത്യയെ നാണംകെടുത്തുകയാണ്. ഒരൊറ്റ ജനത ഒരൊറ്റ രാഷ്ട്രം എന്ന മുദ്രാവാക്യത്തെ തെറ്റായി വ്യാഖാനിച്ച് ഹിന്ദുത്വത്തിന് കീഴില്‍ രാജ്യത്തെ ജനങ്ങളെ ഒരു സമൂഹമായി കൊണ്ടുവരാനാണ് അവര്‍ ശ്രമിക്കുന്നത്. ഇത് നാനാ—ത്വത്തില്‍ ഏകത്വം എന്ന ആശയത്തിന് എതിരാണ്.
അതുകൊണ്ടുതന്നെ ആര്‍എസ്എസ്സിന്റെ ഇത്തരം ശ്രമങ്ങള്‍ എതിര്‍ക്കപ്പെടണം. വിവിധ ജാതി -മത സംസ്‌കാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന രാജ്യത്തിന്റെ വൈവിധ്യത്തെയും ബഹുസ്വരതയെയും തകര്‍ക്കാ ന്‍ ഒരു ഫാഷിസ്റ്റ് ശക്തികളെയും തങ്ങള്‍ അനുവദിക്കില്ലെന്നും അബ്ദുല്‍ ഹമീദ് പറഞ്ഞു. ലോകത്തുതന്നെ മനുഷ്യസമൂഹം വൈവിധ്യം നിലനിര്‍ത്തുന്നവരാണ്. ഇന്ത്യയില്‍ അതേറ്റവും അധികമുണ്ട്. ഇത് തകര്‍ക്കുകയാണ് ആര്‍എസ്എസ്സും ഹിന്ദുത്വശക്തികളും.
വൈവിധ്യം നിലനിര്‍ത്തിക്കൊണ്ടുള്ള സമൂഹസൃഷ്ടിക്ക് പൂര്‍വ നേതാക്കളില്‍തന്നെ നമുക്ക് മാതൃകയുണ്ട്. അടിച്ചമര്‍ത്തപ്പെടുന്നവരുടെ ശാക്തീകരണത്തിനു രാജ്യത്തെ പൂര്‍വകാല മതനേതാക്കളിലും ഭരണാധികാരികളിലും മാതൃകയുണ്ട്. ഐഎസ്, അന്നഹ്ദ പോലുള്ള ഏതെങ്കിലും വിദേശരാജ്യത്തെ സംഘടനകളെ അതിനു മാതൃകയാക്കേണ്ട ഗതികേട് രാജ്യത്തെ ഒരുവിഭാഗത്തിനുമില്ല. വിദേശ രാജ്യത്തെ ഒരു സംഘടനയും നമ്മുടെ ശാക്തീകരണത്തിന്റെ മാതൃകകളേ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലാ പ്രസിഡന്റ് വി ബഷീര്‍ അധ്യക്ഷത വഹിച്ചു.

മോദിയുടേത് അസഹനീയ ഭരണം:  കെ എച്ച് നാസര്‍


mannarkadu

മണ്ണാര്‍ക്കാട്: രാജ്യത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ പോലും അടിച്ചമര്‍ത്തിയും കാറ്റില്‍പ്പറത്തിയും ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ പോലും അനുഭവിക്കാത്ത അസഹനീയമായ ഭരണമാണ് മോദിയുടെ നേതൃത്വത്തില്‍ സംഘപരിവാരം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എച്ച് നാസര്‍ പറഞ്ഞു. പോപുലര്‍ ഫ്രണ്ട് ദിനത്തോടനുബന്ധിച്ച് പാലക്കാട് ജില്ലാ കമ്മിറ്റി മണ്ണാര്‍ക്കാട് സംഘടിപ്പിച്ച യൂനിറ്റി മാര്‍ച്ചിനു ശേഷം നെല്ലിപ്പുഴ ഉണ്ണി മൂസ മൂപ്പന്‍ നഗറില്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഏകശില അന്ധകാരത്തിലേക്കു രാജ്യത്തെ അതിവേഗം ആനയിക്കുകയാണ് മോദിയുടെ നേതൃത്വത്തില്‍ സംഘപരിവാരം ചെയ്യുന്നത.് ബഹുസ്വരതയും വൈവിധ്യവും സമ്മേളിക്കുന്ന ഒറ്റക്കെട്ടായിരുന്ന രാജ്യത്ത് 1920ല്‍ ആര്‍എസ്എസ്സും 1919ല്‍ ഹിന്ദുമഹാസഭയും രൂപം കൊണ്ടതോടെയാണ് ജനങ്ങള്‍ക്കിടയില്‍ മതിലുകള്‍ സൃഷ്ടിക്കപ്പെട്ടത്. സമാധാനത്തിന്റെ പച്ചത്തുരുത്തായ കേരളത്തിലേക്ക് മഹത്തായ പാരമ്പര്യം വിളംബരം ചെയ്തിരുന്ന സമുദായ സംഘടനകളെ ചട്ടുകങ്ങളാക്കിയാണ് സംഘപരിവാരം ഇപ്പോള്‍ തന്ത്രങ്ങള്‍ മെനയുന്നത്. അവരുടെ കുതന്ത്രത്തില്‍പ്പെട്ട വെള്ളാപ്പള്ളിയും പുലയര്‍ മഹാസഭയും പറ്റിയ തെറ്റുകള്‍ തിരുത്തി അടിച്ചമര്‍ത്തപ്പെട്ടവരുടെ ചേരിയില്‍ നില്‍ക്കാന്‍ തയ്യാറാവണം. രാജ്യത്തെ ന്യൂനപക്ഷങ്ങളു ടെഅവകാശങ്ങള്‍ ഒന്നൊന്നായി വെട്ടിമാറ്റി അസഹിഷ്ണുത പ്രകടിപ്പിക്കുകയും മുസ്‌ലിംകളെ ഭീകര നിയമങ്ങളുണ്ടാക്കി തടങ്കലിലിട്ടും ദലിതരെയും പിന്നാക്കക്കാരെയും മാവോവാദി മുദ്രകുത്തിയും തളച്ചിടുകയാണ് ഭരണമുപയോഗിച്ച് സംഘപരിവാരം ചെയ്യുന്നത്. 31 ശതമാനം വോട്ടിന്റെ ബലത്തില്‍ മോശം ഭരണം നടത്തുന്ന മോദിയും സംഘപരിവാരവും നടത്തുന്ന ശ്രമങ്ങളെ ജാഗ്രതയോടെ കാണണം. കോ ര്‍പറേറ്റുകളുടെ തോഴനായി അധികാരത്തിലേറുമ്പോള്‍ പറഞ്ഞ അച്ഛാ ദിന്‍ എവിടെയെന്ന് പറയണം. ഫാഷിസത്തിനെതിരേ ദേശീയതലത്തില്‍ ശക്തമായ പ്രതിരോധമുയര്‍ത്താന്‍ കോണ്‍ഗ്രസ്സിനോ ഇടതുപാര്‍ട്ടികള്‍ക്കോ ആവുന്നില്ല.വിവിധ കോണുകളില്‍നിന്ന് ഉയരുന്ന നിരന്തര പ്രതിരോധങ്ങളെ ഏകോപിപ്പിച്ച് രാജ്യത്തിന്റെ നാനാത്വത്തില്‍ ഏകത്വത്തിന് മുറിവേല്‍പ്പിക്കുന്ന ഏതു നീക്കത്തെയും പ്രതിരോധിക്കാന്‍ പോപുലര്‍ ഫ്രണ്ട് മുന്നിലുണ്ടാവു മെന്നും അദ്ദേഹം പറഞ്ഞു.

പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി കെ എം അബ്ദുല്‍ റസാഖ് അധ്യക്ഷത വഹിച്ചു. ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതിയംഗം മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, വിളയോടി ശിവന്‍കുട്ടി, എം കെ സുല്‍ത്താന്‍, എസ്ഡിപിഐ ജില്ലാ പ്രസിഡണ്ട് കെ എം ജലീല്‍, റഷീദ് കുറ്റിക്കോട്, കെ വി റഹ് മത്ത്, എസ് അബ്ബാസ്, എന്‍ അലി സംസാരിച്ചു.

യുഎപിഎ: സിപിഎമ്മിന് കിട്ടിയത് വരമ്പത്തെ കൂലി- പ്രഫ. പി കോയ

calicut

കോഴിക്കോട്: യുഎപിഎയില്‍ സിപിഎമ്മിന് വരമ്പത്തുനിന്നുതന്നെ കൂലികിട്ടുകയായിരുന്നെന്ന് പോപുലര്‍ ഫ്രണ്ട് ദേശീയ സമിതി അംഗം പ്രഫ. പി കോയ. ഡല്‍ഹിയിലും ബംഗാളിലും പ്രകാശ് കാരാട്ടും സീതാറാം യച്ചൂരിയുമെല്ലാം യുഎപിഎക്കെതിരായി സമരം നടത്തിക്കൊണ്ടിരിക്കെയാണ് സിപിഎം കേരളത്തില്‍ പോപുലര്‍ ഫ്രണ്ടിനെതിരായി നിയമം പ്രയോഗിച്ചത്. പോപുലര്‍ ഫ്രണ്ട് ഡേയോടനുബന്ധിച്ച് മാത്തോട്ടത്ത് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യം ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന നിര്‍ണായകമായ ഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പ്രധാനമന്ത്രിയുടെ വസ്ത്രാലങ്കാരങ്ങളും വിദേശ യാത്രകളുമല്ലാതെ പ്രതീക്ഷ നല്‍കുന്ന ഒന്നും രാജ്യത്ത് സംഭവിക്കുന്നില്ല. സര്‍ക്കാരിനു കീഴിലുള്ള എല്ലാ സ്വയംഭരണ സ്ഥാപനങ്ങളിലും ഹിന്ദുത്വ സൈദ്ധാന്തികര്‍ കയറിപ്പറ്റിയിരിക്കുന്നു. അതിന്റെ രണ്ടാംഘട്ടമെന്ന നിലയിലാണ് യൂനിവേഴ്‌സിറ്റികളില്‍ സംഘ ശാഖകളില്‍ ചവിട്ടിയ ശരാശരിക്കാരായ അധ്യാപകരെ മേധാവികളായി നിയോഗിച്ചത്. ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ദലിതര്‍ക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ തടഞ്ഞുവയ്ക്കുന്നതിനെതിരായി രോഹിത് വെമൂലയും സതീര്‍ഥ്യരും പ്രതിഷേധിച്ചപ്പോള്‍ അവരെ തെരുവിലേക്ക് വലിച്ചെറിയുകയായിരുന്നു. ഏതെങ്കിലുമൊരു പ്രാദേശിക വിദ്യാര്‍ഥി പരിഷത് നേതാവ് ഒരു പോസ്റ്റ് കാര്‍ഡില്‍ മാനവശേഷി വികസന വകുപ്പ് മന്ത്രിക്ക് പരാതി അയച്ചാല്‍ ഉടനെ അന്വേഷണമാവും. ബനാറസ് ഹിന്ദു സര്‍വകലാശാലയിലും അതുപോലുള്ള കേന്ദ്ര സര്‍വകലാശാലകളിലും എബിവിപിയുടെ കാംപസ് യൂനിറ്റാണ് ഇപ്പോള്‍ ഭരണം നടത്തുന്നത്. അതില്‍ മനംനൊന്ത് നിസ്സഹായനായതുകൊണ്ടാണ് രോഹിത് ജീവന്‍ ബലിയര്‍പ്പിച്ചത്. അദ്ദേഹം പറഞ്ഞു.

വൈകീട്ട് 4.45ന് നടുവട്ടത്തു നിന്ന് ആരംഭിച്ച യൂനിറ്റി മാര്‍ച്ച് മാത്തോട്ടത്ത് ശഹീദ് കുഞ്ഞിമരക്കാര്‍ നഗറില്‍ സമാപിച്ചു. തുടര്‍ന്ന് ഒഫീഷ്യല്‍ കാഡറ്റുകളുടെ പ്രദര്‍ശന പരേഡും അരങ്ങേറി. തുടര്‍ന്ന് യുഎപിഎ വിരുദ്ധ പ്രതിജ്ഞയെടുക്കുകയും 2016-17വര്‍ഷത്തേക്കുള്ള ജില്ലാകമ്മിറ്റിയുടെ പദ്ധതി പ്രഖ്യാപനം നടത്തുകയും ചെയ്തു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് കെ പി മുഹമ്മദ് അശ്‌റഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗംകെ സാദത്ത്, എസ്.ഡി.പി.ഐ സംസ്ഥാന സമിതിയംഗം എ കെ മജീദ്, എം.ഇ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി വി കെ അബ്ദുല്‍ ലത്തീഫ്, എം.എസ്.എസ് ജില്ലാ പ്രസിഡന്റ് സൈനുല്‍ ആബിദ്, കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി  ടി അബ്ദുല്‍ നാസര്‍, ഡെയ്‌സി ബാലസുബ്രഹ്മണ്യന്‍ (വുമണ്‍സ് ഇന്ത്യാ മൂവ്‌മെന്റ്,  കടലുണ്ടി പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെംബര്‍ വി ജമാല്‍, എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, എന്‍.ഡബ്ല്യു.എഫ് ജില്ലാ സെക്രട്ടറി സാജിദ റഫീഖ്, പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറിമാരായ എ പി നാസര്‍, നിസാര്‍ അഹമ്മദ്, ജില്ലാ കമ്മിറ്റിയംഗം കെ ഷമീര്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സജീര്‍ മാത്തോട്ടം സംസാരിച്ചു.

kottayam

thrissur

tvm

Next Story

RELATED STORIES

Share it