malappuram local

ആവാസവ്യവസ്ഥയെ തിരിച്ചുപിടിക്കാന്‍ ഒരു കൂട്ടം പരിസ്ഥിതി പ്രവര്‍ത്തകര്‍

ഫഖ്‌റുദ്ധീന്‍  പന്താവൂര്‍
പൊന്നാനി: പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രധാന്യം ഓര്‍മപ്പെടുത്തി ഇന്ന് ലോകമെങ്ങും പരിസ്ഥിതി ദിനം ആഘോഷിക്കുന്നു. മനുഷ്യനെ പ്രകൃതിയിലേയ്ക്ക് അടുപ്പിക്കുക എന്ന സന്ദേശം യാഥാര്‍ഥ്യമാക്കുകയാണ് പൊന്നാനിയിലെ ഒരു കൂട്ടം പരിസ്ഥിതി പ്രവര്‍ത്തകര്‍. ഇല്ലാതാവുന്ന പച്ചപ്പിനെയും തകിടം മറിയുന്ന ആവാസ വ്യവസ്ഥയെയും തിരിച്ചു പിടി്ക്കാന്‍ ഒരു ആല്‍മരത്തിലൂടെ ഓര്‍മപ്പെടുത്തുകയാണ് ഈ കൂട്ടായ്മ.
മാറഞ്ചേരിയില്‍ നിന്നും റോഡ് വികസനത്തിനു വേണ്ടി ഇവര്‍  ആഴ്ചകള്‍ക്കുമുമ്പ്  മുറിച്ച് പൊന്നാനിയില്‍ നട്ട കൂറ്റന്‍ ആല്‍മരത്തിലിപ്പോള്‍  ഇലകള്‍  മുളച്ചു. പ്രകൃതി സ്‌നേഹികളെ ഏറെ സന്തോഷിപ്പിച്ച് 14ഓളം നാമ്പുകളാണ് ആല്‍മരത്തില്‍ തളിരിട്ടത്. ഒരു വിഭാഗം ആളുകളുടെ ശക്തമായ എതിര്‍പ്പും പരിഹാസവും മുഖവിലക്കെടുക്കാതെ വലിയൊരു തുക ചെലവഴിച്ച് 36 ദിവസത്തെ കഠിന പരിശ്രമത്തിനാണ് ഒടുവില്‍ പ്രകൃതിതന്നെ മനോഹരമായ അംഗീകാരം നല്‍കിയത്. ഒപ്പം നില്‍ക്കാന്‍ മാറഞ്ചേരി പഞ്ചായത്ത് അധികൃതരും ഒരു കൂട്ടം പരിസ്ഥിതി പ്രവര്‍ത്തകരും ഒപ്പം നിന്നതോടെ കാര്യങ്ങള്‍ എളുപ്പമായി.
വികസനം വേണോ ആല്‍മരം വേണോ എന്നു ചോദിച്ചപ്പോള്‍ അന്ന്  അധിക്യതര്‍ മരം മുറിക്കുകയാണ് ചെയ്തത്. നാട്ടുകാര്‍ പറഞ്ഞത് രണ്ടും വേണമെന്നാണ്. അതോടെയാണ് മുറിച്ച മരത്തിന് ജീവന്‍ തിരികെ നല്‍കാന്‍ ഒരു കൂട്ടം പ്രകൃതിസ്‌നേഹികള്‍ രംഗത്തിറങ്ങിയത്. റോഡ് വീതികൂട്ടലിന്റെ ഭാഗമായി മാറഞ്ചേരി സെന്ററിലെ ആല്‍മരം മുറിച്ചുമാറ്റാന്‍ മരാമത്ത് വകുപ്പ് തീരുമാനിച്ചപ്പോള്‍ ആ മരത്തെ വേരൊടെ പിഴുതെടുത്ത് ഏറെ അകലെയുള്ള പൊന്നാനിയില്‍ നട്ടു.
പൊന്നാനിയിലെ നിള കലാഗ്രാമം പൈതൃക പദ്ധതിയുടെ വളപ്പിലാണ് മൂന്നാഴ്ച മുമ്പ് പറിച്ചുനട്ട ആല്‍മരം പുതിയ ഇലകള്‍ നാമ്പിട്ട് അതിജീവനത്തിന്റെ നല്ല പാഠം നല്‍കുന്നത്. ഇതോടെ വികസനമെന്നാല്‍ മുറിച്ചുമാറ്റല്‍ മാത്രമല്ല പുനരധിവാസത്തിന്റെ മാറ്റിസ്ഥാപിക്കല്‍ കൂടിയാണെന്ന് ഒരു കൂട്ടം പരിസ്ഥിതി പ്രേമികള്‍ കാണിച്ചുതന്നു. ഇതിനെല്ലാം നന്ദി പറയേണ്ടത് ആല്‍മരത്തെ മരിക്കാന്‍ വിട്ടുകൊടുക്കരുതെന്ന് ആവശ്യപ്പെട്ടു മുന്നിട്ടിറങ്ങിയ പരിസ്ഥിതിപ്രവര്‍ത്തകരുടെ വിവിധ കൂട്ടായ്മകളോടാണ്.
പിന്തുണയുമായി പഞ്ചായത്ത് ഭരണസമിതിയും പ്രതിപക്ഷവും നാട്ടുകാരും സ്ഥലം എംഎല്‍എ കൂടിയായ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും മുന്നോട്ടുവന്നതോടെ കാര്യങ്ങള്‍ സജീവമായി. തുടര്‍ന്ന് മിഷന്‍ ബോധി എന്ന പേരില്‍ വാട്—സാപ് ഗ്രൂപ്പ് രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.  മരം പൊന്നാനിയില്‍ നടാനായി 60,000 രൂപയോളമാണ് ചെലവ് വന്നത്. ഇതിന് ഇപ്പോഴും മുഴുവന്‍ തുക പിരിച്ചുകിട്ടിയിട്ടില്ല. എന്നാലും കൂറ്റന്‍ ആല്‍മരത്തെ പരിചരിക്കുന്നതില്‍ ഇവര്‍ പിന്നോട്ടില്ല. കൃത്യമായി പരിചരിക്കുന്നതുകൊണ്ടു് മരം ഉണങ്ങാതെ വളര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. അനിവാര്യമായ വികസനത്തിന് വൃക്ഷങ്ങള്‍ പാടെ മുറിച്ച് മാറ്റല്‍ മാത്രമല്ല, സാങ്കേതിക സൗകര്യങ്ങള്‍ പുരോഗമിച്ച ഈ കാലത്ത് അവയുടെ പുനരധിവാസം കൂടി സാധ്യമാണെന്ന വലിയൊരു അവബോധം സമൂഹത്തിന് നല്‍കാന്‍ മരം മാറ്റി സ്ഥാപിച്ചതിലൂടെ ഈ കൂട്ടായ്മക്ക് കഴിഞ്ഞു.
Next Story

RELATED STORIES

Share it