palakkad local

ആവാസ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി : 6,500 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആനുകൂല്യം ലഭിക്കും



പാലക്കാട്: ജില്ലയിലെ 6500 ഓളം ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ‘ ആവാസ് ‘ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുന്നതിന്റെ ഭാഗമായുള്ള  പ്രാരംഭ നടപടികള്‍  പൂര്‍ത്തിയായി. അര്‍ഹരായവര്‍ക്ക് ഒരു മാസത്തിനകം കാര്‍ഡ് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഡെപ്യൂട്ടി ലേബര്‍ ഓഫിസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) എം കെ രാമകൃഷ്ണന്‍ അറിയിച്ചു. തൊഴിലുടമകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫാക്ടറികള്‍, കടകള്‍, ഇഷ്ടിക ചൂളകള്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ ദിവസേന തമ്പടിക്കുന്ന സ്ഥലങ്ങള്‍, വാസസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും പഞ്ചായത്തുകളില്‍ ആരോഗ്യ വിഭാഗത്തിന്റെ കൈവശമുള്ള കണക്കുകളും സമാഹരിച്ചാണ് അര്‍ഹരായവരെ കണ്ടെത്തിയത്. അര്‍ഹരായ എല്ലാവര്‍ക്കും ആനുകൂല്യം ഉറപ്പാക്കുന്നതിനായി ഇന്‍സ്‌പെക്ടര്‍ ഓഫ് ഫാക്ടറീസില്‍ നിന്നും വിവരം ശേഖരിച്ചിട്ടുണ്ട്. ബംഗാള്‍, അസം, ഒറീസ, ബീഹാര്‍, യുപി എന്നീ സംസ്ഥാനങ്ങളിലെ തൊഴിലാളികളാണ് കൂടുതലായി ജില്ലയില്‍ ജോലി ചെയ്യുന്നത്. കഞ്ചിക്കോട് വ്യവസായ മേഖല ഉള്‍പ്പെടുന്ന പുതുശ്ശേരി പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ ഇതര സംസ്ഥാന തൊഴിലാളികളുള്ളത്. അംഗങ്ങളാവുന്ന തൊഴിലാളികള്‍ക്ക് 15000 രൂപ മെഡിക്കല്‍ ഇന്‍ഷുറന്‍സ് ലഭിക്കും. കൂടാതെ തൊഴിലാളികള്‍ തൊഴിലിടങ്ങളിലോ കേരളത്തിലെ ഏതെങ്കിലും  പ്രദേശത്തോ വച്ച്  മരണപ്പെടുന്ന പക്ഷം കുടുംബത്തിന് രണ്ട് ലക്ഷം രൂപ ലഭിക്കും. ഒരു തൊഴിലാളിക്ക് ഒരു ഇന്‍ഷുറന്‍സ് കാര്‍ഡ് എന്ന നിലയിലാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ സ്വീകരിക്കുന്നത്. ഇപ്രകാരം ഒരു കുടുംബത്തിലെ ഓരോ അംഗത്തിനും ധനസഹായത്തിന് അര്‍ഹതയുണ്ട്. തെഴിലുടമയുടെ കീഴിലല്ലാതെ പ്രവൃത്തിയെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും പദ്ധതിയില്‍ അംഗങ്ങളാകാം.
Next Story

RELATED STORIES

Share it