ആവശ്യമെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് രാഗേഷ്

കണ്ണൂര്‍: നല്ല കോണ്‍ഗ്രസുകാരനായി ജീവിക്കാന്‍ ആരുടെയും ഔദാര്യം വേണ്ടെന്നും ആവശ്യമെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കേണ്ടി വരുമെന്നും കണ്ണൂരിലെ കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷ്.
കോര്‍പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കു പിന്തുണ നല്‍കിയ ശേഷം കെപിസിസി പ്രസിഡന്റ് വി എം സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തലയും കണ്ണൂര്‍ ഡിസിസിക്കും കെ സുധാകരനും പിന്തുണയുമായെത്തിയപ്പോഴാണ് രാഗേഷിന്റെ പരാമര്‍ശം. തെറ്റുപറ്റിയത് തനിക്കല്ല. കോണ്‍ഗ്രസ് നേതൃത്വത്തിനാണ്. സ്ഥാനമാനങ്ങള്‍ വേണ്ടെന്നു പ്രഖ്യാപിച്ച തനിക്ക് ആരുടെയും ആശ്രിതവാല്‍സല്യത്തോടെ കഴിയേണ്ട ഗതികേടില്ല. ഡിസിസിയെ തള്ളിപ്പറയാന്‍ കെപിസിസി പ്രസിഡന്റിനാവില്ല. അങ്ങനെ ചെയ്താല്‍ പിറ്റേന്ന് ഡിസിസി പിരിച്ചുവിടേണ്ടി വരും. പയ്യാമ്പലത്തുള്ള പിതാവിന്റെ സ്മൃതി മണ്ഡപത്തില്‍ ചുവന്ന പെയിന്റടിച്ചത് കോണ്‍ഗ്രസിലെ ചില ക്ഷുദ്രജീവികളാണെന്നാണു സംശയം. ചില സംസ്‌കാരമില്ലാത്തവരുണ്ട്. കെ സുധാകരന്റെ മുന്‍ ഡ്രൈവറുള്‍പ്പെടെയുള്ളവരാവാനാണു സാധ്യത. നേരത്തേ പയ്യാമ്പലം ശ്മശാനവിഷയത്തിലും ഇവര്‍ ഇടപെട്ടിരുന്നു. റിയല്‍ എസ്റ്റേറ്റുകാര്‍ക്കു വേണ്ടിയാണ് അന്ന് രംഗത്തെത്തിയത്. അത്തരക്കാര്‍ക്ക് പയ്യാമ്പലത്തെ സ്തൂപങ്ങളിലെല്ലാം ഒരു കണ്ണുണ്ട്. അതായിരിക്കാം അക്രമത്തിനു കാരണമെന്നാണു സംശയിക്കുന്നത്. കുറ്റക്കാര്‍ ആരായാലും പിടികൂടണം. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കു നടന്ന തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാതിരുന്നത് തന്റെ ആവശ്യം അതല്ലാത്തതിനാലായിരുന്നു. യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കുമെന്നാണ് താന്‍ പറഞ്ഞത്. താന്‍ പിന്തുണയ്ക്കുകയാണെങ്കില്‍ യുഡിഎഫ് ഡെപ്യൂട്ടി മേയര്‍ സ്ഥാനം രാജിവയ്ക്കുമെന്ന് അറിയിച്ചിരുന്നെങ്കില്‍ ഇടതുപക്ഷത്തിന് വോട്ട് ചെയ്യാന്‍ വരുമായിരുന്നുവെന്നും പി കെ രാഗേഷ് തേജസിനോടു പറഞ്ഞു.
Next Story

RELATED STORIES

Share it