ആഴ്‌സനല്‍, ചെല്‍സി, സിറ്റി മുന്നോട്ട്; മാഞ്ചസ്റ്റര്‍ രക്ഷപ്പെട്ടു

ലണ്ടന്‍: പ്രീമിയര്‍ ലീഗിലെ ഗ്ലാമര്‍ ടീമുകളായ ആഴ്‌സനല്‍, ചെല്‍സി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി എന്നിവര്‍ വിജയത്തോടെ എഫ്എ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ നാലാം റൗണ്ടിലേക്ക് മുന്നേറി.
ഇന്നലെ നടന്ന മല്‍സരത്തില്‍ ചെല്‍സി 2-0ന് സ്‌കന്‍തോര്‍പ് യുനൈറ്റഡിനെ പരാജയപ്പെടുത്തിയപ്പോള്‍ നിലവിലെ ചാംപ്യന്‍മാരായ ആഴ്‌സനല്‍ 3-1ന് സണ്ടര്‍ലാന്റിനെ തകര്‍ത്തുവിടുകയായിരുന്നു. സിറ്റി എതിരില്ലാത്ത മൂന്നു ഗോളിന് നോര്‍വിച്ചിനെ തകര്‍ത്തപ്പോള്‍ മാഞ്ചസ്റ്റര്‍ 1-0ന് മൂന്നാം ഡിവിഷന്‍ ക്ലബ്ബായ ഷെഫീല്‍ഡ് യുനൈറ്റഡിനോട് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
പന്തടക്കത്തില്‍ ആധിപത്യം പുലര്‍ത്തിയിട്ടും ആക്രമിച്ചു കളിക്കുന്നതില്‍ മാഞ്ചസ്റ്റര്‍ നിറംമങ്ങുകയായിരുന്നു. ഫൈനല്‍ വിസിലിന് സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ പെനാല്‍റ്റി ഭാഗ്യത്തിലൂടെയാണ് മാഞ്ചസ്റ്റര്‍ വിജയഗോള്‍ നേടിയത്. ക്യാപ്റ്റന്‍ വെയ്ന്‍ റൂണിയാണ് പെനാല്‍റ്റിയിലൂടെ മാഞ്ചസ്റ്ററിനെ നാലാം റൗണ്ടിലേക്ക് കരകയറ്റിയത്. ഡിയേഗോ കോസ്റ്റ, റൂബന്‍ ലോട്ടസ് ചീക്ക് എന്നിവരാണ് സ്‌കന്‍തോര്‍പിനെതിരേ ചെല്‍സിക്കു വേണ്ടി നിറയൊഴിച്ചത്. ചെല്‍സിക്കു വേണ്ടി ചീക്ക് നേടുന്ന ആദ്യ ഗോള്‍ കൂടിയാണിത്.
ഒരു ഗോളിന് പിന്നില്‍ നിന്നതിനു ശേഷമാണ് ജോള്‍ കാംപെല്‍, ആരോണ്‍ റെംസി, ഒലിവര്‍ ജിറൂഡ് എന്നിവരുടെ ഗോളുകളിലൂടെ സണ്ടര്‍ലാന്റിനെതിരേ ആഴ്‌സനല്‍ ആധികാരിക ജയം നേടിയത്.
നോര്‍വിച്ചിനെതിരേ സിറ്റിക്കു വേണ്ടി സെര്‍ജിയോ അഗ്വേറോ, കെലച്ചി ഇയാനാച്ചോ, കെവിന്‍ ഡിബ്രുയ്ന്‍ എന്നിവരാണ് സ്‌കോര്‍ ചെയ്തത്.
Next Story

RELATED STORIES

Share it