kannur local

ആഴങ്ങളില്‍ അകപ്പെടുന്നവരെ രക്ഷപ്പെടുത്താന്‍ സ്‌കൂബ ടീം തയ്യാര്‍

കണ്ണൂര്‍: ജലാശയങ്ങളില്‍ അകപ്പെടുന്നവരെ സ്‌കൂബ ഉപയോഗിച്ച് അതിവേഗം രക്ഷപ്പെടുത്താനും പ്രാണവായു നല്‍കി കരയ്‌ക്കെത്തിക്കാനും അഗ്‌നിശമന സേനയുടെ പുതിയ ടീം തയ്യാര്‍. ജില്ലയിലെ വിവിധ ഫയര്‍ ആന്റ് റെസ്‌ക്യൂ സ്‌റ്റേഷനുകളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് ഇന്നലെ കണ്ണൂര്‍ തളാപ്പ് സുന്ദരേശ്വര ക്ഷേത്രക്കുളത്തില്‍ സ്‌കൂബ പരിശീലനം നല്‍കി. തളിപ്പറമ്പ് ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ പി വി പവിത്രന്റെ നേതൃത്വത്തിലാണ് നടപടികള്‍.
ഇതിനകം ജില്ലയിലെ അമ്പതോളം ജലാശയങ്ങളില്‍ വിദഗ്ധ പരിശീലനം നടന്നു. വൈകാതെ മുങ്ങല്‍ വിദഗ്ധര്‍ അടക്കമുള്ളവരെ ഉള്‍പ്പെടുത്തി അതാത് സ്റ്റേഷനുകളില്‍ സ്‌കൂബ ടീം രൂപീകരിക്കും. നാടിന്റെ ദുരന്തസാഹചര്യങ്ങളില്‍, പ്രത്യേകിച്ച് ഡാമുകളിലും പുഴകളിലും വെള്ളമുള്ള ക്വാറികളിലും ഇവര്‍ രക്ഷാപ്രവര്‍ത്തനം നടത്തും. അണ്ടര്‍ വാട്ടര്‍ ബ്രീതിങ് മാസ്‌ക്, ഓക്‌സിജന്‍ സിലിണ്ടര്‍, ഡൈവിങ് സ്യൂട്ട് തുടങ്ങിയവയാണ് സ്‌കൂബ ഉപകരണങ്ങള്‍. അന്തരീക്ഷവായു നിറച്ച 30 കിലോ ഭാരമുള്ള സിലിണ്ടറുകളാണ് പ്രധാന ഭാഗം. സിലിണ്ടര്‍ ദേഹത്ത് ഘടിപ്പിച്ച് മാസ്‌ക് ധരിച്ചാണ് വെള്ളത്തിലിറങ്ങുക.
സെല്‍ഫ് കണ്ടെയ്ന്റ് അണ്ടര്‍ വാട്ടര്‍ ബ്രീത്തിങ് അപ്പാരറ്റസ് ആണ് സ്‌കൂബ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നത്. അരമണിക്കൂര്‍ നേരം വെള്ളത്തിനടിയില്‍ പ്രാണവായു നല്‍കാന്‍ സ്‌കൂബക്ക് കഴിയും. ആഴങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ 20 മിനിറ്റ് കഴിയുമ്പോള്‍ കമ്പനം വഴി മുന്നറിയിപ്പ് നല്‍കുന്ന സുരക്ഷാ സംവിധാനം ഇതിനുണ്ട്.
30,000 ലിറ്റര്‍ അന്തരീക്ഷ വായുവാണ് ഉയര്‍ന്ന മര്‍ദം ഉപയോഗിച്ച് നിറക്കുന്നത്. നേരത്തെ സംസ്ഥാനതല പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് രണ്ടു മാസത്തിലൊരിക്കല്‍ തുടര്‍പരിശീലനം നല്‍കും.
Next Story

RELATED STORIES

Share it