Kottayam Local

ആവശ്യത്തിനു ജീവനക്കാരില്ല: എരുമേലിയില്‍ വൈദ്യുതി തടസ്സം; പരാതികളുമായി നാട്ടുകാരും ജീവനക്കാരും

എരുമേലി: എരുമേലിയില്‍ വൈദ്യുതി വിതരണം അടിക്കടി തകരാറിലാവുന്നതിനെതിരേ പരാതി പ്രളയം. സെക്ഷന്‍ വിഭജിക്കുകയോ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുകയോ ചെയ്തില്ലെങ്കില്‍ തകരാറുകള്‍ക്ക് മോചനമുണ്ടാവില്ലെന്ന് ജീവനക്കാര്‍ പരാതിപ്പെടുന്നു. ഇക്കാര്യങ്ങള്‍ തങ്ങള്‍ക്കറിയേണ്ടെന്നും മെച്ചപ്പെട്ട സേവനം നല്‍കാന്‍ കെഎസ്ഇബി ബാധ്യസ്ഥരാണെന്നും നാട്ടുകാര്‍ പറയുന്നു.
ദിവസങ്ങളായുള്ള വൈദ്യുതി മുടക്കം ഏറ്റവുമധികം പ്രതികൂലമായി ബാധിച്ചിരിക്കുന്നത് ടൗണുകളിലും കിഴക്കന്‍ മലയോര മേഖലയിലുമാണ്. പരാതികള്‍ അറിയിക്കാന്‍ വിളിച്ചാല്‍ കെഎസ്ഇബി സെക്ഷന്‍ ഓഫിസില്‍ ഫോണ്‍ എടുക്കുന്നില്ലെന്നാണ് പ്രധാന പരാതി. ഇതേ ചൊല്ലി കഴിഞ്ഞയിടെ രാത്രിയില്‍ ഓഫിസില്‍ ജീവനക്കാരനെ തടഞ്ഞുവെയ്ക്കുകയും കല്ലേറുണ്ടാവുകയും ചെയ്തു. ഓഫിസിലെത്തി നേരിട്ട് പരാതി നല്‍കുകയാണ് ഇപ്പോള്‍ മിക്കവരും. എരുമേലി സെക്ഷന്‍ പരിധിയില്‍ 22,000ല്‍ പരം ഉപാേക്താക്കളാണുള്ളത്. ഇത് പ്രകാരം 32 ജീവനക്കാരാണ് വേണ്ടത്. എന്നാല്‍ 20 പേരാണ് ജോലിക്കുള്ളത്. മറ്റ് തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.
കിലോമീറ്ററുകളോളം തോട്ടങ്ങളും മലയോര പ്രദേശങ്ങളുമാണ്. കാറ്റിലും മഴയിലും മരങ്ങള്‍ വീണ് വൈദ്യുതി ലൈനുകള്‍ തകരുന്നത് പതിവാണ്. ഇതു കൂടാതെ കാഞ്ഞിരപ്പള്ളി, മുണ്ടക്കയം എന്നിവിടങ്ങളില്‍ നിന്ന് എരുമേലിയിലേക്കു വൈദ്യുതിയെത്തിക്കുന്ന മെയിന്‍ ഫീഡര്‍ ലൈനുകളും അടിക്കടി തകരാറിലാകുന്നു. ജീവനക്കാരുടെ കുറവ് മൂലം മഴക്കാലം മുന്‍നിര്‍ത്തിയുള്ള ടച്ചിങ് വെട്ടിമാറ്റല്‍ ജോലികള്‍ ഇത്തവണ വൈകിയാണ് ആരംഭിച്ചത്. കിഴക്കന്‍ മേഖലക്ക് പുതിയ സെക്ഷന്‍ അനുവദിച്ചാല്‍ വൈദ്യുതി വിതരണത്തിലെ അപാകതകള്‍ ഒഴിവാക്കാമെന്ന് ജീവനക്കാര്‍ പറയുന്നു.
എന്നാല്‍ നാളുകളായി ഉയരുന്ന ഈ ആവശ്യം കഴിഞ്ഞയിടെ അനുമതിയുടെ വക്കിലെത്തിയെങ്കിലും ബോര്‍ഡിന്റെ എതിര്‍പ്പുമൂലം നിരസിക്കപ്പെടുകയായിരുന്നു. വൈദ്യുതി മുടക്കം നീണ്ടാല്‍ ശക്തമായ സമരം നടത്തുമെന്ന് വ്യാപാര വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ അറിയിച്ചു. തുടര്‍ച്ചായി വൈദ്യുതി തടസ്സപ്പെടുന്നതില്‍ വിവിധ രാഷ്ട്രീയ സംഘടനകളും പ്രതിഷേധമറിയിച്ചു.
Next Story

RELATED STORIES

Share it