Flash News

ആഴ്‌സനലിനെ കളി പഠിപ്പിക്കാന്‍ ഉനായ് എമെറി

ആഴ്‌സനലിനെ കളി പഠിപ്പിക്കാന്‍ ഉനായ് എമെറി
X


ലണ്ടന്‍: ഒരു പുത്തന്‍ ഉദയവും  ഒരു പുത്തന്‍ യുഗവും  ഒരു പുത്തന്‍ അധ്യായവുമായി പിഎസ്ജിയുടെ മുന്‍ പരിശീലകന്‍ ഉനായ് എമെറി ആഴ്‌സനലിനെ കളി പഠിപ്പിക്കും. ഈ സീസണോടു കൂടി ആഴ്‌സനല്‍ വിട്ട വെറ്ററന്‍ പരിശീലകന്‍ ആഴ്‌സന്‍ വെങറിന് പകരമായാണ് 46 കാരനായ ഉനായ് പുതിയ പരിശീലനവേഷമണിഞ്ഞത്. 15 മില്ല്യന്‍ പൗണ്ടിനാണ് (ഏകദേശം 136 കോടി രൂപ) മൂന്ന് വര്‍ഷത്തെ കരാറാടിസ്ഥാനത്തില്‍ ആഴ്‌സനല്‍ ഉനായെ ടീമിലെടുത്തത്. പിഎസ്ജി വിട്ട എമെറി നേരത്തെ തന്നെ ആഴ്‌സനലിലേക്ക് പോകാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഒടുവില്‍ ഇന്നലെ രാവിലെ ടീം തന്നെയാണ്  ഔദ്യോഗികമായി പുതിയ പരിശീലകനെ പ്രഖ്യാപിച്ചത്.മുന്‍ ബാഴ്‌സലോണ പരിശീലകന്‍ ലൂയിസ് എന്റിക്വേ, കാര്‍ലോസ് ആന്‍സലോട്ടി, മുന്‍ ആഴ്‌സണല്‍ മിഡ്ഫീല്‍ഡര്‍ കൂടിയായ മൈക്കല്‍ ആര്‍ട്ടെറ്റ തുടങ്ങിയവരും പരിശീലക സ്ഥാനത്തേക്ക് പരിഗണനയിലുണ്ടായിരുന്നെങ്കിലും എെമറിക്ക് നറുക്ക് വീഴുകയായിരുന്നു. 2013ല്‍ സെവിയ്യന്‍ പരിശീലക സ്ഥാനം ഏറ്റെടുത്ത ഉനായ് തുടര്‍ച്ചയായ മൂന്ന് സീസണുകളിലും (2014,2015,2016) സ്പാനിഷ് ടീമിനെ യൂറോപ്പാ ലീഗ് ചാംപ്യന്മാരാക്കുന്നതിലൂടെയാണ് ഈ സ്പാനിഷ് കോച്ച് ലോക ഫുട്‌ബോള്‍ ക്ലബിന്റെ ഇഷ്ട കോച്ചായി മാറിയത്. പിന്നീട് 2016ല്‍ സെവിയ്യയില്‍ നിന്ന് ഫ്രഞ്ച് വമ്പന്മാരായ പാരീസ് സെന്റ് ജെര്‍മെയ്‌നിലേക്കെത്തിയ എമെറി അഞ്ച് കിരീടങ്ങളാണ് അവര്‍ക്കൊപ്പം നേടിയത്. ഒരു ഫ്രഞ്ച് ലീഗ് കിരീടവും (2017-18) രണ്ട് ഫ്രഞ്ച് കപ്പും (2017,2018) രണ്ട് ഫ്രഞ്ച് സൂപ്പര്‍ കപ്പും( 2016,2017) ഇതില്‍ ഉള്‍പ്പെടും. എങ്കിലും ചാംപ്യന്‍സ് ലീഗില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നതില്‍ എമെറിയുടെ പിഎസ്ജി പരാജയപ്പെട്ടു.
Next Story

RELATED STORIES

Share it