malappuram local

ആവേശം കൊട്ടിയിറങ്ങി; നാളെ വിധിയെഴുത്ത്

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആഴ്ച്ചകള്‍ നീണ്ടു നിന്ന പരസ്യ പ്രചാരണത്തിന് ആവേശകരമായ പരിസമാപ്തി. ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍. നാളെ രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെയാണ് പതിമൂന്നാം നിയമസഭയിലേക്കുള്ള വിധിയെഴുത്ത്. റോഡ്‌ഷോകളും പ്രകടനങ്ങളുമായി പരസ്യ പ്രചാരണത്തിന്റെ അവസാന ലാപ്പില്‍ സ്ഥാനാര്‍ഥികളും പരിവാരങ്ങളും ഉല്‍സവം തീര്‍ത്തു. ജില്ലയില്‍ പല ഇടങ്ങളിലും കൊട്ടികലാശം പോലിസ് ഇടപെട്ട് ഒഴിവാക്കിയിരുന്നു. പ്രധാനമായും നഗരങ്ങളിലായിരുന്നു രാഷ്ട്രീയ കക്ഷികളും പോലിസും നടത്തിയ ചര്‍ച്ചയില്‍ സുരക്ഷയുടെ ഭാഗമായി കൊട്ടിക്കലാശം ഒഴിവാക്കിയത്. എന്നാലും ചിലയിടങ്ങളില്‍ ആവേശത്തോടെയാണ് പരസ്യപ്രചാരണം അവസാനിപ്പിച്ചത്. പോലിസ് സുരക്ഷ ശക്തമാക്കിയതിനാല്‍ എവിടെയും കാര്യമായി അനിഷ്ട സംഭവങ്ങള്‍ നടന്നിട്ടില്ല. നഗരങ്ങളില്‍ നിന്നു കൊട്ടികലാശം ഒഴിഞ്ഞു നിന്നപ്പോള്‍ നാട്ടിന്‍പുറങ്ങളിലാണ് അവസാന സമയത്ത് പ്രചാരണം കൊഴുപ്പിച്ചത്. ഇന്നലെ രാവിലെ മുതല്‍ തന്നെ അണികള്‍ ചായം പൂശിയും ബാന്റ്‌വാധ്യവുമായും പതാകകളുമായി ആര്‍പ്പുവിളികളോടെ വാഹനങ്ങളില്‍ നാട് ചുറ്റല്‍ തുടങ്ങിയിരുന്നു. മല്‍സരച്ചൂടോടെ പ്രചാരണ വാഹനങ്ങള്‍ തലങ്ങും വിലങ്ങും പാഞ്ഞു. പരസ്യപ്രചാരണത്തിന്റെ ക്ലൈമാക്‌സില്‍ കരുത്തുകാട്ടാന്‍ പാര്‍ട്ടികള്‍ മല്‍സരിച്ചപ്പോള്‍ തിരഞ്ഞെടുപ്പിന്റെ ആവേശം വോട്ടര്‍മാരിലുണ്ടാക്കി. അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാന്‍ കര്‍ശന മുന്‍കരുതലുകള്‍ പോലിസ് സ്വീകരിച്ചിരുന്നു. വൈകീട്ട് ആറുമണിയോടെ പരസ്യ പ്രചാരണം അവസാനിപ്പിച്ച് അണികള്‍ പിന്‍വലിഞ്ഞെങ്കിലും സ്ഥാനാര്‍ഥികളും പ്രമുഖനേതാക്കളും തിരഞ്ഞടുപ്പ് കമ്മിറ്റി ഓഫിസുകളില്‍ തന്നെ തുടര്‍ന്നു. ഇനിയുള്ള മണിക്കൂറുകള്‍ നിശ്ബ്ദ പ്രചരണത്തിന്റെതാണ്. അവസാനഘട്ട കണക്കുകൂട്ടലുകളും വോട്ട് പിടിത്തതിനുള്ള അവസാന തന്ത്രം രൂപപ്പെടുത്തലുമായിരുന്നു അണിയറയിലെ പണി. പാര്‍ട്ടി അണികള്‍ക്ക് നിശബ്ദ പ്രചാരണത്തിലെ പ്രധാനപ്പെട്ട മണിക്കൂറുകള്‍ ഇന്നു രാത്രിയാണ്. 'വോട്ട് രാവ്' എന്നറിയപ്പെടുന്ന ഇന്നു രാത്രിയില്‍ ആടിയുലയുന്ന വോട്ടുകള്‍ സ്വന്തം പോക്കറ്റിലാക്കാന്‍ അണികള്‍ അവസാന തന്ത്രവും പയറ്റും. നാളെ വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക് എത്തുന്നതുവരെ വോട്ടുകള്‍ക്കായി നിശബ്ദ പ്രചാരണവുമായി ഇവര്‍ രംഗത്തുണ്ടാവും. ജില്ലയില്‍ 30,33,864 വോട്ടര്‍മാരാണു നാളെ 16 നിയമസഭാമണ്ഡലങ്ങളിലേക്കുള്ള സമാജികരെ തിരഞ്ഞെടുക്കാനായി പോളിങ് ബൂത്തിലെത്തുക. 15,43,041 സ്ത്രീകളും 14,90,823 പുരുഷന്‍മാരുമാണ് വോട്ടര്‍ പട്ടികയിലുള്ളത്.
Next Story

RELATED STORIES

Share it