kasaragod local

ആവശ്യം 55,287 കിലോമീറ്റര്‍ സര്‍വീസ്: ഓടുന്നത് 47,211 കിലോമീറ്റര്‍ മാത്രം

കാസര്‍കോട്: ഇന്ധനക്ഷാമത്തെ തുടര്‍ന്ന് ജില്ലയിലെ കെഎസ്ആര്‍ടിസി സര്‍വീസ് കുത്തനെ വെട്ടിക്കുറച്ചു. കാസര്‍കോട് ഡിപ്പോയില്‍ നിന്നും 36,287 കിലോമീറ്റര്‍ സര്‍വീസും കാഞ്ഞങ്ങാട് സബ് ഡിപ്പോയില്‍ നിന്ന് 19,000 കിലോമീറ്ററുമാണ് സര്‍വീസ് നടത്തിയിരുന്നത്. എന്നാല്‍ ഇന്ധനക്ഷാമത്തേ തുടര്‍ന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി കാസര്‍കോട് ഡിപ്പോയില്‍ നിന്ന്് 32,211 കിലോമീറ്ററും കാഞ്ഞങ്ങാട് ഡിപ്പോയില്‍ നിന്ന് 15,000 കിലോമീറ്ററുമായി വെട്ടിച്ചുരുക്കി. കാസര്‍കോട്് ഡിപ്പോയില്‍ 103 ബസുകളില്‍ 93 ഷെഡ്യൂളുകളായാണ് ഇത്രയും സര്‍വീസ് നടത്തുന്നത്. ഒരു ദിവസം 7,907 ലിറ്റര്‍ ഡീസല്‍ അനുവദിച്ചിരുന്നത്. എന്നാല്‍ ഇപ്പോല്‍ 6,236 ലിറ്ററായി കുറച്ചോടെ പല ഷെഡ്യൂളുകളും വെട്ടിക്കുറച്ചിരിക്കുകയാണ്. കേരള-കര്‍ണാടക സംസ്ഥാനങ്ങള്‍ തമ്മിലുള്ള ധാരണപ്രകാരം കാസര്‍കോട് ഡിപ്പോയില്‍ നിന്നും മംഗളൂരുവിലേക്ക് 42 സര്‍വീസുകളും സുള്ള്യയിലേക്ക് ആറ് സര്‍വീസുകളും പുത്തൂരിലേക്ക് ആറ് സര്‍വീസുകളും സുബ്രഹ്മണ്യയിലേക്ക് ഒരു സര്‍വീസുമാണ്് കെഎസ്ആര്‍ടിസി നടത്തുന്നത്. എന്നാല്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ ധാരണ നിലനില്‍ക്കുന്നതിനാല്‍ ഈ സര്‍വീസുകളും കണ്ണൂരിലേക്കുള്ള 10 ടൗണ്‍ ടു ടൗണ്‍ സര്‍വീസുകളും വെട്ടിക്കുറക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്. ഇതുകൊണ്ട് മലയോര മേഖലളിലേക്കും തീരദേശ പ്രദേശങ്ങളിലേക്കുമുള്ള ഷെഡ്യൂളുകളാണ്് പ്രതിസന്ധിയെ തുടര്‍ന്ന് വെട്ടിക്കുറച്ചിരിക്കുന്നത്. കാസര്‍കോട്, കാഞ്ഞങ്ങാട് ഡിപ്പോകളില്‍ നിന്നുള്ള മലയോര മേഖലകളിലേക്കുള്ള സര്‍വീസുകള്‍ കഴിഞ്ഞ ഒരാഴ്ചയായി മുടങ്ങുന്നത് പതിവാണ്. സ്വകാര്യ ബസുകള്‍ കുറവായ മേഖലകളില്‍ കെഎസ്ആര്‍ടിസിയെ മാത്രം ആശ്രയിക്കുന്നവര്‍ക്ക് ഇത് കനത്ത തിരിച്ചടിയാണ്. നേരത്തെ മംഗളൂരുവിലേക്ക് 1.40 മണിക്കൂറാണ് റണ്ണിങ് ടൈമെങ്കില്‍ ഇപ്പോള്‍ റോഡ് തകര്‍ന്നതിനാല്‍ രണ്ടരമണിക്കൂറോളം വേണ്ടിവരുന്നു. എന്നാലും സര്‍വീസ് മുടക്കാതെ അന്തര്‍സംസ്ഥാന സര്‍വീസ് കാര്യക്ഷമമായി നടത്തുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ദേശസാല്‍കൃത റൂട്ടായ കാസര്‍കോട്-കാഞ്ഞങ്ങാട് ചന്ദ്രഗിരിപാതയില്‍ നേരത്തെ മൂന്ന് മിനുട്ടില്‍ ഒരു സര്‍വീസ് നടത്തിയിരുന്നു. ഇപ്പോഴത് 10 മിനുട്ടില്‍ ഒന്നാക്കി കുറച്ചിട്ടുണ്ട്. റോഡ് തകര്‍ന്നതിനാല്‍ ടയറും സ്‌പെയര്‍ പാര്‍ട്‌സുകളും തകര്‍ന്ന് ബസുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. കൃത്യസമയത്ത് ടയറുകളും സ്‌പെയര്‍പാര്‍ട്‌സുകളും എത്താത്തതും ജീവനക്കാരുടെ കുറവും സര്‍വീസിന്റെ കാര്യക്ഷമതയെ ബാധിക്കുന്നുണ്ട്. കാഞ്ഞങ്ങാട് ഡിപ്പോയില്‍ നിന്ന് 58 ബസുകളാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. 19,000 കിലോമീറ്റര്‍ സര്‍വീസ് നടത്തേണ്ടത്. എന്നാല്‍ ഇന്ധനക്ഷാമത്തേ തുടര്‍ന്ന് 15,000 കിലോമീറ്ററായി വെട്ടിച്ചുരുക്കിയിരിക്കുകയാണ്. ഡീസലില്ലാത്തതിനാല്‍ രാവിലെ തുടങ്ങിയ പല ഷെഡ്യൂളുകളും ഉച്ചയോടെ നിര്‍ത്തിവെച്ചിട്ടുണ്ട്. ഇത് യാത്രക്കാരെ സാരമായി ബാധിക്കുന്നുണ്ട്. മലയോര, തീരദേശ മേഖലയിലെ ജനങ്ങളെയാണ് ഇത് ബാധിക്കുന്നത്. സ്‌പെയര്‍പാര്‍ട്‌സിന്റെ കുറവും ജീവനക്കാരുടെ അഭാവവും കാഞ്ഞങ്ങാട് കെഎസ്ആര്‍ടിസി സബ് ഡിപ്പോയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നു.

Next Story

RELATED STORIES

Share it