ആവശ്യങ്ങള്‍ അംഗീകരിച്ചു; ചിത്രലേഖയുടെ സമരം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കല്‍ ദലിത് ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ നടത്തിവന്ന സമരത്തിനു വിജയകരമായ പരിസമാപ്തി. ചിത്രലേഖയുടെ മൂന്ന് ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചതിനെത്തുടര്‍ന്ന് സമരം ഇന്ന് അവസാനിപ്പിക്കും. ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ചിത്രലേഖയ്ക്കു ലഭിച്ചു.
സര്‍ക്കാര്‍ വാക്കു പാലിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ 46 ദിവസമായി സമരത്തിലായിരുന്നു ചിത്രലേഖ. സര്‍ക്കാരിന് വാക്കു പാലി—ക്കാനായില്ലെങ്കില്‍ തനിക്ക് ദയാവധം നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ചിത്രലേഖ മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതിയിരുന്നു. ചിത്രലേഖയ്ക്ക് ഭൂമി നല്‍കാന്‍ കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. കണ്ണൂര്‍ ജില്ലയില്‍ ചിറയ്ക്കല്‍ വില്ലേജില്‍ ഇറിഗേഷന്‍ വകുപ്പിന്റെ അധീനതയിലുള്ള 74 സെന്റ് ഭൂമിയില്‍ നിന്നു 5 സെന്റ് ഭൂമിയാണ് സൗജന്യമായി അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സാധാരണയായി ഒരു സെന്റ് ഭൂമിപോലും സ്വന്തമായില്ലാത്തവര്‍ക്കാണ് സര്‍ക്കാര്‍ ഭുമി അനുവദിക്കുന്നത്. ചിത്രലേഖയ്ക്ക് സ്വന്തമായി ഭുമിയുള്ളതിനാല്‍ ഭൂമി അനുവദിക്കാന്‍ കഴിയില്ലെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ റിപോര്‍ട്ട് ചെയ്‌തെങ്കിലും പ്രത്യേക ചട്ടം ഉപയോഗിച്ച് ഭൂമി അനുവദിക്കുകയായിരുന്നു.
11 വര്‍ഷമായി സൈ്വരമായി ജോലി ചെയ്ത് ജീവിക്കാന്‍വേണ്ടി നടത്തുന്ന അതിജീവന സമരത്തിന്റെ ഭാഗമായി 122 ദിവസം കണ്ണൂര്‍ കലക്ടറേറ്റിനു മുന്നില്‍ രാപ്പകല്‍ സമരത്തിലായിരുന്നു ചിത്രലേഖ.
സ്വന്തം ഭൂമിയില്‍ സിപിഎമ്മിന്റെ ജാതീയ ആക്രമണത്താല്‍ താമസിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പകരം ഭൂമി നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞവര്‍ഷം ഫെബ്രുവരി 23ന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ വിളിക്കുകയും സമരാവശ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്തു. സമരം മുഖ്യമന്ത്രിയുടെ ഉറപ്പുകളെ തുടര്‍ന്നാണ് ചിത്രലേഖ അവസാനിപ്പിച്ചത്.
കണ്ണൂര്‍ ടൗണിനടുത്ത് ഏതെങ്കിലും പഞ്ചായത്തില്‍ അഞ്ച് സെന്റ് ഭൂമി കണ്ടെത്തി നല്‍കാന്‍ ജില്ലാ കലക്ടറോട് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. സിപിഎം നല്‍കിയ കള്ളക്കേസുകള്‍ പിന്‍വലിക്കാമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, ആറ്മാസം പിന്നിട്ടിട്ടും ഉറപ്പുകള്‍ പാലിക്കപ്പെടാത്തതിനെത്തുടര്‍ന്നാണ് സമരം തിരുവനന്തപുരത്തേക്കു മാറ്റിയത്. ചിത്രലേഖക്കെതിരേ പയ്യന്നൂര്‍ കോടതിയില്‍ നിലവിലുള്ള മുന്ന് കേസുകള്‍ പിന്‍വലിക്കാനും സര്‍ക്കാര്‍ തീരുമാനമായി. സര്‍ക്കാര്‍ നല്‍കുന്ന അഞ്ച് സെന്റില്‍ വീടു വെക്കുന്നതിന് സാമ്പത്തികസഹായത്തിനും ഉത്തരവായിട്ടുണ്ട്.
വിവിധ സംഘടനകളുടെ സംയുക്ത സമരസമിതി ചിത്രലേഖയുടെ രാപ്പകല്‍ സമരത്തിനു പിന്തുണ നല്‍കിയിരുന്നു
Next Story

RELATED STORIES

Share it