Flash News

'ആവാസ്'പദ്ധതിക്കു തുടക്കം ; ആദ്യദിനം ചേര്‍ന്നത് 1,00,300ലധികം



തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി സംസ്ഥാന തൊഴില്‍ വകുപ്പ് നടപ്പാക്കുന്ന 'ആവാസ്' പദ്ധതിക്കു തുടക്കമായി. 15,000 രൂപയുടെ ചികില്‍സാ സഹായവും രണ്ടു ലക്ഷം രൂപയുടെ അപകടമരണ ഇന്‍ഷുറന്‍സ് പരിരക്ഷയും തൊഴിലാളികള്‍ക്ക് ഉറപ്പാക്കിയുള്ള പദ്ധതിയുടെ ആനുകൂല്യം ജനുവരി മുതല്‍ ലഭ്യമാവും. സെന്‍ട്രല്‍ സ്റ്റേഡിയത്തി ല്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ കെ ശൈലജ ആദ്യ ആവാസ് കാര്‍ഡ് നല്‍കി പദ്ധതിക്കു തുടക്കമിട്ടു. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളോട് അനുബന്ധിച്ച് അവരുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാനായി സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ക്രഷുകള്‍ ആരംഭിക്കുമെന്നു മന്ത്രി പറഞ്ഞു. പദ്ധതിയുടെ പൈലറ്റ് എറണാകുളം ജില്ലയില്‍ ആരംഭിക്കും. തുടര്‍ന്നു മറ്റു ജില്ലകളിലേക്കു വ്യാപിപ്പിക്കും. ലഭ്യമായ ആനുകൂല്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ കൂടെയുള്ളവരില്‍ എത്തിക്കാന്‍ എല്ലാ ഇതര സംസ്ഥാന തൊഴിലാളികളും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നങ്ങളിലും ആവശ്യങ്ങളിലും സംരക്ഷണ കവചമായി സര്‍ക്കാര്‍ ഒപ്പമുണ്ടാവുമെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. ഉദ്ഘാടനദിവസം 1,00, 300ലധികം രജിസ്‌ട്രേഷന്‍ സംസ്ഥാനമാകെ നടന്നതായും മന്ത്രി അറിയിച്ചു. ആവാസിനു പുറമെ തൊഴിലാളികള്‍ക്കു വൃത്തിയുള്ള താമസകേന്ദ്രങ്ങള്‍ ഉറപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പാലക്കാട് കഞ്ചിക്കോട്ട് 640 തൊഴിലാളികള്‍ക്കു ചുരുങ്ങിയ ചെലവില്‍ വാടകയ്ക്ക് താമസിക്കാന്‍ തയ്യാറാവുന്ന ഫഌറ്റ് സമുച്ചയം ജനുവരിയില്‍ പൂര്‍ത്തിയാവും. ആവാസിനു പുറമെ 2010ല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി രൂപീകരിച്ച പദ്ധതിയിലും ചേരാന്‍ അവസരമുണ്ടെന്നും മന്ത്രി അറിയിച്ചു. മന്ത്രിമാരായ എ സി മൊയ്തീന്‍, കെ ടി ജലീല്‍, ഡോ. എ സമ്പത്ത് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, ആസൂത്രണ ബോര്‍ഡംഗം കെ രവി രാമന്‍, കിലെ ചെയര്‍മാന്‍ വി ശിവന്‍കുട്ടി, അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, ലേബര്‍ കമ്മീഷണര്‍ ഇന്‍ ചാര്‍ജ് അലക്‌സാണ്ടര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it