wayanad local

'ആവാസ്' പദ്ധതിയില്‍ 138 ഇതര സംസ്ഥാന തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തു

കല്‍പ്പറ്റ: പൊലിക-2018 പ്രദര്‍ശനമേളയുടെ ഭാഗമായി തൊഴില്‍വകുപ്പ് ഒരുക്കിയ സ്റ്റാളില്‍ നിന്ന് അറുനൂറിലധികം പേര്‍ക്കു സേവനം ലഭ്യമായി. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആരോഗ്യ പരിരക്ഷയും സൗജന്യ ചികില്‍സാ സഹായവും ലക്ഷ്യമിട്ട് രൂപീകരിച്ച ആവാസ് പദ്ധതിയില്‍ 138 പേര്‍ പുതുതായി രജിസ്റ്റര്‍ ചെയ്തു.
236 പേരെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പദ്ധതിയില്‍ എന്റോള്‍ ചെയ്തു. 228 പേരുടെ രജിസ്‌ട്രേഷന്‍ പുതുക്കി. വിവിധ മേഖലകളില്‍ തൊഴിലെടുക്കുന്ന 18നും 60നും ഇടയില്‍ പ്രായമുള്ള തൊഴിലാളികളാണ് ആവാസ് പദ്ധതി ഗുണഭോക്താക്കള്‍. കിടത്തിച്ചികില്‍സ ആവശ്യമായി വരുന്ന തൊഴിലാളികള്‍ക്ക് 15,000 രൂപയുടെ ചികില്‍സാ സഹായം ലഭിക്കും. നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമാണ് സേവനം ലഭ്യമാവുക. ഇന്‍ഷുറന്‍സ് ചെയ്യപ്പെടുന്ന വ്യക്തിക്ക് അപകട മരണം സംഭവിക്കുകയാണെങ്കില്‍ കുടുംബത്തിന് രണ്ടുലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ആധാര്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലുമൊന്നുമായി ജില്ലാ ലേബര്‍ ഓഫിസറെയോ അസിസ്റ്റന്റ് ലേബര്‍ ഓഫിസറെയോ സമീപിച്ചാല്‍ പദ്ധതിയില്‍ ഇനിയും എന്റോള്‍ ചെയ്യാം.
ജന്മനാട്ടിലെ മേല്‍വിലാസം ഈ രേഖകളില്‍ വ്യക്തമായിരിക്കണം. കേരളത്തിലെ താല്‍ക്കാലിക വിലാസം, ഫോണ്‍ നമ്പര്‍, തൊഴില്‍, ആശ്രിതരുടെ വിവരങ്ങള്‍ എന്നിവ സോഫ്റ്റ്‌വെയറില്‍ ഓണ്‍ലൈനായി ചേര്‍ക്കുകയാണ് ആദ്യ നടപടിക്രമം. ഇതിനു ശേഷം തൊഴിലാളിക്ക് ബയോമെട്രിക് കാര്‍ഡ് നല്‍കും. തൊഴിലുടമകളുടെ പേരോ വ്യക്തിഗത വിവരങ്ങളോ ഇതിലുണ്ടാവില്ല. ജില്ലയില്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ പദ്ധതിയുടെ ഭാഗമാണ്.
Next Story

RELATED STORIES

Share it