thrissur local

ആവശ്യത്തിന് ജീവനക്കാരില്ല : തൃശൂര്‍ മൃഗശാലയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു



തൃശൂര്‍: വരുമാനത്തില്‍ റെക്കോഡ് കുതിപ്പു തുടരുന്ന തൃശൂര്‍ മൃഗശാലയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ജീവനക്കാരുടെ കുറവു മൂലം താളം തെറ്റുന്നു. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതിനാല്‍ ചില്‍ഡ്രന്‍സ് പാര്‍ക്കടക്കമുള്ളവയുടെ പ്രവര്‍ത്തനം അവതാളത്തിലായി. വരുമാനത്തിലും സന്ദര്‍ഷകരുടെ എണ്ണത്തിലും ഇരട്ടിയിലധികം വര്‍ധനയുണ്ടായിട്ടും മൃഗശാലയില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. 2013-14 കാലയളവില്‍ അഞ്ചേമുക്കാല്‍ ലക്ഷം സന്ദര്‍ശകരെത്തിയ മൃഗശാലയുടെ വരുമാനം 67 ലക്ഷം രൂപയായിരുന്നു. എന്നാല്‍ 2016-17 കാലയളവില്‍ 12 ലക്ഷത്തോളം സന്ദര്‍ശകരും ഒരു കോടി 74 ലക്ഷത്തിലധികം വരുമാനവുമാണ് ലഭിച്ചത്. സന്ദര്‍ശകരും വരുമാനവും നാള്‍ക്കുനാള്‍ വര്‍ധിക്കുന്ന മൃഗശാലയില്‍ ഇക്കാലയളവില്‍ ഉണ്ടായ വികസന പ്രവര്‍ത്തനങ്ങളും ചെറുതല്ല. ത്രീഡി തിയറ്ററും ചില്‍ഡ്രന്‍സ് പാര്‍ക്കും ക്ലോക്ക് റൂമുമെല്ലാം ഇവയില്‍ ചിലതു മാത്രമാണ്.59 ജീവനക്കാരുമായാണ് നിലവില്‍ മൃഗശാല പ്രവര്‍ത്തനം മുന്നോട്ടുപോകുന്നത്. ത്രീഡി തിയറ്ററും ചില്‍ഡ്രന്‍സ് പാര്‍ക്ക്, മ്യൂസിയം കൗണ്ടര്‍ എന്നിവിടങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെല്ലാം മറ്റ് ജീവനക്കാരെ പകരം നിയോഗിച്ചാണ് പലപ്പോഴും നിര്‍വഹിക്കുന്നത്. തിരക്കേറിയ ദിവസങ്ങളിലാണ് പ്രതിസന്ധി വര്‍ധിക്കുന്നത്. കുട്ടികളെറെയെത്തുന്ന ചില്‍ഡ്രന്‍സ് പാര്‍ക്കിലെ റൈഡുകള്‍ പലതും പ്രവര്‍ത്തിപ്പിക്കാന്‍ ആളില്ലാതെ നിശ്ചലമാകുന്നതും പതിവാണ്. ജീവനക്കാരുടെ അഭാവം പലകുറി വകുപ്പ്തലത്തില്‍ അറിയിച്ചിട്ടുണ്ടെങ്കിലും നടപടികള്‍ വൈകുന്നത് വരുമാന കുതിപ്പ് നടത്തുന്ന ഈ മൃഗശാലയുടെ ശോഭ കെടുത്തുമോ എന്ന ആശങ്കയിലാണ് അധികൃതര്‍. കോടികള്‍ മുടക്കി നിര്‍മ്മിക്കുന്ന പല സര്‍ക്കാര്‍ പദ്ധതികളും നാമാവശേഷമായി മാറുന്നിടത്താണ് 86 ലക്ഷം രൂപ ചിലവില്‍ മൃഗശാലയില്‍ നിര്‍മ്മിച്ച ത്രീഡി തിയറ്റര്‍ കേവലം 32 മാസം കൊണ്ട് 72 ലക്ഷത്തില്‍പരം രൂപ വരുമാനം നേടിക്കൊടുത്തത് എന്നത് ജീവനക്കാരുടെ അഭാവത്തിലും അഭിനന്ദാര്‍ഹമായ നേട്ടമാണ്. ആദ്യഘട്ടം പൂര്‍ത്തിയായ അനകോണ്ട പാര്‍ക്കും ഔഷധോദ്യാനത്തിനു സമീപത്തായി വരാന്‍ പോകുന്ന നീരാളിയുടെ ആകൃതിയിലുള്ള രണ്ടേമുക്കാല്‍ കോടിയുടെ അക്വേറിയവും ഭാവിയിലേക്കുള്ള മൃഗശാലയുടെ കുതിച്ചുചാട്ടത്തിനു നിര്‍ണായക പങ്കാവും വഹിക്കുക.
Next Story

RELATED STORIES

Share it