Kerala

ആവേശം കൊട്ടിയിറങ്ങി; ഇന്ന് നിശ്ശബ്ദ പ്രചാരണം: നാളെ ബൂത്തിലേക്ക്

നിഷാദ് എം ബഷീര്‍

തിരുവനന്തപുരം: നാടും നഗരവും തിളച്ചുമറിഞ്ഞ രണ്ടരമാസത്തെ വീറും വാശിയുമേറിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശകരമായ കൊട്ടിക്കലാശം. ഒരുദിവസത്തെ നിശ്ശബ്ദപ്രചാരണത്തിനുശേഷം വിധിയെഴുതാന്‍ കേരളം നാളെ പോളിങ് ബൂത്തിലെത്തും. ശബ്ദപ്രചാരണത്തിന്റെ സമാപനം പലയിടത്തും രാഷ്ട്രീയപ്പാര്‍ട്ടികളുടെ ശക്തിപ്രകടനമായി മാറി.
പ്രമുഖ നേതാക്കളോടൊപ്പം സ്ഥാനാര്‍ഥികള്‍ നടത്തിയ റോഡ്‌ഷോയും പ്രകടനങ്ങളും പൊതുവില്‍ സമാധാനപരമായിരുന്നു. ചിലയിടങ്ങളില്‍ നേരിയതോതില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. ക്രമസമാധാനപ്രശ്‌നം കണക്കിലെടുത്ത് ചില സ്ഥലങ്ങളില്‍ പോലിസ് ഇടപെട്ട് കൊട്ടിക്കലാശം ഒഴിവാക്കിയിരുന്നു. ഇന്നലെ വൈകീട്ട് ആറിനാണ് സംസ്ഥാനത്ത് പരസ്യപ്രചാരണത്തിന് തിരശ്ശീല വീണത്.
ഇതിനുശേഷം ഇലക്ട്രോണിക് മാധ്യമങ്ങളില്‍ പരസ്യസ്വഭാവത്തിലുള്ള പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇനി നിശ്ശബ്ദപ്രചാരണത്തിന്റെ മണിക്കൂറുകള്‍. ഭവനസന്ദര്‍ശനങ്ങള്‍ നടത്തി പരമാവധി വോട്ടര്‍മാരെ നേരില്‍ക്കണ്ടും വ്യക്തിബന്ധങ്ങള്‍ ഉപയോഗപ്പെടുത്തിയും തങ്ങളുടെ വോട്ടുകള്‍ ഒരിക്കല്‍ക്കൂടി ഉറപ്പിക്കാനായിരിക്കും സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും സമയം കണ്ടെത്തുക. കേരളത്തിന്റെ മനസ്സ് തൊട്ടറിഞ്ഞ പ്രചാരണം പൂര്‍ത്തിയായപ്പോള്‍ ഇരുമുന്നണികളും വിജയപ്രതീക്ഷയിലാണ്. ഭരണത്തുടര്‍ച്ച ഉണ്ടാവുമോയെന്നറിയാന്‍ 19 വരെ കാത്തിരിക്കേണ്ടിവരും.
2,60,19,284 വോട്ടര്‍മാരാണ് ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിക്കുക. ഇതില്‍ 1,25,10,589 പുരുഷന്‍മാരും 1,35,08,693 സ്ത്രീകളുമാണ്. രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറുവരെയാണ് പോളിങ് സമയം. മുന്‍ തിരഞ്ഞെടുപ്പുകളില്‍ പോളിങ് സമയം രാവിലെ ഏഴു മുതല്‍ വൈകീട്ട് അഞ്ചുവരെയായിരുന്നു. ഇത്തവണ ഒരുമണിക്കൂര്‍ ദീര്‍ഘിപ്പിക്കുകയായിരുന്നു. ആറുമണിവരെ ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ സൗകര്യമൊരുക്കും. 19ന് സംസ്ഥാനത്തെ 80 കേന്ദ്രങ്ങളിലായി വോട്ടെണ്ണല്‍ നടക്കും.
വോട്ടെടുപ്പിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. പോളിങ്‌സാമഗ്രികളുടെ വിതരണം ഇന്നു നടക്കും. വോട്ടര്‍മാര്‍ക്ക് തങ്ങളുടെ സ്ഥാനാര്‍ഥിക്കു തന്നെയാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് ഉറപ്പുവരുത്താന്‍ കഴിയുന്ന വിവി പാറ്റ് (വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍) വോട്ടിങ് യന്ത്രങ്ങള്‍ സംസ്ഥാനത്തെ 12 ജില്ലകളിലെ 1,062 ബൂത്തുകളില്‍ ഉപയോഗിക്കും.
സമാധാനപരമായ വോട്ടെടുപ്പിന് ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് തിരഞ്ഞെടുപ്പ് ഒരുക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശ പ്രകാരമുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി സംസ്ഥാന പോലിസ് മേധാവി ടി പി സെന്‍കുമാര്‍ അറിയിച്ചു. കേന്ദ്രസേന ഉള്‍പ്പെടെ 50,000ലധികം പുരുഷ-വനിത പോലിസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. ഇതോടൊപ്പം 2000ല്‍പ്പരം എക്‌സൈസ്, ഫോറസ്റ്റ് തുടങ്ങി യൂനിഫോമിലുള്ള മറ്റു വകുപ്പുജീവനക്കാരെയും 2,027 ഹോംഗാര്‍ഡുകളെയും നിയോഗിക്കും.
വോട്ടര്‍മാരെ ഭീഷണിപ്പെടുത്താനോ അക്രമങ്ങള്‍ നടത്താനോ മറ്റുതരത്തിലുള്ള അനിഷ്ടസംഭവങ്ങള്‍ക്കോ ഉള്ള ശ്രമത്തെ കര്‍ശനമായി നേരിടും. സുരക്ഷാ നടപടികളെടുക്കാന്‍ ക്യുആര്‍ടി/സ്‌ട്രൈക്കിങ് ഫോഴ്‌സ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ രംഗത്തുണ്ടാവും. വോട്ടെടുപ്പുദിവസം 1,395 ഗ്രൂപ്പ് പട്രോള്‍സംഘങ്ങളെയും 932 ക്രമസമാധാനപാലന പട്രോള്‍സംഘങ്ങളെയും നിയോഗിക്കും.
അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് 291 ഇലക്ഷന്‍ സര്‍ക്കിള്‍ ക്യുആര്‍ടി, 116 സബ് ഡിവിഷന്‍ സ്‌ട്രൈക്കിങ് ഫോഴ്‌സിനെയും നിയോഗിച്ചിട്ടുണ്ട്. ഇതോടൊപ്പം എല്ലാ സോണല്‍ എഡിജിപിമാര്‍ക്കും റെയ്ഞ്ച് ഐജി മാര്‍ക്കും ജില്ലാ പോലിസ് മേധാവിമാര്‍ക്കും സ്‌ട്രൈക്കിങ് ഫോഴ്‌സ് യൂനിറ്റുകള്‍ നല്‍കി. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന പോലിസ് ആസ്ഥാനത്ത് ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. എല്ലാ കൗണ്ടിങ് സെന്ററുകള്‍ക്കും ത്രീടയര്‍ സുരക്ഷയും ഏര്‍പ്പെടുത്തും.
Next Story

RELATED STORIES

Share it