ആഴ്ചയിലൊരു ടാപ്പിങ്; ശുപാര്‍ശകള്‍ പൂര്‍ണമായി നടപ്പാക്കണം: റബര്‍ബോര്‍ഡ്

കോട്ടയം: പുതിയ വിളവെടുപ്പുരീതിയായ ആഴ്ചയിലൊരു ടാപ്പിങ് സ്വീകരിക്കുന്ന റബര്‍കര്‍ഷകര്‍ അതോടൊപ്പമുള്ള ശുപാര്‍ശകള്‍ പൂര്‍ണമായും അനുവര്‍ത്തിക്കണമെന്ന് റബര്‍ബോര്‍ഡ്. ശുപാര്‍ശ ചെയ്തിരിക്കുന്ന അളവിലും രീതിയിലും ഉത്തേജക ഔഷധം പുരട്ടിക്കൊണ്ട് ആഴ്ചയിലൊരു ടാപ്പിങ് നടത്തുമ്പോള്‍ ഒന്നരാടന്‍ ടാപ്പിങ്ങില്‍ ലഭിക്കുന്ന അത്രയും തന്നെയോ അതില്‍ കൂടുതലോ വാര്‍ഷികവിളവ് ലഭിക്കും. എന്നാല്‍ ടാപ്പിങ്ങിന്റെ ഇടവേള കൃത്യമായി പാലിക്കാതിരുന്നാല്‍ ഇക്കാര്യത്തില്‍ നഷ്ടമുണ്ടാവാം.
ആഴ്ചയിലൊരു ദിവസം എന്ന കണക്കില്‍ വര്‍ഷത്തില്‍ 52 ടാപ്പിങ് കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കണം. എല്ലാ ചൊവ്വാഴ്ചയും ടാപ്പ്‌ചെയ്യുന്ന ഒരു തോട്ടത്തില്‍ ഏതെങ്കിലും അസൗകര്യം നിമിത്തം ഒരു ചൊവ്വാഴ്ച ടാപ്പ് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ തൊട്ടടുത്ത ദിവസം, ടാപ്പിങ് നടത്തിയിരിക്കണം. മാത്രവുമല്ല അടുത്ത ആഴ്ച മുതല്‍ വീണ്ടും ചൊവ്വാഴ്ചകളില്‍ത്തന്നെ ടാപ്പിങ് തുടരണം. ഒരാഴ്ചത്തെ ടാപ്പിങ് പൂര്‍ണമായും വിട്ടുകളഞ്ഞാല്‍ തുടര്‍ന്നങ്ങോട്ട് കാര്യമായ ഉല്‍പാദന നഷ്ടമുണ്ടാവും. ഇത്തരത്തില്‍ കൃത്യമായി 52 ടാപ്പിങ് ലഭിക്കണമെങ്കില്‍ മഴക്കാലത്ത് റെയിന്‍ഗാര്‍ഡിങ് അത്യന്താപേക്ഷിതമാണ്.
മഴക്കാലത്ത് റെയിന്‍ഗാര്‍ഡ് ചെയ്ത് ടാപ്പ് ചെയ്യുമ്പോള്‍ പട്ടചീയലിനെതിരേ പ്രതിരോധനടപടി സ്വീകരിക്കണം. മാങ്കോസെബ് എന്ന കുമിള്‍നാശിനി 5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച ലായനികൊണ്ട് വെട്ടുപട്ടയും വെട്ടുചാലും ആഴ്ചയിലൊരിക്കല്‍ കഴുകുകയാണു വേണ്ടത്. രണ്ടര മില്ലിമീറ്റര്‍ കനത്തിലാണ് ഓരോ ടാപ്പിങ്ങിലും പട്ട അരിയേണ്ടത്. കനം കുറഞ്ഞുപോയാല്‍ ഉല്‍പാദനത്തില്‍ കാര്യമായ കുറവുണ്ടാവും. തണ്ണിപ്പട്ടയോട് ഒരു മില്ലിമീറ്റര്‍ അടുത്തുവരെ ടാപ്പിങ് എത്തണം. അഞ്ചാമത്തെ ടാപ്പിങ്ങിനു 72 മണിക്കൂര്‍ മുമ്പാണ് ഉത്തേജകമരുന്ന് പുരട്ടേണ്ടത്. ഉദാഹരണത്തിന് ചൊവ്വാഴ്ച ദിവസമാണ് ടാപ്പുചെയ്യുന്നതെങ്കില്‍ നാല് ചൊവ്വാഴ്ചകള്‍ക്കു ശേഷം വരുന്ന ശനിയാഴ്ച മരുന്നു പുരട്ടണം.
Next Story

RELATED STORIES

Share it