Kottayam Local

ആവേശം അലകടലായി കൊട്ടിക്കലാശം

കോട്ടയം: ആവേശകരമായ കൊട്ടിക്കലാശത്തോടെ നാടും നഗരവുമിളക്കി ദിവസങ്ങള്‍ നീണ്ട പരസ്യ പ്രചാരണത്തിന് ഇന്നലെ പരിസമാപ്തിയായി. വിവിധ മുന്നണികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ അതാത് മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളിലായിരുന്നു റോഡ്‌ഷോയും കൊട്ടിക്കലാശവും നടന്നത്. സംഘര്‍ഷം ഒഴിവാക്കാനായി ഓരോ മുന്നണിക്കും പ്രത്യേക സമയം അനുവദിച്ചായിരുന്നു കൊട്ടിക്കലാശം.
കോട്ടയം മണ്ഡലത്തില്‍ ഉച്ചയ്ക്ക് യുഡിഎഫ് സ്ഥാനാര്‍ഥി തിരുവഞ്ചുര്‍ രാധാകൃഷ്ണന്റെ റോഡ്‌ഷോയും കൊട്ടിക്കലാശവും നടന്നു. തിരുനക്കരയില്‍ നടന്ന കൊട്ടിക്കലാശത്തിനിടെ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. തുടര്‍ന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി എം എസ് കരുണാകരന്റെ വാഹനറാലിയും കൊട്ടിക്കലാശവും നടന്നു. ഉച്ചയ്ക്ക് ശേഷം എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ഥി റോയ് ചെമ്മനത്തിന്റെ റോഡ്‌ഷോയും കൊട്ടിക്കലാശവും നടന്നു.
സംക്രാന്തിയില്‍ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന റോഡ് ഷോയില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. തിരുനക്കര ഗാന്ധസ്വകയറില്‍ സമാപിച്ചു. തുടര്‍ന്നാണ് എല്‍ഡിഎഫിന്റെ റാലിയും കൊട്ടിക്കലാശവും നടന്നത്. തിരുനക്കരയില്‍ നടന്ന സമ്മേളനം എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്തു. സ്ഥാനാര്‍ഥി അഡ്വ. റെജി സഖറിയ, വി എന്‍ വാസവന്‍ എന്നിവര്‍ സംസാരിച്ചു.
ചങ്ങനാശ്ശേരി: വിവിധരാഷ്ട്രീയ പാര്‍ട്ടികളുടെ വീറും വാശിയും വാനോളം ഉയര്‍ത്തിയ കൊട്ടിക്കലാശത്തോടെ ചങ്ങനാശ്ശേരിയില്‍ തിരഞ്ഞെടുപ്പു പ്രചരണത്തിനു സമാപനം. നഗരത്തില്‍ സെന്‍ട്രല്‍ ജങ്ഷന്‍ കേന്ദ്രീകരിച്ചായിരുന്നു എല്ലാ പാര്‍ട്ടികളുടേയും കൊട്ടിക്കലാശം. കരിക്കിനത്ത് ജങ്ഷനില്‍ നിന്നും നൂറുകണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനത്തോടെയാണ് എസ്ഡിപിഐ-എസ്പി സഖ്യസ്ഥാനാര്‍ഥി അല്‍ത്താഫ് ഹസന്റെ കൊട്ടിക്കലാശം സമാപിച്ചത്. തെങ്ങണായില്‍ നിന്നും നൂറുകണക്കിനു ബൈക്കുകളുടെ അകമ്പടിയോടെ നടത്തിയ റോഡ് ഷോയോടെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. കെ സി ജോസഫിന്റെ പ്രചരണത്തിനു കൊടിയിറങ്ങിയത്.
നഗരത്തെ ചെങ്കടലാക്കിമാറ്റിയ കൊട്ടിക്കലാശം കെഎസ്ആര്‍ടിസി ജങ്ഷനില്‍ സമാപിച്ചു. വിവിധ ഭാഗങ്ങളില്‍ നിന്നും പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ സെന്‍ട്രല്‍ ജങ്ഷനില്‍ ഒത്തുചേര്‍ന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥി സി എഫ് തോമസിന്റെ പ്രചരണം സമാപിച്ചത്. റെഡ് സ്വ്ക്വയറില്‍ നിന്നും ആരംഭിച്ച എന്‍ഡിഎ സ്ഥാനാര്‍ഥി ഏറ്റുമാന്നൂര്‍ രാധാകൃഷ്ണന്റെ കൊട്ടിക്കലാശം കെഎസ്ആര്‍ടിസി ജങ്ഷനില്‍ സമാപിച്ചു.
ഈരാറ്റുപേട്ട: വാശിയേറിയ പോരാട്ടം നടക്കുന്ന പൂഞ്ഞാര്‍ മണ്ഡലത്തില്‍ പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിലും വീറും വാശിയും അലതല്ലി. പൂഞ്ഞാര്‍ മണ്ഡലത്തിലെ ജനപക്ഷ സ്ഥാനാര്‍ത്ഥി പി സി ജോര്‍ജിന്റെയും യൂഡിഎഫ് സ്ഥാനാര്‍ഥി ജോര്‍ജ് കുട്ടി അഗസ്തിയുടെയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി സി ജോസഫിന്റെയും തിരഞ്ഞെടുപ്പ് പ്രചരണ സമാപനകുറിച്ച് നടന്ന സെന്‍ട്രല്‍ ജംഗ്ഷനില്‍ സമാപിച്ചു.
ആയിരങ്ങളാണ്ആവേശം അലതല്ലിയ കൊട്ടി കലാശത്തില്‍ പങ്കെടുത്തത്.റോഡിന് ഇരുവശവും സെന്‍ട്രല്‍ ജംഗ്ഷനിനെ കെട്ടിടങ്ങളിലും നിരവധിയാളുകള്‍ കൊട്ടി കലാശം കാണാന്‍ എത്തിയിരുന്നു.ഇതുമൂലംസെന്‍ട്രല്‍ ജംഗഷനിലൂടെയുള്ള ഗതാഗതം രണ്ടു മണിക്കൂര്‍ തടസ്സപ്പെട്ടു.
കാഞ്ഞിരപ്പള്ളി: വേനല്‍ മഴയിലും തണുക്കാതെ പ്രചാരണച്ചൂടോടെയായിരുന്നു കാഞ്ഞിരപ്പള്ളിയിലെ കൊട്ടിക്കലാശം. തിരഞ്ഞെടുപ്പിന്റെ ആവേശം ചോരാതിരിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും എസ്ഡിപിഐയും ബിജെപിയും ഒരു പോലെ മല്‍സരിച്ച് പ്രചരണങ്ങള്‍ നടത്തി. യുഡിഎഫിന് കാഞ്ഞിരപ്പള്ളി പേട്ട ജങ്ഷനിലെ പാലത്തിന് പടിഞ്ഞാറുവശത്തും എല്‍ഡിഎഫിന് പാലത്തിന് കിഴക്ക് വശവും എന്‍ഡിഎയ്ക്ക് കുരിശുങ്കല്‍ ജങ്ഷനിലും എസ്ഡിപിഐ-എസ്പി സഖ്യത്തിന് നൈനാര്‍പള്ളി ജങ്ഷനിലുമായിരുന്നു കലാശകൊട്ട് നടത്താന്‍ അനുമതി. എസ്ഡിപിഐ-എസ്പി സഖ്യസ്ഥാനാര്‍ഥിയുടെ വിജയത്തിനായി നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ഉച്ചയ്ക്ക് രണ്ടിന് ആരംഭിച്ച് വിവിധ പ്രദേശങ്ങളിലൂടെ കടന്ന് വന്ന വാഹനറാലി കാഞ്ഞിരപ്പള്ളി ടൗണിലെത്തിയാണ് കൊട്ടികലാശം നടത്തിയത്.
പാലാ: ശക്തമായ മല്‍സരം നടക്കുന്ന പാലായില്‍ പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിലും ആവേശം അലതല്ലി. കുരിശുപള്ളി ജങ്ഷനില്‍ നടന്ന പൊതുയോഗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ എം മാണിയുടെ പ്രചരണ പരിപാടികള്‍ക്ക് തിരശ്ശീല വീണു. സമാപന പൊതുസമ്മേളനം ഫോര്‍വേര്‍ഡ് ബ്ലോക്ക് ദേശീയ നേതാവ് ജി ദേവരാജന്‍ ഉദ്ഘാടനം ചെയ്തു. നിരവധി പേര്‍ പങ്കെടുത്ത റാലിയോടെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്റെ പ്രചാരണത്തിന് തിരശ്ശീല വീണത്. മൂന്നുമണിയോടെ കൊട്ടാരമറ്റത്തുനിന്നുമാണ് റാലി ളാലം ജങ്ഷനില്‍ സമാപിച്ചു.
ഏറ്റുമാനൂര്‍: ഏറ്റൂമാനൂര്‍ മണ്ഡലം എസ്ഡിപിഐ-എസ്പി സ്ഥാനാര്‍ഥി അബ്ദുല്‍ നാസറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം കുറിച്ച് നടന്ന കൊട്ടിക്കലാശം ആവേശമായി.
ഇല്ലിക്കലില്‍ നിരവധി വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ എത്തിയാണ് കൊട്ടിക്കലാശം നടന്നത്. സ്ഥാനാര്‍ഥിയുടെ കട്ട്ഔട്ടും മുദ്രാവാക്യം വിളികളുമായി നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
വൈക്കം: ആവേശക്കടല്‍ തീര്‍ത്ത് വൈക്കത്ത് പ്രചാരണത്തിന് കൊട്ടിക്കലാശം. വൈകീട്ട് നാല് മുതല്‍ നഗരം രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണത്തിന്റെ കോലാഹലത്തില്‍ അമര്‍ന്നു. യുഡിഎഫും എല്‍ഡിഎഫും എന്‍ഡിഎയും ബലാബലം തെളിയിച്ചതോടെ നാട് ഒരു മണിക്കൂറോളം പറഞ്ഞറിയിക്കാനാകാത്തവിധം ആവേശത്തിലെത്തി.
മൂന്ന് മുന്നണികള്‍ക്കും അനുവദിച്ച സ്ഥലങ്ങളിലായിരുന്നു കൊട്ടിക്കലാശം. ബോട്ട്‌ജെട്ടി മുതല്‍ പോലീസ് സ്റ്റേഷന്‍ വരെയുള്ള റോഡിന്റെ ഭാഗം യുഡിഎഫിനും തുടര്‍ന്ന് കച്ചേരിക്കവല വരെ എല്‍ഡി.എഫിനും ബാക്കി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരം വരെ എന്‍ഡിഎയ്ക്കുമായിരുന്നു.
Next Story

RELATED STORIES

Share it